നിലവിൽ ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബ് ഏതാണെന്ന് ചോദിച്ചാൽ പലരുടെയും മനസിൽ ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്ന് അൽ നസർ എഫ്സിയുടേതാണ് (Al Nassr FC). 2023 ജനുവരിയിൽ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) എത്തിയതിന് ശേഷമാണ് അൽ നസർ (Al Nassr FC) ഏഷ്യൻ ഫുട്ബോളിലെ ശ്രദ്ധേയ ക്ലബ്ബായത്. നിലവിൽ ലോകമെങ്ങും ആരാധകരുള്ള ക്ലബ്ബായി ഈ സൗദി അറേബ്യൻ സംഘം മാറിക്കഴിഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ സാദിയോ മാനെയെപ്പോലുള്ള സൂപ്പർ താരങ്ങൾ കൂടിയെത്തിയതോടെ അൽ നസർ ജനപ്രീതിയുടെ കാര്യത്തിലും മുന്നിലായി. അതിന് തെളിവാണ് കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയ ഇൻട്രാക്ഷൻ കണക്കിൽ അവരുടെ ഒന്നാം സ്ഥാനം. ഇപ്പോളിതാ ഏറ്റവും പുതിയ സോഷ്യൽ മീഡിയ കണക്കിലും ഒന്നാമന്മാരായിരിക്കുകയാണ് ക്രിസ്റ്റ്യാനോയുടെ അൽ നസർ എഫ്.സി
ഡിസംബർ മാസം ഇൻസ്റ്റഗ്രാം ഇൻട്രാക്ഷനിൽ ഏഷ്യൻ ക്ലബ്ബുകളിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അൽ അലാമി എന്നറിയപ്പെടുന്ന അൽ നസർ. 91 മില്ല്യൺ (9.1 കോടി) ഇൻട്രാക്ഷൻ ഇൻസ്റ്റഗ്രാമിൽ ഡിസംബർ മാസം അൽ നസർ ആരാധകർ നടത്തിയെന്നാണ് കണക്കുകൾ. ഞെട്ടിക്കുന്ന കണക്കുകളാണ് ഇത്. മറ്റൊരു ഏഷ്യൻ ക്ലബ്ബിനും കഴിഞ്ഞ മാസം അൽ നസർ എഫ്സിയുടെ പകുതി ഇൻസ്റ്റഗ്രാം ഇൻട്രാക്ഷനില്ല എന്നതാണ് ശ്രദ്ധേയം. മുൻ മാസങ്ങളിലും ഈ കണക്കിൽ സൗദി പ്രോ ലീഗ് വമ്പന്മാർ തന്നെയായിരുന്നു ഒന്നാമത്.
അതേ സമയം മലയാളി കായിക പ്രേമികൾക്കും അഭിമാനം നൽകുന്ന കാര്യങ്ങളിലൊന്ന് പുറത്ത് വന്ന കണക്കുകളിലുണ്ട്. കഴിഞ്ഞ മാസം കൂടുതൽ ഇൻസ്റ്റഗ്രാം ഇൻട്രാക്ഷൻ നടന്ന ഏഷ്യൻ ക്ലബ്ബുകളിൽ അൽ നസറിന് പിന്നിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ്. 26.3 മില്ല്യൺ (2.6 കോടി) ഇൻസ്റ്റഗ്രാം ഇൻട്രാക്ഷനാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. മുൻപും ഈ നേട്ടത്തിൽ അൽ നസർ എഫ്സിക്ക് പിന്നിൽ രണ്ടാമതെത്തിയിട്ടുണ്ട് മഞ്ഞപ്പട. ഡിസംബർ മാസം കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ മികച്ചതായിരുന്നു. ടീം ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയതും ഡിസംബറിലാണ്.
അതേ സമയം ഇറാൻ ക്ലബ്ബായ എസ്റ്റഗ്ലൽ എഫ്സിയാണ് ഡിസംബറിലെ ഇൻസ്റ്റഗ്രാം ഇൻട്രാക്ഷനിൽ ഏഷ്യയിൽ മൂന്നാമത്. 23.1 മില്ല്യൺ (2.3 കോടി) ഇൻസ്റ്റഗ്രാം ഇൻട്രാക്ഷനാണ് ഇറാനിയൻ ക്ലബ്ബിനുള്ളത്. 2023-24 ഇറാൻ പ്രോ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ക്ലബ്ബാണ് ഇവർ.
അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവിന് ശേഷം ഇൻസ്റ്റഗ്രാം ഇൻട്രാക്ഷനിൽ അൽ നസറിനെ മറികടക്കാൻ മറ്റ് ഏഷ്യൻ ക്ലബ്ബുകൾക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം. മിക്ക മാസങ്ങളിലും രണ്ടാം സ്ഥാനത്തുള്ള ക്ലബ്ബിനേക്കാൾ ഇരട്ടിയിലധികം ഇൻസ്റ്റഗ്രാം ഇൻട്രാക്ഷൻ അൽ നസർ നേടാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ ആരാധകർ ടീമിനെ മുന്നിൽത്തന്നെ നിർത്തുമ്പോൾ കളിക്കളത്തിലും മികച്ച ഫോമിലാണ് അൽ നസർ. നിലവിൽ 2023-24 സീസൺ സൗദി പ്രോ ലീഗിൽ രണ്ടാം സ്ഥാനത്തുണ്ട് അവർ.
കേരള ബ്ലാസ്റ്റേഴ്സും സമൂഹമാധ്യമ കണക്കുകളിലും കളത്തിലെ കണക്കുകളിലും മുന്നിൽ നിൽക്കുന്നു. നിലവിൽ ഐ എസ് എൽ പത്താം സീസൺ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട് കേരള ബ്ലാസ്റ്റേഴ്സ്. ചരിത്രത്തിലെ ആദ്യ കിരീടമാണ് ഈ സീസണിൽ മഞ്ഞപ്പട ലക്ഷ്യം വെക്കുന്നത്.