റിയാദ്: തൊഴിലിടങ്ങളിലെ പീഡനത്തിന് അഞ്ചു വര്‍ഷം വരെ തടവും മൂന്ന് ലക്ഷം ലക്ഷം റിയാല്‍ (66.33 ലക്ഷം രൂപ) വരെ പിഴയും ചുമത്തുമെന്ന് രാജ്യത്തെ തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗദി അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളെ അറിയിക്കണമെന്ന് സൗദി പ്രോസിക്യൂഷന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
തൊഴിലിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അഭയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പീഡനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. തൊഴിലിടങ്ങളിലെ പീഡനങ്ങള്‍ തടയുന്നതിനും ചെറുക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സൗദി പ്രോസിക്യൂഷന്‍ പൊതു-സ്വകാര്യ മേഖലകളിലെ ബന്ധപ്പെട്ട യൂണിറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പീഡനക്കേസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അത് യോഗ്യതയുള്ള സംസ്ഥാന ഏജന്‍സികളെ അറിയിക്കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍, സൗദി അറേബ്യയിലെ വലിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി തൊഴിലിടങ്ങളിലെ ലൈംഗിക വിവേചനത്തിനെതിരേ പോരാടാനും സ്ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്താനും നടപടികള്‍ സ്വീകരിച്ചുവരികയാണ്.
2018ല്‍, ലൈംഗിക അതിക്രമം ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം രാജ്യം പാസാക്കിയിരുന്നു. അഞ്ച് വര്‍ഷം വരെ തടവും പരമാവധി 300,000 റിയാല്‍ പിഴയും ഈടാക്കുന്ന വിധം പരിഷ്‌കരിച്ച് നിയമം ശക്തമാക്കുകയായിരുന്നു. ഇത്തരം കേസുകളില്‍ ഇര രേഖാമൂലം പരാതി നല്‍കിയില്ലെങ്കിലും പരാതിയില്ലെന്ന് വ്യക്തമാക്കിയാലും പ്രതിക്ക് ശിക്ഷയില്‍ നിന്ന് ഒഴിവാകാനാവില്ലെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കി. പീഡനത്തിന് മൂന്ന് വര്‍ഷം തടവും 100,000 റിയാല്‍ പിഴയും അല്ലെങ്കില്‍ രണ്ടും ഇവ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കും.
എന്നാല്‍ ഇരയാക്കപ്പെട്ട കുട്ടിയോ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വ്യക്തിയോ ഉറങ്ങുമ്പോഴോ അബോധാവസ്ഥയിലോ ആണ് പീഡനമെങ്കില്‍ അഞ്ച് വര്‍ഷം വരെ തടവും പരമാവധി 300,000 റിയാല്‍ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ഒരുമിച്ചും ശിക്ഷ ലഭിക്കും. ഇരയാക്കപ്പെട്ട വ്യക്തി പരാതി നല്‍കുന്നതില്‍ പരാജയപ്പെടുകയോ പിന്മാറുകയോ ചെയ്താലും പൊതുനന്മയ്ക്കായി ആവശ്യമായ നിയമനടപടി സ്വീകരിക്കാനുള്ള അധികാരം പ്രോസിക്യൂഷനുണ്ടെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കുന്നു.
സമൂഹമാധ്യമങ്ങള്‍ പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചോ അല്ലാതെയോ നടത്തുന്ന ലൈംഗിക പ്രേരണ നല്‍കുന്ന പദപ്രയോഗം, പ്രവൃത്തി അല്ലെങ്കില്‍ ചലനം, ഏതെങ്കിലും വിധത്തില്‍ ശരീരത്തെ പരാമര്‍ശിക്കുന്നതോ മാന്യതയ്ക്ക് നിരക്കാത്തതോ ആയ പരാമര്‍ശം, ദോഹോപദ്രവം എന്നിവയും ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരും.