സാധാരണക്കാരായി സിനിമയിലെത്തുന്നവരെ ഹൃദയത്തിലേക്ക് സ്വീകരിക്കുന്നവരാണ് തമിഴകം. അവരിലൊരാളെപ്പോലെ അവരെ കാണാന്‍ പ്രേക്ഷകര്‍ക്ക് കഴിയും, എംജിആറും ശിവാജി ഗണേശനും രജനി കാന്തും കമല്‍ ഹാസനും വിജയിയുമെല്ലാം സ്വീകരിക്കപ്പെട്ട ആ പട്ടികയിലെ അവസാനത്തെ പേരാണ് വിജയ ഗുരുനാഥ സേതുപതി അഥവാ തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍
വിവിധ സാങ്കല്‍പ്പിക ജീവിത സാഹചര്യത്തില്‍ സ്വയം പ്രതിഷ്ഠിക്കാന്‍ കഴിയുന്നത് അപൂര്‍വ്വമായ നടന വൈഭവമാണ്. സേതുപതി സിനിമയില്‍ തന്നെ അടയാളപ്പെടുത്തുന്നത് തന്റെ മറ്റൊരു വേര്‍ഷനായിട്ടാണ്, അയാള്‍ സേതുപതിയില്‍ നിന്ന് ഒരുതരി പോലും മാറുന്നില്ല, സിനിമാ പ്രമോഷന്‍ വേളകളില്‍ അയാള്‍ സംസാരിക്കുന്നതും യഥാര്‍ത്ഥ ജീവിതത്തില്‍ രാഷ്ട്രീയം പറയുന്നതും മനുഷ്യരോട് ഇടപെടുന്നതുമെല്ലാം ഒരേയാള്‍ തന്നെയാണ്. കഥാപാത്രത്തിന്റെ തൊലിക്കുളളിലേക്ക് തന്നെ പ്രതിഷ്ഠിക്കുകയാണ് സേതുപതി ചെയ്യുന്നത്. വില്ലനോ, നായകനോ ആയി കഥാപാത്രം മാറുമ്പോഴും ഇത് മാറുന്നില്ല.
കഥാപാത്രത്തിനായി എഴുത്തുകാരനും സംവിധായകനും നിര്‍ണയിച്ചിട്ടുള്ള ടെംപ്‌ലേറ്റുകളിലേക്ക് മാറുന്ന നടന്മാരാണ് ഇന്ത്യന്‍ സിനിമകളിലെ പൊതു ട്രെന്‍ഡ്, അവിടെ സ്വന്തം ജീവിത സാഹചര്യവുമായി കഥാപാത്രത്തെ ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമങ്ങള്‍ പലരും നടത്താറുണ്ടെങ്കിലും മിക്കതും പരാജയപ്പെടാറാണ് പതിവ്. രജനി കാന്തിന്റെ അടുത്തിടെ ഇറങ്ങിയ മിക്ക സിനിമകളിലും ദീര്‍ഘകാലമായി അദ്ദേഹം സെറ്റ് ചെയ്തിരിക്കുന്ന ടെംപ്‌ലേറ്റുകളെ കാണാനാവൂം. കമല്‍ ഹാസന്‍, വിജയ്, വിക്രം തുടങ്ങി തമിഴ് സിനിമയിലെ പ്രധാനികള്‍ക്കെല്ലാം ടെംപ്‌ലേറ്റുകളില്‍ നിന്ന് മാറുക ശ്രമകരമാണ്.
രജനികാന്തിന്റെ ജയിലറും പേട്ടയും ഒരേ സ്വഭാവികതയിലേക്ക് യാത്ര ചെയ്യുന്നത് അതുകൊണ്ടാണ്, വിജയിയുടെ ലിയോ അദ്ദേഹത്തിന്റെ മറ്റു സിനിമകളില്‍ നിന്ന് വേറിട്ട് നില്‍ക്കാത്തതും ഈ ടെംപ്‌ലേറ്റ് ഐഡന്റിറ്റിയുടെ ‘കൂടോത്ര’മാണെന്ന് വേണമെങ്കില്‍ നമുക്ക് നിര്‍വചിക്കാം. അതേസമയം ടെംപ്‌ലേറ്റുകള്‍ പ്രേക്ഷകര്‍ക്ക് സ്വീകാര്യമല്ലെന്ന വാദം മുന്നോട്ടുവെക്കുകയും സാധ്യമല്ല, വിക്രം ചെയ്ത മേക്കപ്പ് പരീക്ഷണങ്ങള്‍ ഒരേ ടെംപ്‌ലേറ്റുകളുടെ പ്രതിഫലനമായിട്ടും പ്രേക്ഷകര്‍ വ്യത്യസ്തമായിട്ടാണ് അവയെ സ്വീകരിച്ചതെന്നത് ഇവിടെ ഉദാഹരിക്കാം.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് വിജയ് സേതുപതിയുടെ അപ്രോച്ച്, വിജയ് സേതുപതിയായി അദ്ദേഹമായി മാത്രം നില്‍ക്കാനാണ് ഇഷ്ടപ്പെടുന്നത്. സേതുപതിയുടെ സ്ത്രീ വേര്‍ഷനാണ് സൂപ്പര്‍ ഡിലെക്‌സില്‍ കാണാനാവുക, അയാളില്‍ നിന്ന് കഥാപാത്രം വിട്ടുപോകുന്നില്ല, മറ്റൊരാളായി മാറാതെ സ്വയം നിയന്ത്രിച്ചു നിര്‍ത്തിയാണ് ‘റാസ്‌കുട്ടിയുടെ‘ അമ്മയായി അയാള്‍ പരിണമിക്കുന്നത്. വളരെ പൗരുഷമുള്ള വില്ലനിസത്തെയും അയാള്‍ സ്വന്തം ആത്മവില്‍ പിടിച്ചുനിര്‍ത്തുന്നത് രസകരവും കൗതുകരവുമായ കാഴ്ച്ചയാണ്. മണിരത്‌നം സംവിധാനം ചെയ്ത ‘ചെക്ക ചിവന്ത വാനം’ എന്ന ചിത്രത്തില്‍ ഒരു കുട്ടിയെ കൊലപ്പെടുത്തിയ കുറ്റം സമ്മതിക്കുന്ന സേതുപതി കഥാപാത്രമായി റസൂല്‍ ആണെന്ന് തോന്നില്ല, കണ്ണിമ ചിമ്മാതെയാണ് ഏറ്റുപറച്ചില്‍, സമാന സാഹചര്യത്തില്‍ ലോകേഷ് കനകരാജിന്റെ മാസ്റ്ററിലും സേതുപതിയെ കാണാനാവും.
സേതുപതി കഥാപാത്രത്തെ സ്വീകരിക്കുന്ന കാര്യത്തില്‍ പിഴവുകളുണ്ടെന്നും പതിയെ ആവര്‍ത്തന വിരസമാകും അദ്ദേഹത്തിന്റെ സിനിമകളെന്നും നിരീക്ഷിക്കുന്നവരുണ്ട്, എന്നാല്‍ അതൊരു കനപ്പെട്ട വിമര്‍ശനമായി തെളിയിക്കപ്പെട്ടില്ലെന്നതാണ് വാസ്തവം. ബോളിവുഡില്‍ തെന്നിന്ത്യന്‍ സ്റ്റാറായി അദ്ദേഹം നിലയുറപ്പിക്കുന്നതിന്റെ സൂചനകള്‍ ഇത് സാധൂകരിക്കുന്നു. സേതുപതി അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമായി ചലനങ്ങളാണ് പ്രേക്ഷകരിലുണ്ടാക്കുന്നത്. സൂപ്പര്‍ ഡിലെക്‌സിലെ ട്രാന്‍സ്‌ജെന്‍ഡര്‍ മറ്റൊരു സിനിമയില്‍ പ്രത്യക്ഷപ്പെടുകയില്ല, നോട്ടവും ഇരിപ്പും കണ്ണു നനയിപ്പിക്കാനും ‘ശില്‍പ്പ’യ്ക്ക് മാത്രമെ സാധിക്കുകയുള്ളു. വിവിധ ചിത്രങ്ങളില്‍ വില്ലനാകുമ്പോള്‍ ഉണ്ടാകുന്ന സേതുപതി പരിണാമം ഇതിന് ഉദാരണമായെടുക്കാം.
