ലോക്സഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച നടൻ കൃഷ്ണകുമാർ പരാജയപ്പെട്ടിരുന്നു. കൃഷ്ണകുമാർ തോറ്റതോടെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് വരുന്നത്. ‘അച്ഛൻ പൊട്ടിയല്ലോ’ എന്ന് ചോദിച്ചയാൾക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. ‘അയിന്’ എന്നാണ് നടിയുടെ മറുപടി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചോദിച്ചയാളുടെ മെസ്സേജും മറുപടിയും അഹാന പങ്കുവെച്ചിട്ടുണ്ട്.
നേരത്തെ, മകള്‍ എന്ന നിലയിലാണ് താൻ അച്ഛനെ പിന്തുണയ്ക്കുന്നതെന്നും അച്ഛന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ സന്തോഷമുണ്ടെന്നും രാഷ്ട്രീയത്തിലുപരിയായാണ് ഇതിനെ നോക്കിക്കാണുന്നതെന്നും അഹാന പറഞ്ഞിരുന്നു. നടി എന്ന നിലയിലോ രാഷ്ട്രീയം നോക്കിയോ അല്ല തന്റെ തീരുമാനമെന്നും അഹാന വ്യക്തമാക്കിയിരുന്നു.
കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻ കെ പ്രേമചന്ദ്രൻ വിജയിച്ചപ്പോൾ ഇടത് സ്ഥാനാർഥിയായ മുകേഷ് രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാർഥിയായ കൃഷ്ണകുമാർ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്. കുടുംബമായി കൃഷ്ണകുമാർ ഇലക്ഷൻ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ജനവിധിയെ സ്നേഹപൂർവം സ്വീകരിക്കുന്നുവെന്നും കൊല്ലം മണ്ഡലത്തിൽ പ്രവർത്തനങ്ങൾ തുടരുമെന്നും ഇദ്ദേഹം അറിയിച്ചിരുന്നു.