Gulf

Gcc Tourist Visa: കാത്തിരിപ്പിന് വിരാമമാവുന്നു; ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ വര്‍ഷാവസാനത്തോടെ നിലവില്‍ വരും

Published

on

ദുബായ്: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ഏകീകൃത ടൂറിസ്റ്റ് വിസ യാഥാര്‍ഥ്യമാവുന്നു. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി നിലവില്‍ വരുമെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി പറഞ്ഞു. മറ്റ് ജിസിസി രാജ്യങ്ങളുമായി സഹകരിച്ച് ഏകീകൃത ടൂറിസ്റ്റ് വിസ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരൊറ്റ വിസയില്‍ ജിസിസി രാജ്യങ്ങളിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും സന്ദര്‍ശനം അനുവദിക്കുന്നതാണ് ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ജിസിസി രാജ്യങ്ങളായ യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരം എളുപ്പമാവും. ഇത് ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ആഭ്യന്തര ടൂറിസ്റ്റുകളുടെയും മേഖലയില്‍ എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെയും എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് കരുതപ്പെടുന്നത്.

പുതിയ വിസ സംവിധാനം വരുന്നതോടെ, ജിസിസി രാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉയര്‍ത്തിക്കാട്ടാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും അത് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത് മേഖലയിലെ ഹോട്ടല്‍ വ്യവസായത്തെയും മറ്റ് അനുബന്ധ മേഖലകളെയും ശക്തിപ്പെടുത്തുമെന്നും അല്‍ മര്‍റി കൂട്ടിച്ചേര്‍ത്തു. വിദേശ വിനോദസഞ്ചാരികളുടെ സുഗമവും തടസ്സരഹിതവുമായ പ്രവേശനത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ ജിസിസി രാജ്യങ്ങളിലും പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും.

ഗള്‍ഫ് മേഖല അഭിമുഖീകരിക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഇവിടെ വിനോദസഞ്ചാര രംഗത്ത് സുസ്ഥിരത വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. പ്രാദേശിക സമ്പദ്വ്യവസ്ഥകള്‍ക്ക് വന്‍തോതില്‍ സംഭാവന നല്‍കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന വിനോദസഞ്ചാര മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യവികസനം വേഗത്തിലാക്കണം.

യുഎഇയിലെ ടൂറിസം മേഖല 2022 നെ അപേക്ഷിച്ച് 2023 ല്‍ 26 ശതമാനം വളര്‍ച്ച നേടി. രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള മേഖലയുടെ സംഭാവന 220 ബില്യണ്‍ ദിര്‍ഹമാണ്. അഥവാ ജിഡിപിയുടെ 11.7 ശതമാനം. 2024ല്‍ ഇത് 236 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്ന് രാജ്യത്തിന്റെ ജിഡിപിയുടെ 12 ശതമാനത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ടൂറിസം, അനുബന്ധ മേഖലകളിലായി എട്ടു ലക്ഷത്തിലേറെ പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനായി. രാജ്യത്തിന്റെ മൊത്തം തൊഴില്‍ വിപണിയുടെ 12.3 ശതമാനത്തിന് തുല്യമാണിത്. 2024ല്‍ ഇത് 8.33,000 ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version