രജനികാന്ത് പറഞ്ഞതുപോലെ ‘ഒരു കാര്യം മാത്രം പറയാം വിജയ് ഒരു നടനല്ല, മഹാനടനാണ്’ സാമൂഹിക ജീവിതത്തെ രാഷ്ട്രീയ ബോധ്യത്തോടെ ഉള്‍കൊള്ളുന്ന വ്യക്തിത്വമാണ് സേതുപതിയുടേത്. പൊതുമണ്ഡലത്തില്‍ നടത്തുന്ന പ്രസ്താവനകളില്‍ പുലര്‍ക്കുന്ന വ്യക്തതയും തിരിച്ചറിവും അയാളെ കൂടുതല്‍ മനുഷ്യരിലേക്ക് അടുപ്പിക്കുന്നു.
പ്രിയപ്പെട്ടവരെ, നിങ്ങള്‍ വോട്ടവകാശം സൂക്ഷിച്ച്, ശ്രദ്ധയോടെ വിനിയോഗിക്കണം. നമ്മുടെ നാട്ടിലോ, വിദ്യാലയത്തിലോ, സുഹൃത്തിനോ അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനോ പ്രശ്‌നമുണ്ട്, അത് പരിഹരിക്കണം എന്ന രാഷ്ട്രീയം പറയുന്നവര്‍ക്കൊപ്പം നില്‍ക്കണം. ജാതിയും മതവും പ്രശ്‌നവത്കരിച്ചുകൊണ്ട് ജനങ്ങളെ സംഘടിപ്പിക്കുന്നവരുടെ കൂടെ നില്‍ക്കരുത്, ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് അവരുടെ വീടുകളില്‍ പൊലീസ് കാവലില്‍ സുരക്ഷിതരായിരിക്കും. നമ്മളാണ് ഒടുവില്‍ കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തുവേണം വോട്ടവകാശം ഉപയോഗപ്പെടുത്താന്‍
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് സേതുപതി ഒരു പ്രസംഗത്തില്‍ പറഞ്ഞ വാക്കുകള്‍
സമീപകാലത്ത് ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട പ്രസ്താവനയിലും ഈ വ്യക്തത നിലനിര്‍ത്താന്‍ സേതുപതിക്ക് സാധിക്കുന്നുണ്ട്. തമിഴകത്തിന്റെ രാഷ്ട്രീയ തിരിച്ചറിവുകളിലൂടെയാണ് അയാള്‍ ജീവിക്കുന്നത്, അത് യാഥാര്‍ത്ഥ്യ ബോധത്തോടെ അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു. സമകാലിക ഇന്ത്യന്‍ സിനിമയില്‍ അത്തരം ഗൗരവകരമായ നിരീക്ഷണങ്ങള്‍ നടത്തുന്ന സിനിമാ പ്രവര്‍ത്തകര്‍ തന്നെ അത്യപൂര്‍വ്വമാണെന്നതും ഇതിനൊപ്പം ചേര്‍ത്തു വായിക്കാം.
