India

ജി20 ഉച്ചകോടി: സൗദി കിരീടാവകാശി ഇന്ത്യയിലേക്ക്, ചർച്ച ചെയ്യാൻ നിരവധി വിഷയങ്ങൾ

Published

on

റിയാദ്: ജി20 ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുന്ന രാജ്യം ഇത്തവണ ഇന്ത്യയാണ്. ജി20 നേതാക്കളുടെ സമ്മേളത്തിന് ഇന്ത്യ പൂർണ സജ്ജമായി കഴിഞ്ഞു. നാൽപതോളം രാജ്യങ്ങളിലെ പ്രധാന നേതാക്കളും രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും. ജി20 ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ‍സമ്മേളനമാകും ഇന്ത്യയിൽ നടക്കുന്നതെന്ന് മോദി കഴിഞ്ഞ തവണ മൻകിബാത്തിൽ പറഞ്ഞിരുന്നു. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിൽ എത്തും. അടുത്ത മാസം ആയിരിക്കും ഇന്ത്യയിലേക്ക് കിരീടാവകാശി എത്തുന്നത്.

സെപ്തംബർ 9, 10 ദിവസങ്ങളിലാണ് ഡൽഹിയിൽ ഉച്ചക്കോടി നടക്കുന്നത്. സൗദി കിരീടാവകാശി സെപ്റ്റംബർ 11 ന് ഇന്ത്യയിൽ എത്തും. ‌ ഇന്ത്യൻ നേതൃത്വവുമായി ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തും. രാഷ്ട്രപതി ഭവനിൽ വെച്ച് ഗാർഡ് ഒഫ് ഓണർ സൽമാൻ രാജകുമാരന് നൽകും. സൽമാൻ രാജാവിന്റെ ഇന്ത്യ സന്ദർശനത്തിന് കാര്യമായ നയതന്ത്ര പ്രാധാന്യമുണ്ട്.

കിരീടാവകാശിയായതിന് ശേഷമുള്ള ആദ്യത്തെ ഇന്ത്യ സന്ദർശനമാണ് ഇത്. 2019 ഫെബ്രുവരിയിൽ ഉപപ്രധാനമന്ത്രിയായിരിക്കെ സൽമാൻ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയിരുന്നു. സൗദി അറേബ്യയിൽ നിന്നുള്ള ഉന്നതതല സംഘം കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. രാജാകുമാരന്റെ ഇന്ത്യ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയാണ് സംഘം എത്തിയത്.

കഴിഞ്ഞ നവംബറിൽ നടത്താനിരുന്ന ഇന്ത്യാ സന്ദർശനം തിരക്കുകൾ പരിഗണിച്ച് സൽമാൻ റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ 2019 സന്ദർശനത്തിന്റെ ഫലമായി സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ സ്ഥാപിക്കപ്പെട്ടു. രണ്ട് രാജ്യങ്ങളും വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രിയും സൗദി ഊർജ മന്ത്രിയും നേതൃത്വം നൽകുന്ന സാമ്പത്തിക, നിക്ഷേപ കാര്യങ്ങളിൽ രണ്ട് രാജ്യങ്ങളും ശ്രദ്ധ കേന്ദീകരിക്കുന്നുണ്ട്.

വ്യാപാരത്തിന്റെ കാര്യത്തിൽ, ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 18 ശതമാനവും സൗദി അറേബ്യയിൽ നിന്നാണ്. 2022 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-ഡിസംബർ), ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം 29.28 ബില്യൺ യുഎസ് ഡോളറായിരുന്നു. ഈ കാലയളവിൽ ഇന്ത്യ സൗദി അറേബ്യയിൽ നിന്ന് 22.65 ബില്യൺ യുഎസ് ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യുകയും 6.63 ബില്യൺ യുഎസ് ഡോളറിന്റെ സാധനങ്ങൾ കയറ്റുമതി ചെയ്യുകയും ചെയ്തു.

ഉഭയകക്ഷി ബന്ധത്തിന്റെ മറ്റൊരു സുപ്രധാന കാര്യം സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളാണ്. ഏകദേശം 2.2 ദശലക്ഷം ഇന്ത്യക്കാർ സൗദിയിൽ ജോലി ചെയ്യുന്നുണ്ട്. മാത്രമല്ല, വാർഷിക ഹജ്ജ് തീർത്ഥാടനം നിർണായക പങ്ക് വഹിക്കുന്നു. 2019 ഫെബ്രുവരിയിൽ കിരീടാവകാശിയുടെ ഡൽഹി സന്ദർശന വേളയിൽ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 24,975 വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ വർഷം ഓഗസ്റ്റിൽ 200,000 ഇന്ത്യക്കാർക്ക് ഹജ്ജ് തീർഥാടനത്തിന് സൗദി അനുമതി നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version