അബുദാബി: അബുദാബിയില്‍ പണികഴിപ്പിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രത്തിന്റെ നിര്‍മാണ പുരോഗതി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. ബാപ്‌സ് ഹിന്ദു മന്ദിര്‍ തലവന്‍ സ്വാമി ബ്രഹ്മവിഹാരിദാസ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ധരിപ്പിച്ചത്. വരുന്ന ജനുവരിയില്‍ ക്ഷേത്രം വിശ്വാസികള്‍ക്കായി തറന്നുകൊടുക്കുമെന്ന് അധികൃതര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
2024 ഫെബ്രുവരി 14ന് നടക്കുന്ന ഉദ്ഘാടന ആഘോഷമായ ‘ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി’യുടെ വിശദാംശങ്ങളും അദ്ദേഹം മോദിയുമായി പങ്കുവച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന അരമണിക്കൂര്‍ കൂടിക്കാഴ്ചയില്‍ യുഎസിലെ ന്യൂജഴ്‌സിയിലെ റോബിന്‍സ്‌വില്ലിലുള്ള ബാപ്‌സ് സ്വാമിനാരായണ മന്ദിറില്‍ നടന്നുവരുന്ന ‘ഫെസ്റ്റിവല്‍ ഓഫ് ഇന്‍സ്പിരേഷനെ’ക്കുറിച്ചുള്ള പുതിയ വിവരങ്ങളും കൈമാറി.
ക്ഷേത്ര നിര്‍മാണം 50 ശതമാനത്തിലേറെ പൂര്‍ത്തിയായിട്ടുണ്ട്. ക്ഷേത്രത്തിന്റെ ത്രി ഡി പ്രിന്റഡ് മാതൃക മോദിക്ക് സമ്മാനിച്ചു. അബുദാബിയില്‍ ക്ഷേത്രം പണിയുന്ന സംഘടനയായ ബാപ്‌സ് സ്വാമിനാരായണന്‍ സന്‍സ്തയുടെ ആത്മീയ തലവനായ സ്വാമി മഹാരാജില്‍ നിന്ന് മോദിക്കുള്ള ആശംസയും ബ്രഹ്മവിഹാരിദാസ് കൈമാറി. കഴിഞ്ഞ മാര്‍ച്ചിലും ക്ഷേത്ര അധികാരികള്‍ മോദിയെ കണ്ട് നിര്‍മാണ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തിരുന്നു.
ഫെബ്രുവരി 14ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തില്‍ ആത്മീയചടങ്ങുകളോടെയാണ് ഉദ്ഘാടനം. ഫെബ്രുവരി 15ന് നടക്കുന്ന പൊതുസമര്‍പ്പണ സമ്മേളനത്തില്‍ യുഎഇയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് മുന്‍കൂര്‍ രജിസ്‌ട്രേഷനിലൂടെ പങ്കുചേരാം. ഉദ്ഘാടന ആഘോഷങ്ങള്‍ സൗഹാര്‍ദ്ദത്തിന്റെ ഏറ്റവും വലിയ ഉത്സവം ആയിരിക്കുമെന്ന് ക്ഷേത്ര പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ഹൈന്ദവ ക്ഷേത്രം ആഗോള ഐക്യത്തിനുള്ള ആത്മീയകേന്ദ്രമായിരിക്കുമെന്നും ഉദ്ഘാടന ആഘോഷങ്ങള്‍ ഇന്ത്യയുടെ കലയും മൂല്യങ്ങളും സംസ്‌കാരവും യുഎഇയിലേക്ക് കൊണ്ടുവരുന്ന ഉത്സവമായിരിക്കുമെന്നും ക്ഷേത്ര പ്രതിനിധികള്‍ അറിയിച്ചു.
അബു മുറൈഖയിലെ 27 ഏക്കര്‍ സ്ഥലത്താണ് വലിയ ശിലാക്ഷേത്രം ഒരുങ്ങുന്നത്. 2015 ഓഗസ്റ്റിലാണ് അബുദാബിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ യുഎഇ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഭൂമി സമ്മാനിച്ചു. 2018 ഫെബ്രുവരിയിലായിരുന്നു തറക്കല്ലിടല്‍.
പിങ്ക് നിറത്തിലുള്ള മണല്‍ക്കല്ല് കൊണ്ടുള്ള നിര്‍മാണങ്ങള്‍ 1,000 വര്‍ഷത്തിലേറെ കാലം കോടുപാടുകളില്ലാതെ നിലനില്‍ക്കും. ഉദ്ഘാടന ചടങ്ങിനെയും രജിസ്‌ട്രേഷനെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, വിശ്വാസികള്‍ക്ക് ഫെസ്റ്റിവല്‍ ഓഫ് ഹാര്‍മണി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ https://festivalofharmony.ae വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.