നരേന്ദ്ര മോദി കാലഘട്ടത്തില്‍ സംഘപരിവാറിനോടും ഹിന്ദുത്വ രാഷ്ട്രീയത്തോടും പരസ്യ വിയോജിപ്പ് പ്രകടിപ്പിക്കുകയെന്നത് വ്യത്യസ്ത തലത്തില്‍ ധീരമായ പ്രവൃത്തിയാണ്. തെന്നിന്ത്യയില്‍ പ്രത്യേകിച്ച് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനങ്ങളെല്ലാം വലത് രാഷ്ട്രീയ ബോധത്തോട് ഏറക്കുറേ ചേര്‍ന്നുനില്‍ക്കുന്നതാണ്, ഇതില്‍ നിന്നും വ്യത്യസ്തമാണ് സേതുപതി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ വീക്ഷണം. ഒരുപക്ഷേ അതുകൊണ്ടാവും സംവിധായകന്‍ സീനു രാമസ്വാമി മക്കള്‍ സെല്‍വനെന്ന് സേതുപതിയെ വിശേഷിപ്പിച്ചത്. സെല്‍വം എന്നാല്‍ മകന്‍ അല്ലെങ്കില്‍ സ്വത്ത് എന്നാണ് മലയാള തര്‍ജ്ജമ, ജനങ്ങളുടെ സ്വത്ത്…
കാർത്തിക് ആര്യൻ നായകനായ ചിത്രം ‘ചന്തു ചാമ്പ്യൻ’ മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ജൂൺ 14-ന് സിനിമ റിലീസ് ചെയ്തുവെങ്കിലും സിനിമയുടെ പ്രമോഷന്‍ തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സിനിമ കാണാൻ എത്തിയ സ്കൂൾ കുട്ടികളെ കാണാൻ കാർത്തിക് ആര്യൻ തിയേറ്റിൽ എത്തിയിരുന്നു. മുംബൈയിൽ കുട്ടികൾക്കായി മാത്രമുള്ള പ്രത്യേക പ്രദർശനമാണ് സംഘടിപ്പിച്ചത്.
സിനിമ കണ്ട് തേങ്ങി കരഞ്ഞ കുട്ടികളെ ആശ്വസിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. കാർത്തിക് ആര്യനെ കണ്ടപ്പോൾ കരയാൻ തുടങ്ങിയ കുട്ടികളെ താരം തമാശകൾ പറഞ്ഞ് ചിരിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്താണ് മടങ്ങിയത്. കാർത്തിക്കിന്റെ ഈ വർഷത്തെ ആദ്യ ചിത്രമാണ് ചന്തു ചാംപ്യൻ. പ്രമുഖ സംവിധായകൻ കബീർ ഖാൻ സംവിധാനം ചെയ്ത ചിത്രം ഒളിമ്പിക് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യയുടെ ആദ്യ പാരാലിമ്പിക് ചാമ്പ്യൻ മുരളികാന്ത് പേട്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ജീവചരിത്ര ചിത്രമാണ്.
ചന്തു ചാമ്പ്യൻ, തീർച്ചയായും നിങ്ങൾ മിസ് ചെയ്യാന്‍ പാടില്ലാത്ത സിനിമയാണ് എന്നാണ് തിയേറ്ററിൽ ചിത്രം കണ്ടിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് കുറിച്ചത്. സിനിമ ശരിക്കും ആസ്വദിച്ചുവെന്നും ഒരു സ്‌പോർട്‌സ് സിനിമ എന്നതിനേക്കാൾ മേലയാണ് ചിത്രമെന്നും ചിരിക്കുകയും കരയുകയും അഭിമാനം തോന്നുകയുമൊക്കെ ചെയ്തുവെന്നും കപിൽ ദേവ് കുറിച്ചു.
ഇന്ത്യൻ ആർമിയിൽ ബോക്‌സറായും പിന്നീട് ഇന്ത്യയിൽ പാരാലിമ്പ്യൻ നീന്തൽ താരമായും മുരളികാന്ത് നടത്തിയ യാത്രയുടെ പോരാട്ടങ്ങൾ ഈ സിനിമയിലൂടെ കാണിക്കുന്നുണ്ട്. സാജിദ് നദിയാദ്‌വാല നിർമ്മിച്ച ഈ ചിത്രത്തിൽ വിജയ് റാസ്, ഭുവൻ അറോറ, യശ്പാൽ ശർമ്മ, രാജ്പാൽ യാദവ്, അനിരുദ്ധ് ദവെ, ശ്രേയസ് തൽപാഡെ, സൊനാലി കുൽക്കർണി തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിലുണ്ട്.
ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പകുതിയുടെ തുടങ്ങുമെന്നായിരുന്നു നേരത്തെ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ സിനിമയുടെ ഷൂട്ടിങ് വൈകുമെന്നാണ് ഇപ്പോൾ വരുന്ന വാർത്ത.
രജനികാന്ത് ഇപ്പോൾ വേട്ടയ്യൻ എന്ന സിനിമയുടെ ഡബ്ബിങ് വർക്കുകളിലാണ്. ഇത് പൂർത്തിയായ ശേഷം മാത്രമേ പുതിയ സിനിമയുടെ വർക്കുകൾ ആരംഭിക്കൂ എന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഈ സമയം കൊണ്ട് ലോകേഷും സംഘവും പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കുമെന്നാണ് സൂചന.
സത്യരാജ്, ശോഭന, ശ്രുതിഹാസൻ തുടങ്ങിയവർ സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽ സി യുവിന്റെ ഭാഗമല്ല. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്.
സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. അതേസമയം സിനിമയ്ക്കായി രജനികാന്ത് വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ചർച്ചകളുണ്ടായി. ഷാരൂഖ് ഖാനേക്കാള്‍ പ്രതിഫലം സ്വീകരിക്കുന്ന താരം രജനികാന്താകാൻ സാധ്യതയുണ്ട് എന്നും 280 കോടി വരെ ലഭിച്ചേക്കുമെന്നുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1985-ൽ ‘ഞാൻ പിറന്ന നാട്ടിൽ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പരിചയപ്പെട്ട 13കാരി സലീമയെ വിന്റേജ് മോളിവുഡ് സിനിമ പ്രേമികൾ മറക്കാനിടയില്ല. ആദ്യ സിനിമയേക്കാൾ ഒരുപക്ഷേ സലീമയെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ്. എം ടി എഴുതി ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനീതും മോനിഷയും കഴിഞ്ഞാൽ തുല്യ സ്ക്രീൻ പ്രസൻസിൽ തന്നെ സലീമ ഇടം നേടിയിരുന്നു. ശേഷം 1988-ൽ പുറത്തിറങ്ങിയ ‘ആരണ്യക’ത്തിലെ അമ്മിണിയെ മലയാളികൾ ചേർത്തു പിടിച്ചു.
നല്ല സിനിമകൾക്കായി തന്നെ വിളിച്ചാൽ ഉറപ്പായും മലയാള സിനിമയിലേക്ക് തിരികെ വരുമെന്ന് പറഞ്ഞിരുന്ന സലീമ 1989-ൽ പുറത്തിറങ്ങിയ മഹായാനം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വലിയൊരിടവേള കഴിഞ്ഞ് തിരികെയെത്തുകയാണ്. ‘കോട്ടയം കുഞ്ഞച്ചൻ’, ‘കിഴക്കൻ പത്രോസ്’, ‘പ്രായിക്കര പാപ്പാൻ’, ‘കന്യാകുമാരി എക്സ്പ്രസ്സ്’, ‘ഉപ്പുകണ്ടം ബ്രദേഴ്സ്’, ‘മാന്യന്മാർ’, ‘സ്റ്റാൻലിൻ ശിവദാസ്’, ‘പാളയം’ തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ടി എസ് സുരേഷ് ബാബു ഒരിടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്ന ഡിഎൻഎ എന്ന ചിത്രത്തിലെ പാട്ടിയായാണ് സലീമ മോളിവുഡിന്റെ ഭാഗമാകുന്നത്.
കണ്ടാൽ തനി മലയാളിത്തമുള്ള സലീമ ആന്ധ്രാ സ്വദേശിയാണ്. യഥാർത്ഥ പേര് കലീശ്വരി ദേവി. സിനിമയുടെ തുടക്കകാലത്ത് വിരലിലെണ്ണാവുന്ന വേഷങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ മനസിൽ സലീമ അമ്മിണിയായി തന്നെ ജീവിക്കുകയാണ്. സലീമയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും.