ദോഹ: ഖത്തര്‍ ലോകകപ്പ് അവിസ്മരണീയ അനുഭവമെന്ന് ഫിഫ പ്രസിഡന്റ് ജിയാനോ ഇന്‍ഫാന്റിനൊ. ലോകകപ്പ് നടത്തിപ്പില്‍ ഖത്തറിന്റെ ആതിഥേയത്വത്തെ പ്രശംസിച്ചുകൊണ്ടാണ് ഇന്‍ഫാന്റിനൊ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഫിഫ ബെസ്റ്റ് 2023 പുരസ്‌ക്കാരദാന ചടങ്ങിലാണ് ഫിഫ പ്രസിഡന്റ് 2022 ലോകകപ്പ് മികച്ചതാക്കിയ ഖത്തറിന്റെ സംഘാടക മികവിനെ പ്രശംസിച്ചത്. തിങ്കളാഴ്ച്ച സൂറിച്ചിലാണ് പ്രൗഢ ഗംഭീരമായ ഫിഫ ബെസ്റ്റ് 2023 പുരസ്‌ക്കാരദാന ചടങ്ങ് നടന്നത്.
ഖത്തര്‍ ലോകകപ്പിന്റെ താരമായ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി മികച്ച താരമായി പുരസ്‌ക്കാരമേറ്റുവാങ്ങിയ ചടങ്ങിനിടെയാണ് ഖത്തര്‍ ലോകകപ്പിന്റെ സംഘാടന മികവിനെ ജിയാനോ ഇന്‍ഫാന്റിനൊ പ്രശംസിക്കുന്നത്. ‘ഈ അവസരം ഖത്തറിന് നന്ദി പറയാന്‍ ഉപയോഗിക്കുകയാണ്. ഏറ്റവും മനോഹരവും മികവുറ്റരീതിയിലുമാണ് ഖത്തര്‍ ലോകകപ്പിന് വേദിയൊരുക്കിയത്. ലോകകപ്പ് അവിസ്മരണീയ അനുഭവമായിരുന്നു.ഫൈനല്‍ ഉള്‍പ്പടെയുള്ള പല മത്സരങ്ങളും പ്രൗഢ ഗംഭീരമായാണ് ഖത്തര്‍ സംഘടിപ്പിച്ചത്. അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം ലോകകപ്പിന്റെ ചരിത്രത്തിലെ മികച്ച മല്‍സരങ്ങളിലൊന്നായിരുന്നു’, ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു.
2022ലെ ലോകകപ്പ് ഫുട്ബാള്‍ മത്സരം മികച്ച രീതിയില്‍ സംഘടിപ്പിച്ചതിനാണ് ഖത്തറിനെ ഫിഫ പ്രസിഡന്റ് ജിയാനോ ഇന്‍ഫാന്റിനോ അഭിനന്ദിച്ചത്. ലോകത്താകെയുള്ള ഫുട്ബാള്‍ ആരാധകര്‍ക്ക് ആഹ്ലാദം പകരുന്ന രീതിയിലാണ് ഖത്തര്‍ ലോകകപ്പ് മത്സരം സംഘടിപ്പിച്ചതെന്നാണ് ഇന്‍ഫാന്റിനൊ ഖത്തറിനുമേല്‍ പ്രശംസ ചൊരിഞ്ഞത്.