റിയാദ്: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ കുറഞ്ഞ ശമ്പളം 3,200 റിയാലില്‍ നിന്ന് 4,000 റിയാലായി (ഏകദേശം 88,550 രൂപ) ആയി ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ട് (ഹദഫ്) ഉയര്‍ത്തി. സ്വദേശികളെ ജോലിക്ക് നിയോഗിച്ചാല്‍ സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി നിശ്ചിത കാലത്തേക്ക് സ്ഥാപനങ്ങള്‍ക്ക് ഹദഫ് ശമ്പള സബ്‌സിഡി അനുവദിക്കുന്നുണ്ട്. ഇനി മുതല്‍ ഈ തുക ലഭിക്കണമെങ്കില്‍ സ്വദേശി ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 4000 റിയാലില്‍ കുറയാന്‍ പാടില്ല.
സ്വദേശികള്‍ക്കുള്ള പുതിയ ശമ്പള നിബന്ധന സെപ്റ്റംബര്‍ അഞ്ച് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലായി. സ്വദേശികളെ തൊഴില്‍ മേഖലയിലേക്ക് ആകര്‍ഷിക്കാനും തൊഴിലാളികളുടെ ക്ഷേമം മെച്ചപ്പെടുത്താനും ദേശീയ തൊഴില്‍ വിപണി ശക്തിപ്പെടുത്താനുമാണ് ഈ നീക്കം.
സ്വദേശി തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നതിനെ പിന്തുണയ്ക്കുന്നതിന് നിരവധി പദ്ധതികള്‍ ഹദഫ് ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു. ഒരു സ്വദേശിയെ ജോലിക്കെടുത്താല്‍ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കിലും നിതാഖാത്ത് പ്രകാരം സൗദി ജീവനക്കാരനായി കണക്കാക്കണമെങ്കിലും കുറഞ്ഞ വേതനം 4000 റിയാലായിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.
ഇത് ഉള്‍പ്പെടെ സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് ഹദഫിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അഞ്ച് പുതിയ മാറ്റങ്ങളാണ് വരുത്തിയത്. സ്വദേശിയെ ജോലിക്കെടുത്തതിനുള്ള ആനുകൂല്യങ്ങള്‍ക്കായി സാമൂഹിക ഇന്‍ഷുറന്‍സില്‍ ജീവനക്കാരന്‍ രജിസ്റ്റര്‍ ചെയ്ത തീയതി മുതല്‍ ആദ്യത്തെ 90 ദിവസം കഴിഞ്ഞ് (ട്രയല്‍ കാലയളവ് അവസാനിച്ച ശേഷം) കമ്പനികള്‍ക്ക് ഇനിമുതല്‍ അപേക്ഷിക്കാം. ജോലിക്ക് നിയോഗിച്ച് ആദ്യത്തെ 90 ദിവസത്തേക്ക് ജീവനക്കാരന്റെ ശമ്പളം മുഴുവനായും തൊഴിലുടമ നല്‍കണം. 91 മുതല്‍ 180 ദിവസത്തെ ശമ്പളം സബ്‌സിഡിയായി ലഭിക്കും. ജീവനക്കാരുടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞ് 180 ദിവസത്തിന് ശേഷം സമര്‍പ്പിച്ച ശമ്പള സബ്‌സിഡി അപേക്ഷ സ്വീകരിക്കില്ലെന്നും ഹദഫ് വ്യക്തമാക്കി.
സൗദി വിഷന്‍ 2030 ന്റെയും തൊഴില്‍ വിപണി മെച്ചപ്പെടുത്തുന്നതിന്റെയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അനുസൃതമായി സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനം, ശാക്തീകരണം എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളും ഹദഫ് നടത്തിവരുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സൗദിവല്‍ക്കരണം പാലിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ കണ്ടെത്തുന്നതിന് നിതാഖാത്ത് നിയമം ആരംഭിച്ചതുമുതല്‍ ഹദഫ് സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്. യോഗ്യരായ സ്വദേശികളുടെ ഡാറ്റാബാങ്ക് ആണ് ഇതിലൊന്ന്.
തൊഴില്‍ പരിശീലനങ്ങള്‍ നല്‍കുന്നതിനുള്ള ശില്‍പശാലകളും സംഘടിപ്പിച്ചുവരുന്നു. സ്ഥാപനങ്ങളില്‍ താഴെത്തട്ടില്‍ ജോലിചെയ്യുന്ന സ്വദേശികള്‍ക്ക് പ്രോമോഷന്‍ ലഭിക്കാനാവശ്യമായ പിന്തുണയും നല്‍കിവരുന്നുണ്ട്. സ്ഥാപനങ്ങള്‍ ഇത്തരം ജീവനക്കാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിയതിന്റെ രേഖകള്‍ തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്. പരിശീലനം നല്‍കിയ ആകെ മണിക്കൂര്‍, പങ്കെടുത്ത ജീവനക്കാര്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്നാണ് നിബന്ധന.