ടെക്സാസ്: മേജർ ലീഗ് സോക്കറിൽ അടിച്ചും തിരിച്ചടിച്ചും ഇന്റർമയാമിയും എഫ്സി ഡള്ളാസും. തുടർച്ചയായ മൂന്നാം മത്സരത്തിൽ ലയണൽ മെസ്സി ഇരട്ടഗോൾ നേട്ടത്തോടെ തിളങ്ങി. പ്രീക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിലാണ് ഇന്റർ മയാമി ആവേശ ജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് ഇന്റർ മയാമി ആയിരുന്നു. എന്നാൽ മെസ്സിയെയും സംഘത്തെയും ഞെട്ടിച്ചുകൊണ്ടായിരുന്നു എഫ്സി ഡള്ളാസിൻ്റെ തിരിച്ചടി. തുടർച്ചയായ മൂന്ന് ഗോളുകളോടെ ഡള്ളാസ് ലീഡെഡുത്തു. അവസാന 10 മിനിറ്റിൽ രണ്ട് ഗോളുകൾ നേടി മയാമി ഒപ്പത്തിനൊപ്പമെത്തി. ഇരു ടീമുകൾക്കും വിനയായി മാറിയത് രണ്ട് സെൽഫ് ഗോളുകളായിരുന്നു. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ അഞ്ച് കിക്കും വലയിലെത്തിച്ച് ഇൻ്റർ മയാമി ലീഗ്സ് കപ്പിൽ ക്വാർട്ടറിലേക്ക്.