Gulf

സൗദിയില്‍ ആദ്യമായി ഇന്ത്യന്‍ സ്‌കൂളിന് വനിതാ ചെയര്‍പേഴ്‌സണ്‍; ഡോ. ഹേമലത ഉടന്‍ ചുമതലയേല്‍ക്കും

Published

on

ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത മാനേജിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍. ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ ഭരണസമിതി സാരഥിയായി ഡോ. എം ഹേമലതയെ തെരഞ്ഞെടുത്തു.

സൗദി അറേബ്യയിലെ കിങ് അബ്ദുല്‍ അസീസ് സര്‍വകലാശാലയിലാണ് ഹേമലത ജോലിചെയ്യുന്നത്. തമിഴ്‌നാട് സ്വദേശിനിയാണ്. ഡോ. പ്രിന്‍സ് മുഫ്തി സിയാവുല്‍ ഹസന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ സാരഥിയെ തെരഞ്ഞെടുത്തത്. ഹേമലത ഉടന്‍ ഭരണസമിതി അധ്യക്ഷയായി ചുമതലയേല്‍ക്കും.

1969ലാണ് ജിദ്ദയില്‍ ഇന്ത്യന്‍ എംബസി സ്‌കൂള്‍ ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെയും സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും അനുമതിയോടെയും മേല്‍നോട്ടത്തിലുമാണ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം. ജിദ്ദയ്ക്ക് പുറമേ റിയാദ്, ദമ്മാം, തബൂക്ക്, ജുബൈല്‍, അല്‍ഖസീം, അല്‍കോബാര്‍, മജ്മ, ത്വാഇഫ് എന്നിവിടങ്ങളില്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളുകളുണ്ട്.

ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍. എംബസിയുടെ നിയന്ത്രണത്തിലുള്ള ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് പുറമേ 35ലധികം പ്രമുഖ സ്വകാര്യ വിദ്യാലയങ്ങളും സൗദിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version