ദോഹ: 2023ലെ മികച്ച അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് രണ്ടാംസ്ഥാനം നേടി. മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനാണ്. ബിസിനസ് ട്രാവലര്‍ മാഗസിന്‍ ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി (ക്യുഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.
ട്രാവല്‍, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡുകളിലൊന്നാണ് ബിസിനസ് ട്രാവലര്‍ അവാര്‍ഡുകള്‍. മാഗസിന്റെ വായനക്കാരില്‍ നിന്നുള്ള വോട്ടുകളുടെ അടിസ്ഥാനത്തില്‍ 30 വര്‍ഷത്തിലേറെയായി പുകസ്‌കാരങ്ങള്‍ നല്‍കിവരുന്നു.
ലോകോത്തര സേവനം നല്‍കുന്നതിനും എല്ലാ യാത്രക്കാര്‍ക്കും മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ അംഗീകാരം വ്യക്തക്കുന്നതെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. ഖത്തറിലേക്കും മിഡില്‍ ഈസ്റ്റിലേക്കുമുള്ള പ്രധാന കവാടമെന്ന നിലയില്‍ ഹമദ് വിമാനത്താവളം വഹിക്കുന്ന പങ്കില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. യാത്രക്കാരുടെ ഇഷ്ടപ്പെട്ട ഡെസ്റ്റിനേഷനെന്ന സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു- ബദര്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
യാത്രക്കാര്‍ക്ക് ലഭിക്കുന്ന വിശിഷ്ടമായ സൗകര്യങ്ങളാണ് ഹമദ് വിമാനത്താവളത്തിലെ പ്രധാന പ്രത്യേകത. ഡിജിറ്റൈസ്ഡ് സേവനങ്ങളിലൂടെ യാത്രക്കാര്‍ക്ക് നിരവധി കാര്യങ്ങള്‍ പരസഹായമില്ലാതെ ചെയ്യാനാവും. ഭക്ഷണ വൈവിധ്യങ്ങള്‍, ആഡംബര ഷോപ്പിങ് ഓപ്ഷനുകള്‍, വിനോദ-വിശ്രമ സൗകര്യങ്ങള്‍, അന്താരാഷ്ട്ര കലാ ശേഖരങ്ങള്‍ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
വ്യത്യസ്തവും ആധുനിക ജീവിതശൈലിക്ക് അനുയോജ്യവുമായാണ് ഇതിന്റെ രൂപകല്‍പ്പന. ഏറ്റവും മികച്ച സേവനപ്രവര്‍ത്തനങ്ങള്‍ക്കായി സ്മാര്‍ട്ട് സൊല്യൂഷനുകള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. ഖത്തര്‍ ഡ്യൂട്ടി ഫ്രീയുടെ മേല്‍നോട്ടത്തിലുള്ള ലോകത്തിലെ ആദ്യത്തേതും എക്‌സ്‌ക്ലൂസീവുകളുമുള്‍പ്പെടെ 180ലധികം ലോകോത്തര റീട്ടെയ്ല്‍ ഷോപ്പുകളും ഭക്ഷണശാലകളും ഇവിടെയുണ്ട്.