മക്ക: ഇസ്രായേലുമായി പോരാട്ടം തുടരുന്ന ഗാസയിലെ യുദ്ധത്തിനിടെ രക്തസാക്ഷികളായവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള 1,000 പലസ്തീന്‍ തീര്‍ത്ഥാടകര്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക അതിഥികളായി ഹജ്ജ് തീര്‍ഥാടനത്തിനെത്തും.
നിലവിലെ സാഹചര്യത്തില്‍ ഗാസയില്‍ നിന്ന് ഹജ്ജ് കര്‍മത്തിനായി സൗദി അറേബ്യയിലെത്തുകയെന്നത് അത്ര എളുപ്പമുളള കാര്യമല്ല. എന്നാല്‍ അസാധാരണ നടപടികളിലൂടെ അവര്‍ക്ക് ഹജ്ജിന് അവസരമൊരുക്കുക എന്നതാണ് ‘ഗാസ്സ മുനമ്പിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഒരു സംരംഭം’ എന്ന പേരിലുള്ള ഈ രാജകീയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഇവര്‍ ഉള്‍പ്പെടെ 2000 പേരാണ് ഹജ്ജ് തീര്‍ഥാടനത്തിനായി ഇത്തവണ പലസ്തീനില്‍ നിന്ന് എത്തിച്ചേരുക.
രാജാവിൻ്റെ അതിഥികളായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്. ഇസ്ലാമിക കാര്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ അസാധാരണമായ ആതിഥേയത്വം ഗസ മുനമ്പില്‍ പലസ്തീന്‍ ജനത അനുഭവിക്കുന്ന ത്യാഗപൂർണ്ണമായ ജീവിതത്തിനിടയിൽ ആശ്വാസവും സാന്ത്വനവുമാണെന്ന് ഇസ്ലാമിക കാര്യ മന്ത്രിയും പ്രോഗ്രാമിന്റെ ജനറല്‍ സൂപ്പര്‍വൈസറുമായ ശെയ്ഖ് അബ്ദുല്ലത്തീഫ് അല്‍ ശെയ്ഖ് പറഞ്ഞു. രാജ്യം പലസ്തീന്‍ ജനതയ്ക്കൊപ്പമാണെന്ന പ്രഖ്യാപനം കൂടിയാണിത്. ഇതുമായി ബന്ധപ്പെട്ട രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതുമുതല്‍, പലസ്തീനില്‍ നിന്നുള്ള രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ രാജാവിന്റെ അതിഥികളായി സ്വീകരിക്കാന്‍ മന്ത്രാലയം ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും നിരവധി കമ്മിറ്റികള്‍ മുഖേന അതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അല്‍ ശെയ്ഖ് ചൂണ്ടിക്കാട്ടി.
അതിനിടെ, നിലവിലെ ഹജ്ജ് സീസണില്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനായി ഒരുക്കിയ സജ്ജീകരണങ്ങൾ വിലയിരുത്താൻ മക്ക ഡെപ്യൂട്ടി അമീര്‍ സൗദ് ബിന്‍ മിഷാല്‍ രാജകുമാരന്‍ വിശുദ്ധ സ്ഥലങ്ങളിലെ നിരവധി കേന്ദ്രങ്ങളിൽ പരിശോധന നടത്തി.
ഈ ഹജ്ജ് സീസണില്‍ തീര്‍ഥാടകരെ പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിനുള്ള മശാഇര്‍ ട്രെയിനിന്റെ ഒരുക്കങ്ങൾ പരിശോധിച്ചാണ് സൗദി രാജകുമാരന്‍ സന്ദര്‍ശനം ആരംഭിച്ചത്. ഈ വര്‍ഷത്തെ ഹജ്ജ് വേളയിൽ പ്രധാന കർമങ്ങൾ നടക്കുന്ന ഏഴ് ദിവസങ്ങൾക്കിടയിൽ 2000-ലധികം ട്രിപ്പുകളിലൂടെ രണ്ട് ദശലക്ഷത്തിലധികം യാത്രക്കാരെ എത്തിക്കാനാണ് മശായിർ ട്രെയിൻ ലക്ഷ്യമിടുന്നത്. സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക സംവിധാനവും അദ്ദേഹം വിലയിരുത്തി.
ഈസ്റ്റ് അറഫാത്ത് ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച അദ്ദേഹം അത്യാഹിത വിഭാഗം, ഐസൊലേഷന്‍ റൂമുകള്‍, ക്ലിനിക്കുകള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ഓപ്പറേഷന്‍ റൂമുകള്‍, ഹീറ്റ് സ്ട്രോക്ക് ട്രീറ്റ്മെന്റ് യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഡിപ്പാര്‍ട്ട്മെന്റുകളിലെ സജ്ജീകരണങ്ങൾ അവലോകനം ചെയ്തു. ആകെ 405 കിടക്കകളാണ് ആശുപത്രിക്കുള്ളത്.
കിദാന ഡെവലപ്മെന്റ് കമ്പനിയുടെ മേല്‍നോട്ടത്തില്‍ ആഫ്രിക്കന്‍ അറബ് ഇതര രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കായി കമ്പനി ഓഫ് മുതവിഫ്സ് നടപ്പിലാക്കുന്ന അറഫാത്ത് ക്യാമ്പ് ഡെവലപ്മെന്റ് പ്രോജക്റ്റ് ഡെപ്യൂട്ടി അമീര്‍ പരിശോധിച്ചു. തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പുണ്യസ്ഥലങ്ങളിലെ ശേഷി വര്‍ധിപ്പിക്കുന്നതിനുമായി പുണ്യസ്ഥലങ്ങളിലെ ഇടം പരമാവധി പ്രയോജനപ്പെടുത്തുക, സേവന നിലവാരം വര്‍ധിപ്പിക്കുക, പുതിയ നൂതന സേവനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയിലൂടെ തീര്‍ഥാടക സേവനത്തെ പുഷ്ടിപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കൂടാതെ, 70,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതും 60,000 തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാവുന്നതുമായ മുസ്ദലിഫയുടെ കാല്‍നട പാതയുടെ ആദ്യ ഘട്ടം അദ്ദേഹം അവലോകനം ചെയ്തു. പദ്ധതിയില്‍ 10,000 ചതുരശ്ര മീറ്റര്‍ ഹരിത ഇടങ്ങളും കാല്‍നട നടപ്പാതകളുടെ തണുപ്പിക്കല്‍, കാലാവസ്ഥാ നിയന്ത്രണം, പ്രായമായവര്‍ക്കും പ്രത്യേക ആവശ്യക്കാര്‍ക്കും വേണ്ടിയുള്ള കാല്‍നട പാതകള്‍, ഗോള്‍ഫ് കാര്‍ട്ട് പാതകള്‍, സേവന മേഖലകള്‍, വാണിജ്യ കിയോസ്‌കുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.
50 കിടക്കകളുള്ളതും തീര്‍ഥാടകര്‍ക്ക് ആവശ്യമായ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതുമായ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള മുസ്ദലിഫയിലെ മൊബൈല്‍ ഫീല്‍ഡ് ഹോസ്പിറ്റലും ഡെപ്യൂട്ടി അമീര്‍ സന്ദര്‍ശിച്ചു. പര്യടനത്തിനൊടുവില്‍, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി പങ്കെടുത്ത യോഗത്തില്‍ സൗദ് രാജകുമാരന്‍ അധ്യക്ഷത വഹിച്ചു.