ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പരിശീലകനെ തേടുകയാണ് ബിസിസിഐ. റിക്കി പോണ്ടിംഗും ജസ്റ്റിന്‍ ലാംഗറും ആന്‍ഡി ഫ്ലവറും ഇന്ത്യന്‍ പരിശീലകനാകാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചു. പിന്നാലെ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എ ബി ഡിവില്ലിയേഴ്‌സിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കായാണ് ഡിവില്ലിയേഴ്‌സ്.
താന്‍ ഇതുവരെ ഒരു ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല. എങ്കിലും തനിക്ക് ആ ജോലി ഇണങ്ങുമെന്ന് കരുതുന്നു. കുറച്ച് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അത് കാലക്രമേണ പഠിക്കും. വർഷങ്ങളായി താൻ ഗ്രൗണ്ടിൽ പ്രയോഗിക്കുന്ന കാര്യങ്ങളാണ് മറ്റ് താരങ്ങൾക്ക് പകർന്ന് നൽകുന്നത്. ഏതൊരു കാര്യവും നന്നായി ചെയ്യാൻ തനിക്ക് സാധിക്കുമെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ഇതുവരെ ഒരു ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനേപ്പറ്റി ചിന്തിച്ചിട്ടില്ല. തീര്‍ച്ചയായും അത് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അത് സ്വീകരിക്കാന്‍ താന്‍ തയ്യാറാണ്. എല്ലാ കാര്യങ്ങളും മാറിവരുമെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.