ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി ലിവർപൂൾ. പ്രീമിയർ ലീഗ് കന്നിക്കാരായ ലൂട്ടൺ ടൗണിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ലിവർപൂൾ തോൽപ്പിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ മുന്നിട്ട് നിന്നത് മാത്രമാണ് ലൂട്ടൺ ടൗണിന് എടുത്ത് പറയാനുള്ളത്. രണ്ടാം പകുതിയിൽ ക്ലോപ്പിന്റെ സംഘം തകർപ്പൻ തിരിച്ചുവരവ് നടത്തി.
12-ാം മിനിറ്റിൽ ലിവർപൂളിനെ ഞെട്ടിച്ച് ചിഡോസി ഒഗ്ബെനെ ലൂട്ടൺ ടൗണിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ രണ്ട് അവസരങ്ങളാണ് ലിവർപൂൾ താരം ലൂയിസ് ഡയസ് നഷ്ടപ്പെടുത്തിയത്. രണ്ടാം പകുതിയിൽ 56-ാം മിനിറ്റ് മുതലാണ് മത്സരം മാറിയത്. വിര്‍ജിൽ വാൻ ഡൈക്കിന്റെ ഹെഡർ ലിവർപൂളിനെ ഒപ്പമെത്തിച്ചു.
രണ്ട് മിനിറ്റിനുള്ളിൽ കോഡി ഗാക്‌പോ റെഡ്സ് സംഘത്തെ മുന്നിലെത്തിച്ചു. ലൂയിസ് ഡയസ് നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക് പകരം 71-ാം മിനിറ്റിൽ ഗോൾ നേടി. 90-ാം മിനിറ്റിലെ ഹാർവെ ഇലിയറ്റിന്റെ ഗോൾ കൂടെ ആയതോടെ ലിവർപൂൾ വിജയം ആധികാരികമാക്കി. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ലിവർപൂൾ. വിജയത്തോടെ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ നാല് പോയിന്റ് മുന്നിലെത്താനും ക്ലോപ്പിന്റെ സംഘത്തിന് കഴിഞ്ഞു.