Kerala

സംസ്ഥാനത്തെ 80% ഹോട്ടലുകള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ല

Published

on

കൊച്ചി: സംസ്ഥാനത്തെ 80 ശതമാനത്തോളം ഹോട്ടലുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ. 1974-ല്‍ നിലവില്‍വന്ന ജലനിയമവും 1981-ല്‍ നിലവില്‍വന്ന വായുനിയമവും അനുസരിച്ച് ഹോട്ടലുകളും ഓഡിറ്റോറിയങ്ങളുമൊക്കെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെയേ പ്രവര്‍ത്തിക്കാവൂ എന്നാണ്. ബോര്‍ഡിന്റെ അനുമതിയില്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഹോട്ടലുകള്‍ക്കും മറ്റും ലൈസന്‍സ് നല്‍കുന്നത് നിയമവിരുദ്ധമാണ്.

മലിനജല സംസ്‌കാരണ പ്ലാന്റ് അടക്കമുള്ള സംവിധാനം ഉണ്ടെങ്കിലേ ബോര്‍ഡിന് ഹോട്ടലുകള്‍ക്കും മറ്റും പ്രവര്‍ത്തനാനുമതി നല്‍കാനാകൂ. ഹോട്ടലുകളില്‍നിന്നുള്ള ഭക്ഷ്യവിഷബാധയ്ക്ക് മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കാത്തതും കാരണമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് അഞ്ചുലക്ഷത്തോളം ഹോട്ടലുകളുണ്ടെന്നാണ് കണക്ക്. ബോര്‍ഡ് അഞ്ചുവര്‍ഷത്തേക്കാണ് പ്രവര്‍ത്തനാനുമതി നല്‍കേണ്ടത്. ഇതിനായി നിശ്ചിത ഫീസ് ഉണ്ട്. ചെറിയ ഹോട്ടലുകള്‍ക്ക് ഇത് 4000 മുതല്‍ 5000 വരെയാണ്. ബോര്‍ഡിന്റെ അനുമതി നേടണമെന്ന നിയമം നടപ്പാക്കാത്തതിനാല്‍ ഈ വകയില്‍ സര്‍ക്കാരിന് ലഭിക്കാവുന്ന 150 കോടിയോളം രൂപ നഷ്ടമാകുന്ന സാഹചര്യവുമുണ്ട്. രാഷ്ട്രീയ, സംഘടനാതലത്തിലുള്ള സമര്‍ദമാണ് നിയമം നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നതെന്ന വിമര്‍ശവും ശക്തമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version