ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഇന്ററാക്ടീവ് ഇമ്മേഴ്സീവ് ഡോം എന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി എക്സ്പോ സിറ്റിയിലെ അല്‍ വാസല്‍ ഡോം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലെ ഔദ്യോഗിക വിധികര്‍ത്താവ് അല്‍ വലീദ് ഉസ്മാനാണ് വിവരം പങ്കുവെച്ചത്. എക്സ്പോ സിറ്റി ദുബായുടെ ഹൃദയഭാഗത്തുള്ള ഈ ഡോമിന് 360 ഡിഗ്രി ഘടനയാണുള്ളത്.
അല്‍ വാസൽ പ്ലാസ വാസ്തുവിദ്യാ മികവ് പ്രതിധ്വനിപ്പിക്കുന്ന ഒരു വിശിഷ്ട ഘടനയുടെ തെളിവായി നിലകൊള്ളുന്നുവെന്നും എക്സ്പോ 2020-ന്റെയും തുടര്‍ന്നുള്ള എക്സ്പോ സിറ്റി ദുബായിയുടെയും നവീകരണത്തിനും മികവിനും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലെ ഈ അംഗീകാരം അടിവരയിടുന്നുവെന്നും അല്‍ വലീദ് ഉസ്മാന്‍ പറഞ്ഞു. അല്‍ വാസല്‍ ഡോം ലോക റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചതിന്റെ അടയാളപ്പെടുത്തുന്ന പരിപാടികളുടെ കലണ്ടറും എക്‌സ്‌പോ സിറ്റി ദുബായ് പുറത്തിറക്കിയിട്ടുണ്ട്.
അറബിക് ഫ്യൂഷന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഒരു പുതിയ കഫേ, സാംസ്‌കാരിക ഉത്സവങ്ങള്‍, സന്ദര്‍ശകര്‍ക്ക് അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡോമില്‍ ഇന്ററാക്ടീവ് അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള സംവിധാനങ്ങളും ഒരുക്കി അല്‍ വാസല്‍ ഡോം ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നത് തുടരുമെന്ന് എക്സ്പോ സിറ്റി ദുബായ് ഇവന്റ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍ അംന അബുല്‍ഹൂള്‍ പറഞ്ഞു.