റിയാദ്: പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം പടപ്പറമ്പ് പാങ്ങിച്ചേണ്ടി സ്വദേശി ഉമറുൽ ഫാറൂഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. 34 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 12 ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ കരിപ്പൂരിലെത്തി.
റിയാദ് എക്‌സിറ്റ് അഞ്ചിലുള്ള അബ്ദുല്ല ബിൻ നാസർ അൽ മുഹൈനി മസ്ജിദിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. പിതാവ്: ഉമറുൽ ഫാറൂഖ്, ഭാര്യ: ഹൈറുന്നിസ, മകൻ: ഫൈസാൻ. സാഹോദരങ്ങൾ: ഹമീദ് (റിയാദ്), ഹനീഫ, ഫൈസൽ ബാബു, ആയിഷ ഫിർദൗസ്, യൂസഫ്, അബ്ദുറഹ്മാൻ.
റിയാദ് ന്യൂ സനാഇയയിലെ ഒരു ഹോട്ടലിൽ ആണ് ഉമറുൽ ഫാറൂഖ് ജോലി ചെയ്തിരുന്നത്. ഇതിന്റെ ഇടയിൽ ആണ് അദ്ദേഹത്തിന് പക്ഷാഘാതം പിടിപ്പെടുന്നത്. തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുവാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ അത് പരാജയപ്പെട്ടു.
ആറുമാസത്തെ ചികിത്സക്കായി നാലരകോടിയോളം രൂപയാണ് ചെലവായത്. സൗദി സർക്കാർ ആണ് ചികിത്സക്കായി പണം ചെലവാക്കിയത്. സൗദി ജർമൻ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് വിമൽ, ജിൽസ്, നഴ്സിങ് സൂപ്രണ്ട് ജിഷ മോൾ, ഫാർമസിസ്റ്റ് മഹേഷ് എന്നീ മലയാളി ജിവനക്കാരുടെ സേവനം ഉണ്ടായിരുന്നു. ഐസിഎഫ് റിയാദ് സെൻട്രൽ സാന്ത്വനം വിങ്ങാണ് ആവശ്യമായ സഹായവുമായി രംഗത്തെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഇവർ ആയിരുന്നു രംഗത്തുണ്ടായിരുന്നത്.