സമൂഹ മാധ്യമങ്ങളിലും അല്ലാതെയും ശക്തമായ രാഷ്ട്രീയ നിലപാടുകളെ, കാഴ്ച്ചപ്പാടുകളെ കുറിച്ചും വ്യക്തമായ നിലപാടുകൾ പറയുന്ന നടനും സംവിധായകനുമാണ് അനുരാഗ് കശ്യപ്. അടുത്തിടെ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ കുറിച്ച് അനുരാഗ് കശ്യപ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായിരുന്നു. ഷാരൂഖിന്റെ കരിയറിനെ അഭിനന്ദിച്ച നടൻ അദ്ദേഹവുമായി ഒരു സിനിമ ചെയ്യില്ല എന്നാണ് പറഞ്ഞത്.
ഒരിക്കൽ ഷാരൂഖിനൊപ്പം ഒരു സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. എന്നാൽ ഇപ്പോൾ നടന്‍റെ ആരാധകരെ എനിക്ക് ഭയമാണെന്നും ആരാധകർ കാരണം അഭിനേതാക്കൾ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നുവെന്നും ഒരഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു.
സമൂഹ മാധ്യമങ്ങളുടെ ശക്തമായ സ്വാധീനമുള്ള ഈ കാലത്ത് വലിയ താരങ്ങൾക്കുള്ള ആരാധകവൃന്ദം എന്നെ ഭയപ്പെടുത്തുന്നു. ആരാധകർ കാരണം അഭിനേതാക്കൾ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നു. ആരാധകർ അവരിൽ നിന്ന് ഒരേ കാര്യങ്ങൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ആരാധകർ ആ പടം തന്നെ ഒഴിവാക്കുന്നു. അതിനാൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിൽ അഭിനേതാക്കൾ പോലും ഭയപ്പെടുന്നു‘ -അനുരാഗ് പറഞ്ഞു.
ആരാധകർക്ക് വേണ്ടി മാത്രമല്ല തനിക്ക് വേണ്ടി കൂടെയാണ് സിനിമ നിർമിക്കുന്നതെന്നും അനുരാഗ് വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഷാരൂഖിനൊപ്പം പ്രവർത്തിക്കാൻ തനിക്ക് ഭയമാണ്. പത്താൻ താരത്തെ വച്ച് ഒരു സിനിമ ചെയ്താലുള്ള പ്രത്യാഘാതങ്ങളോ അനന്തരഫലങ്ങളോ തനിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും കശ്യപ് കൂട്ടിച്ചേർത്തു. കൂടാതെ അദ്ദേഹത്തിന്‍റെ ആരാധകരെ തൃപ്ത്തിപ്പെടുത്താനും കഴിയില്ല, അനുരാഗ് കൂട്ടിച്ചേർത്തു.