Gulf

‘പച്ച മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’: ദോഹ എക്‌സ്‌പോ-2023 പ്രമേയം കൊണ്ടും പങ്കാളിത്തംകൊണ്ടും പുതുചരിതമെഴുതും

Published

on

ദോഹ: മരുഭൂവല്‍ക്കരണം കുറയ്ക്കുന്നതിനും ഹരിതഇടങ്ങളും കൃഷിഭൂമിയും വര്‍ധിപ്പിക്കുന്നതിനും ഊന്നല്‍നല്‍കി ദോഹയില്‍ ആരംഭിക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ ഹോര്‍ട്ടി കള്‍ച്ചറല്‍ എക്‌സ്‌പോ-2023 പ്രമേയം കൊണ്ടും പങ്കാളിത്തംകൊണ്ടും ചരിത്രസംഭവമായി മാറും. 80ലധികം രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിഒ പവലിയനുകള്‍ ഒരുങ്ങുന്നതോടെ മേള ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തത്തിനാണ് സാക്ഷ്യംവഹിക്കുകയെന്ന് എക്‌സ്‌പോ ദോഹ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഖൂരി പറഞ്ഞു.

‘പച്ച മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള എക്‌സ്‌പോ ഒക്ടോബര്‍ രണ്ടു മുതല്‍ 2024 മാര്‍ച്ച് 28 വരെയാണ്. 30 ലക്ഷത്തിലധികം പേര്‍ എക്‌സപോ നഗരി സന്ദര്‍ശിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. പ്രവേശനം സൗജന്യമാണ്. ലോകകപ്പ് വേളയിലേതു പോലെ ഇവന്റിനായി സന്ദര്‍ശകര്‍ക്ക് ഹയ്യ കാര്‍ഡും ലഭിക്കും.

മരുഭൂവല്‍ക്കരണം, കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വെള്ളത്തിന്റെയും മണ്ണിന്റെയും അഭാവം എന്നീ വെല്ലുവിളികള്‍ നേരിടുന്ന രാജ്യങ്ങളെ സഹായിക്കുന്നതിനുള്ള പ്രായോഗിക കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുക, ക്രിയാത്മക നടപടികള്‍ ആവിഷ്‌കരിക്കുക, പ്രശ്‌നപരിഹാരത്തിനുള്ള സാമ്പത്തിക സഹായങ്ങള്‍ കണ്ടെത്തുക തുടങ്ങിയവ എക്‌സ്‌പോയുടെ ലക്ഷ്യങ്ങളാണ്.

മരുഭൂവല്‍ക്കരണം ചെറുക്കുന്നതിനൊപ്പം സുസ്ഥിര കാര്‍ഷിക സമ്പ്രദായത്തിന്റെ മാതൃക വികസിപ്പിക്കുന്നതിനും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയക്കുക വഴി കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുമുള്ള മാര്‍ഗങ്ങള്‍ എക്‌സ്‌പോ ആരായുമെന്ന് മുഹമ്മദ് അല്‍ ഖൂരി വിശദീകരിച്ചു. ഇത് അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് എക്‌സ്‌പോയുടെ സംഘാടകര്‍ക്ക് സമര്‍പ്പിക്കും. വിദ്യാര്‍ഥികളിലേക്ക് എക്‌സ്‌പോയുടെ സന്ദേശമെത്തിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സ്‌കൂളുകളില്‍ നിന്നുള്ള സന്ദര്‍ശനങ്ങളുടെ ഷെഡ്യൂള്‍ തയാറാക്കുന്നുണ്ട്.

എക്‌സ്‌പോ നഗരിയിലെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. 1.7 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതാണ് നഗരി. ഇവ മുഴുവന്‍ കാണാന്‍ ഒന്നിലധികം സന്ദര്‍ശനങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എക്‌സ്‌പോയിലെ ഓരോ പവലിയനും ഓരോ സന്ദേശമുണ്ട്. ഓരോ രാജ്യങ്ങളിലെയും വ്യത്യസ്ത അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്ന വേദിയായി ഇത് മാറും. മനോഹരമായ ഭൂപ്രകൃതിയും പൂന്തോട്ടങ്ങളും ആസ്വദിക്കാനും ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങള്‍ അനുഭവിക്കാനും മേളയില്‍ അവസരമുണ്ടാവും.

ദോഹ എക്‌സ്‌പോയുടെ ഭാഗമായി അധികൃതര്‍ പ്രത്യേക പ്രൊമോ കോഡ് പുറത്തിറക്കിയിരുന്നു. അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് ടിക്കറ്റുകള്‍ക്കും ഹോട്ടല്‍ ബുക്കിങിനും എക്‌സ്‌പോ-23 എന്ന പ്രത്യേക പ്രൊമോ കോഡ് ഉപയോഗിച്ചാല്‍ ഇളവുകള്‍ ലഭിക്കും. എക്‌സ്‌പോയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും എക്‌സ്‌പോയും ഔദ്യോഗിക പങ്കാളിയാണ്. വിമാനത്താവളത്തില്‍ നിന്ന് ദോഹ നഗരത്തിലേക്കും എക്‌സ്‌പോ നഗരിയിലേക്കും തടസ്സമില്ലാത്ത ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫിഫ ലോകകപ്പിന് ശേഷം ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ വലിയ അന്താരാഷ്ട ഇവന്റിനായി പ്രവാസികള്‍ ഉള്‍പ്പെടെയുള്ള 2,200 വോളന്റിയര്‍മാരെയാണ് റിക്രൂട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version