റിയാദ്: റോഡ് നിയമങ്ങള്‍ ലംഘിച്ചാല്‍ മാത്രമല്ല, വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും ഇനി മുതല്‍ ക്യാമറകള്‍ പണിതരും. സൗദി അറേബ്യയില്‍ ഈ സംവിധാനം അടുത്ത മാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വാഹന ഇന്‍ഷുറന്‍സ് ലംഘനങ്ങളുടെ ഇ-മോണിറ്ററിങ് ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് സൗദി ജനറല്‍ ട്രാഫിക് അതോറിറ്റി അറിയിച്ചു.
2023 ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച മുതല്‍ വാഹന ഇന്‍ഷുറന്‍സ് ലംഘനങ്ങളുടെ ഇ-മോണിറ്ററിങ് ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായും ട്രാഫിക് അതോറിറ്റി വ്യക്തമാക്കി. ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ നിരത്തുകളില്‍ ഇറക്കരുതെന്നാണ് നിയമം. സാധുതയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ റോഡുകളിലെത്തുന്ന എല്ലാ വാഹനങ്ങളും ഇ-മോണിറ്ററിങ് എന്ന യാന്ത്രിക നിരീക്ഷണ സംവിധാനത്തിലൂടെ കണ്ടെത്താനാവുമെന്ന് വകുപ്പ് വെളിപ്പെടുത്തി.
വാഹനം ഉപയോഗിക്കുന്ന പൗരന്മാരും വിദേശികളും ട്രാഫിക് നിയമങ്ങളും നിര്‍ദ്ദേശങ്ങളും പൂര്‍ണമായി പാലിക്കണമെന്നും വാഹനാപകടങ്ങളുണ്ടായാല്‍ ഇരകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വാഹനങ്ങള്‍ക്ക് സാധുതയുള്ള ഇന്‍ഷുറന്‍സ് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ട്രാഫിക് അതോറിറ്റി ആവശ്യപ്പെട്ടു.
സാധുതയുള്ള വാഹന ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ കുറഞ്ഞത് 100 റിയാലും പരമാവധി 150 റിയാലും പിഴ ചുമത്തും. അടുത്തിടെ പരിഷ്‌കരിച്ച ട്രാഫിക് നിയമഭേദഗതി പ്രകാരമാണിത്.
ട്രാഫിക് ക്യാമറകള്‍ സ്ഥാപിച്ചതോടെ രാജ്യത്ത് വാഹനാപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനിടെ സൗദിയിലെ റോഡപകട മരണങ്ങളില്‍ ഏകദേശം 35% കുറവ് വന്നതായി ലോകാരോഗ്യ സംഘന ഈ വര്‍ഷം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അമിതവേഗതയും ചുവപ്പ് സിഗ്നല്‍ അവഗണിക്കുന്നതുമാണ് വാഹനാപകട മരണങ്ങളുടെ ഏറ്റവും പ്രധാന കാരണങ്ങള്‍. ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോവുന്നതും രാജ്യത്തെ അപകട മരണത്തിനുള്ള മുഖ്യകാരണങ്ങളിലൊന്നാണ്. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം, അശ്രദ്ധ എന്നിവയും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു.
വാഹനാപകട നിരക്ക് കുറച്ചുകൊണ്ടുവരാന്‍ സൗദി ജനറല്‍ ട്രാഫിക് അതോറിറ്റി ശ്രമങ്ങള്‍ നടത്തിവരികയാണ്. മറ്റ് വാഹനങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാതിരിക്കുന്നതും വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും മേക്കപ്പ് ഇടുന്നതുമെല്ലാം പിഴ ചുമത്താവുന്ന നിയമലംഘനങ്ങളില്‍ പെടുന്നു.
വിദ്യാര്‍ഥികളെ കയറ്റാനോ ഇറക്കാനോ നിര്‍ത്തിയ സ്‌കൂള്‍ വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുന്നത് കനത്ത പിഴ ചുമത്താവുന്ന നിയമലംഘനമാണ്. കഴിഞ്ഞ ഞായറാഴ്ച പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായതോടെ ട്രാഫിക് വിഭാഗം ഇത് സംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. സ്‌കൂള്‍ ബസ്സുകളെ ഓവര്‍ടേക്ക് ചെയ്താല്‍ 3,000 മുതല്‍ 6,000 റിയാല്‍ വരെയാണ് പിഴ.