Entertainment

ജീവിതത്തിൽ അവന്റെ അപ്പനായ ഞാൻ സിനിമയിലും അവന്റെ അച്ഛനായി; ഇല്ലിക്കൽ തോമസ്

Published

on

ടൊവിനോ തോമസ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ടൊവിനോക്കൊപ്പം ചിത്രത്തിൽ പിതാവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ടൊവിനോയുടെ അച്ഛനായിത്തന്നെയാണ് ചിത്രത്തിൽ ഇല്ലിക്കൽ തോമസ് എത്തിയത്. മകനൊപ്പമുള്ള അഭിനയ നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അച്ഛൻ ഇല്ലിക്കൽ തോമസ്. ‘അന്വേഷിപ്പിൻ കണ്ടെത്തും’ മികച്ച സിനിമയാണെന്നും മകനോടൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഇനി അഭിനയിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണിത്. ചിത്രം ഹിറ്റാകുമെന്നാണ് വിശ്വാസം. ടൊവിനോ മാത്രമല്ല ചിത്രത്തിലുള്ള എല്ലാവരും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇതിനു മുമ്പ് ഞാൻ അഭിനയിച്ചിട്ടില്ല. അഭിനയിക്കാൻ വലിയ താൽപര്യവുമില്ല. എന്റെ മേഖല സിനിമയല്ല, ജീവിതത്തിൽ അവന്റെ അപ്പനായ ഞാൻ സിനിമയിലും അച്ഛനായി എത്തിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. അവന്റെ അമ്മക്കും ചിത്രം ഒരുപാട് ഇഷ്ടമായി’ ഇല്ലിക്കൽ തോമസ് പറഞ്ഞു.

‘അഭിനയിക്കുന്ന സമയത്ത് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. കാരണം എന്റെ വേഷം ഇത്രയേ ഒള്ളൂവെന്ന് അറിയാമായിരുന്നു. അങ്ങനെ വലിയ അഭിനയ മുഹൂർത്തങ്ങളൊന്നും ഇല്ലതാനും. ഡാർവിൻ എനിക്കു പറഞ്ഞു തന്നത് ചെയ്യുക എന്നതല്ലാതെ എനിക്കു പ്രത്യേകിച്ചൊന്നും കൂടുതൽ ചെയ്യാനില്ലായിരുന്നു’ തോമസ് കൂട്ടിച്ചേർത്തു.

ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ് ചിത്രത്തിന്റെ സംവിധാനം. ആദ്യ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയ്ക്ക് സംഗീതമൊരുക്കിയത്. അദ്ദേഹം ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version