ദോഹ: കനത്ത കാറ്റും മഴയുമായി തണുത്തുറഞ്ഞ് വാരാന്ത്യം. മഴ ഇന്നും തുടരും. വ്യാഴാഴ്ച പുലർച്ചെ മുതൽ മഴയും കാറ്റും ശക്തമായിരുന്നു. വടക്കൻ മേഖലയിൽ ഇടിയോടു കൂടിയ മഴ. റോഡുകളിൽ മഴ വലിയ വെള്ളക്കെട്ടുകൾ സൃഷ്ടിച്ചതിനാൽ ചെറിയ തോതിൽ ഗതാഗത തടസ്സമുണ്ടായി. മഴയെ തുടർന്ന് അടിഞ്ഞുകൂടിയ മാലിന്യങ്ങളും വെള്ളവും നഗരസഭ മന്ത്രാലയത്തിന്റെയും പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ)യും ചേർന്ന് നീക്കം ചെയ്യുന്നുണ്ട്. വ്യാഴാഴ്ച റാസ് ലഫാനിൽ ആണ് ഏറ്റവുമധികം മഴ പെയ്തത്-52.5 മില്ലിമീറ്റർ.
ഹമദ് വിമാനത്താവളത്തിൽ 45.4, മിസൈദിൽ 23.2, തുറായ്‌നയിൽ 19.9, ദോഹ നഗരത്തിൽ 17.5, ഗുവൈരിയയിൽ 26.8 മില്ലിമീറ്റർ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയത്. റുവൈസ്, ദുഖാൻ, ഷെഹെയ്മിയ എന്നിവിടങ്ങളിൽ മഴ കുറവായിരുന്നു. ഇന്നലെയും കനത്ത മഴ തുടർന്നു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസുമായിരിക്കും.
കാറ്റ് മണിക്കൂറിൽ 8നും 18 നും ഇടയിലും ചില സമയങ്ങളിൽ 29 നോട്ടിക്കൽ മൈലും വേഗത്തിൽ വീശും. പകലും രാത്രിയും തണുപ്പ് ശക്തമാണ്. ഈ വർഷത്തെ ഏറ്റവും തണുപ്പു കൂടിയ ദിവസങ്ങളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഈ മാസം അവസാനം വരെ തണുപ്പേറിയ ദിനങ്ങളായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് വ്യക്തമാക്കിയിരുന്നു. മഴ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തണുത്തുറഞ്ഞ മഴക്കാലം ആഘോഷമാക്കുകയാണ് രാജ്യത്തെ ജനങ്ങളും.