ടെൽഅവീവ്: നിരവധിപ്പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർത്തെറിഞ്ഞു കൊണ്ടാണ് ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്നത്. കുഞ്ഞുങ്ങളുൾപ്പടെ ഗാസയിൽ 4,651 പേർ കൊല്ലപ്പെട്ടതായാണ് ഏകദേശ കണക്കുകൾ. കാണാതായവരും നിരവധിയാണ്. ഹമാസ് സായുധസംഘം ബന്ദികളാക്കി ഗാസയിലേക്ക് കടത്തിക്കൊണ്ടുപോയ തന്റെ കാമുകിയെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഒരു 24-കാരൻ. ഇസ്രയേലിലെ ഹൈഫയിൽ നിന്നുള്ള കലാവിദ്യാർത്ഥിനി ഇൻബാർ ഹൈമാനെയാണ് ഹമാസ് ബന്ദിയാക്കിയിരിക്കുന്നത്. ഹമാസ് ബന്ദിയാക്കിയ തന്റെ കാമുകിയെ ഏത് വിധേനയും കണ്ടെത്തുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് ഇൻബാറിന്റെ കാമുകൻ നോം അലോൺ.
ഒക്‌ടോബർ 7-ന് രാവിലെ സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിനിടെ ഹമാസ് സായുധസംഘം ആക്രമണം നടത്തി നൂറുകണക്കിന് ആളുകളെ കൊലപ്പെടുത്തുകയും നിരവധി പേരെ ബന്ദിയാക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനിടെ പരിഭ്രാന്തരായ ആളുകൾ ചിതറി ഓടിയിരുന്നു. 27 കാരിയായ യുവതിയും പ്രാണരക്ഷാർത്ഥം ഓടിയെങ്കിലും ഹമാസ് സായുധസംഘം പിടികൂടി. ഇവരുടെ രണ്ട് സുഹൃത്തുക്കൾ രക്ഷപ്പെട്ടു. പിന്നീട് മോട്ടോർ ബൈക്കിൽ രണ്ട് ഹമാസ് സായുധസംഘം ഇൻബാറിനെ വലിച്ചിഴയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു. അന്നുമുതൽ, നോം അലോൺ യുവതിയെ തിരിച്ചുകിട്ടാൻ അധികാരികളോട് അഭ്യർത്ഥിക്കുകയാണ്.
ബന്ദികളാക്കിയവരെ സുരക്ഷിതമായും ജീവനോടെയും തിരിച്ചെത്തിക്കുന്നതിന് ഇസ്രായേൽ സർക്കാരും യുകെ സർക്കാരും അവരാൽ കഴിയുന്നതെല്ലാം ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് അലോൺ പറഞ്ഞു. ‘അവൾ മടങ്ങിവരുമെന്ന് ഞാൻ വിശ്വസിക്കുന്നു’, നോം ആത്മവിസ്വാസത്തോടെ പറയുന്നു. മ്യൂസിക് ഫെസ്റ്റിവലിനിടെയുണ്ടായ ആക്രമണത്തിൽ 260 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർ ബന്ദികളാക്കപ്പെടുകയും ചെയ്തതായാണ് വിവരം.