കണ്ണൂർ: ഗായിക കെഎസ് ചിത്രക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചിത്രയ്ക്ക് സ്വന്തമായി അഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ. ആ അഭിപ്രായത്തോട് നമ്മള്‍ യോജിക്കണമെന്നില്ല. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ പറയാത്ത കാര്യങ്ങള്‍ പറഞ്ഞെന്ന് പറയുമ്പോള്‍ അതിനെ ചോദ്യം ചെയ്യുമെന്ന് വിഡി സതീശൻ പറഞ്ഞു. സ്ത്രീകള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും എതിരെ സൈബര്‍ ഗുണ്ടകള്‍ നടത്തുന്ന ആക്രമണങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
മുഖ്യമന്ത്രിക്കെതിരെ ആരെങ്കിലും പോസ്റ്റിട്ടാല്‍ അറസ്റ്റു ചെയ്യും. പ്രതിപക്ഷ നേതാക്കള്‍ക്ക് എതിരെയാണെങ്കില്‍ കേസും അന്വേഷണവും ഇല്ല. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുത്. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെയെല്ലാം അടിച്ചൊതുക്കുകയാണ്. ശാരീരികമായി ആക്രമിക്കാന്‍ സാധിക്കാത്തവരെയാണ് സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കുന്നത്. സൈബര്‍ ഇടങ്ങളില്‍ നടക്കുന്നത് ഫാസിസമാണെന്നും വിഡി സതീശൻ പറഞ്ഞു.
കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. അതേസമയം, ചിത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നായിരുന്നു ചിത്രയുടെ വീഡിയോ സന്ദേശം. ചിത്രയെ പിന്തുണച്ച് രംഗത്തെത്തിയ ഗായകൻ ജി വേണുഗോപലിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.
അതേസമയം വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെയും വിഡി സതീശൻ രൂക്ഷവിമർശനമാണ് നടത്തിയത്. യുവജനസമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ചെറുപ്പക്കാരുടെ ചോര ഭൂമിയില്‍ വീഴുന്നത് കണ്ട് ആനന്ദിക്കുന്ന ഇത്രയും ക്രൂരനായ മുഖ്യമന്ത്രി കേരളത്തിന്‍റെചരിത്രത്തില്‍ ഉണ്ടായിട്ടില്ല. തനിക്കെതിരെ ഒരു പ്രതിഷേധവും ഉണ്ടാകാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധിയുള്ള ഏകാധിപതിയായ ഭരണാധികാരിയാണ് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു.
യുവജനസമരങ്ങളെ ക്രൂരമായി കൈകാര്യം ചെയ്യാന്‍ പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധവും പ്രതികരണവും ഉണ്ടാകും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ ഒരുകാലത്തും കാണാത്ത തരത്തില്‍ വീട്ടില്‍ നിന്നും വെളുപ്പാന്‍ കാലത്ത് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. ജാമ്യം കിട്ടി ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന ഘട്ടമായപ്പോള്‍ വീണ്ടും പുതിയ കേസുകള്‍ ഉണ്ടാക്കിയിരിക്കുകയാണ്. ജയിലിന് പുറത്തുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനേക്കാള്‍ ശക്തനാണ് ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പിണറായി വിജയന്‍ ഓര്‍ക്കണം. നൂറുകണക്കിന് ചെറുപ്പക്കാര്‍ക്ക് നേരെ കേസുകളെടുത്ത് അവരുടെ വീടുകളില്‍ പോലീസ് കയറിയിറങ്ങുകയാണ്.
ഒരുകാലത്തും ഇല്ലാത്ത തരത്തില്‍ പോലീസിനെ ഉപയോഗിച്ച് യുവജനങ്ങളെ വേട്ടയാടുകയാണ്. അര്‍ധരാത്രിയിലും വെളുപ്പാന്‍കാലത്തും വീട്ടിലേക്ക് പൊലീസ് ഇരച്ചുകയറുകയാണ്. ഈ സ്ഥിതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഞങ്ങളുടെ സമീപനവും മാറ്റേണ്ടി വരും. ഇതുകൊണ്ടൊന്നും ആരും സമരം നിര്‍ത്താന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം. കേരളത്തെ തകര്‍ത്തതിന് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ഇനിയും ഉണ്ടാകും. നിങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ നൂറിരട്ടി ശക്തിയോടെ ഞങ്ങള്‍ തിരിച്ചടിക്കും. നിങ്ങള്‍ വിഷയം മാറ്റാന്‍ ശ്രമിച്ചാല്‍ അതിന് അനുവദിക്കില്ല.