Bahrain

പ്രതിസന്ധികള്‍ മാറി ജിസിസി റെയില്‍ വീണ്ടും ട്രാക്കില്‍

Published

on

ജിദ്ദ: ആറ് ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന 2,117 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ജിസിസി റെയില്‍വേ പദ്ധതിക്ക് വീണ്ടും ആക്കംകൂടുന്നു. സാമ്പത്തിക പ്രയാസങ്ങള്‍, കോവിഡ് കാല പ്രതിസന്ധികള്‍, 2014ലെ എണ്ണ വിലയിടിവ്, ഖത്തറിനെതിരേ ജൂണ്‍ 2017 മുതല്‍ ജനുവരി 2021 വരെ ഏതാനും രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം, നയതന്ത്ര പിരിമുറുക്കങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരുന്നു. പദ്ധതിയുടെ ഏകോപനത്തിന് മേല്‍നോട്ടം വഹിക്കുന്ന ബോഡിയായ ജിസിസി റെയില്‍വേ അതോറിറ്റി സ്ഥാപിക്കുന്നതിന് ആറ് ജിസിസി രാജ്യങ്ങളിലെ നേതാക്കള്‍ 2021 ഡിസംബറില്‍ അംഗീകാരം നല്‍കിയതോടെ പദ്ധതി ഫലപ്രദമായി പുനരാരംഭിച്ചു. 2023ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി കൈവന്നിട്ടുണ്ട്.

നിര്‍ദിഷ്ട 2,117 കിലോ മീറ്റര്‍ പാതയില്‍ 2,000 കിലോമീറ്ററിലധികം ഭാഗത്ത് നിര്‍മാണം പൂര്‍ത്തിയാവുകയോ നടപടികള്‍ പുരോഗമിക്കുകയോ ചെയ്യുന്നുണ്ട്. കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ചാണ് പാത കടന്നുപോകുന്നത്. ഓരോ രാജ്യങ്ങളിലും പാതയുടെ നിര്‍മാണം അതാത് രാജ്യത്തെ റെയില്‍വേ വിഭാഗം പൂര്‍ത്തീകരിച്ച് ബന്ധിപ്പിക്കും. ഇക്കാര്യത്തില്‍ സൗദിയും യുഎഇയും ഏറെ മുന്നിലാണ്. മുഴുവന്‍ രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നത് അധികം വൈകാതെ യാഥാര്‍ത്ഥ്യമാകും.

വടക്ക് കുവൈത്ത് സിറ്റിയില്‍ നിന്ന് ആരംഭിക്കുന്ന റെയില്‍ ലൈന്‍ ബഹ്‌റൈന്‍ തലസ്ഥാനമായ മനാമ, ഖത്തറിന്റെ തലസ്ഥാനമായ ദോഹ, സൗദിയിലെ തീരദേശ നഗരങ്ങളായ ജുബൈല്‍, ദമാം യുഎഇയിലെ അബുദാബി, ദുബായ്, ഫുജൈറ എന്നീ പ്രധാന നഗരങ്ങളിലൂടെ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ ടെര്‍മിനല്‍ സ്റ്റേഷനില്‍ എത്തും.

റീജിയണല്‍ റെയില്‍വേ ശൃംഖലയുടെ മേല്‍നോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ജിസിസിയുടെ സുപ്രീം കൗണ്‍സില്‍ ആണ് ജിസിസി റെയില്‍വേ അതോറിറ്റി രൂപീകരിച്ചത്. പദ്ധതിക്കായി എല്ലാ അംഗരാജ്യങ്ങളെയും അതോറിറ്റി സജീവമായി പിന്തുണയ്ക്കുന്നുണ്ട്. ജിസിസി റെയില്‍വേയ്ക്ക് അനുസൃതമായി പ്രാദേശിക ഗതാഗത സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ ജിസിസി അംഗരാജ്യങ്ങള്‍ ശ്രമിച്ചുവരികയാണ്. അല്‍ഉല പ്രഖ്യാപനത്തിന് നടപടികള്‍ക്ക് വേഗത കൈവന്നിട്ടുണ്ട്.

യുഎഇയുടെ 900 കിലോമീറ്റര്‍ ദേശീയ ശൃംഖല പൂര്‍ത്തീകരിച്ചു. ഇത്തിഹാദ് റെയിലിന്റെ വാണിജ്യ ചരക്ക് സേവനങ്ങള്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ പൂര്‍ണമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജുബൈലിലൂടെ കടന്നുപോകുന്ന സൗദി അറേബ്യയുടെ 200 കിലോമീറ്റര്‍ റാസല്‍ഖൈര്‍ദമാന്‍ റൂട്ട് പൂര്‍ത്തിയായി. ബാക്കിയുള്ള പാതയുടെ പ്രാഥമിക രൂപരേഖകള്‍ പൂര്‍ത്തീകരിച്ചു. പദ്ധതി രൂപരേഖകളുടെ അവലോകനം പൂര്‍ത്തിയാക്കി ശേഷിക്കുന്ന കവലകള്‍ക്ക് വിവിധ അധികാരികളുടെ അംഗീകാരം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

സൊഹാര്‍ തുറമുഖത്തെ യുഎഇ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ശൃംഖല നിര്‍മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായി ഒമാന്‍ റെയിലും ഇത്തിഹാദ് റെയിലും സംയുക്ത സംരംഭം സ്ഥാപിച്ചിട്ടുണ്ട്. ഡിസൈന്‍, ടെക്‌നിക്കല്‍ സ്റ്റഡീസ് അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഒരു കണ്‍സള്‍ട്ടിംഗ് കമ്പനിയെ നിയമിച്ചിരുന്നുയ സ്ഥലമേറ്റെടുക്കല്‍ ജോലികള്‍ നടന്നുവരികയാണ്.

ബഹ്‌റൈനെ ജിസിസി റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന സമാന്തര പാലം പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി സൗദി ഗതാഗത മന്ത്രാലയത്തിന്റെയും ബഹ്‌റൈന്‍ ഗതാഗത മന്ത്രാലയത്തിന്റെയും സഹകരണത്തോടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള എഞ്ചിനീയറിംഗ് ഡിസൈനുകള്‍, കോണ്‍ടാക്റ്റ് പോയിന്റുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളുടെ കൈമാറ്റവും നടത്തിയിരുന്നു. കിംഗ് ഹമദ് കോസ്‌വേയിലൂടെയുള്ള റെയില്‍വേ ക്രോസ് സൗദി അറേബ്യയിലേക്ക് 21 കിലോമീറ്ററും ബഹ്‌റൈനിലേക്ക് 24 കിലോമീറ്ററും ഉള്ളിലേക്ക് നീട്ടും. നോര്‍ത്തേണ്‍ ട്രെയിന്‍ നെറ്റ്‌വര്‍ക്കില്‍ അവസാന പാസഞ്ചര്‍ സ്റ്റോപ്പുമായി സൗദി ഏറെ മുന്നിലാണ്.

ഖത്തര്‍ റെയിലിന്റെ അടിസ്ഥാന സൗകര്യ വകസനത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. ഖത്തറിനുള്ളിലെ റെയില്‍ ഇടനാഴിയുടെ ഏറ്റെടുക്കലും പൂര്‍ത്തിയായി. ദോഹ മെട്രോ 2019 മെയ് മുതല്‍ പ്രവര്‍ത്തനക്ഷമമാണ്. കുവൈറ്റിന്റെ 111 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കിന്റെ ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി കരാറിന് ഈ വര്‍ഷമാണ് രൂപരേഖയായത്.

പ്രധാന ജിസിസി നഗരങ്ങളും തുറമുഖങ്ങളും തമ്മിലുള്ള പ്രാദേശിക കണക്റ്റിവിറ്റി ഉണ്ടാവുന്നതോടെ ഗള്‍ഫിലുടനീളം ഗതാഗത സമയവും ചെലവും കുറയ്ക്കാന്‍ സാധിക്കും. വ്യാപാരവും നിക്ഷേപവും വര്‍ധിക്കുകയും ചെയ്യും. ദശാബ്ദങ്ങള്‍ നീണ്ട സംവാദത്തിന് ശേഷം 2009ലാണ് എല്ലാ അംഗരാജ്യങ്ങളും ജിസിസി റെയില്‍വേ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version