മസ്‌കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്ന 38 കാരനായ ഇന്ത്യന്‍ യാത്രക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് വിമാനത്തില്‍ വച്ച് മരിച്ചു. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ഇളയന്‍കുടി സ്വദേശി കെ ധനശേഖരനാണ് മരിച്ചത്.
മസ്‌കറ്റില്‍ ജോലി ചെയ്തിരുന്ന ധനശേഖരന്‍ അവധിക്ക് നാട്ടിലേക്ക് പോയതായിരുന്നു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം എല്ലാ യാത്രക്കാരും വിമാനം വിട്ടപ്പോള്‍ ധനശേഖരനെ സീറ്റില്‍ കാണുകയും കാബിന്‍ ക്രൂ അദ്ദേഹത്തെ പരിശോധിക്കുകയുമായിരുന്നു.
യാത്രക്കാരന്‍ ഉറങ്ങിപ്പോയതാണെന്ന് കരുതി ജീവനക്കാര്‍ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അബോധാവസ്ഥയിലാണെന്ന് കണ്ടെത്തി. ഉടന്‍ തന്നെ വിമാനത്താവള അധികൃതരെ വിവരമറിയിച്ചു. മെഡിക്കല്‍ സംഘമെത്തി ധനശേഖരനെ പരിശോധിക്കുകയും എയര്‍പോര്‍ട്ട് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലെത്തിക്കുകയുംചെയ്തു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ധനശേഖരന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി പോലീസ് പറഞ്ഞു. എയര്‍പോര്‍ട്ട് പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 22ന് മുംബൈ-റാഞ്ചി ഇന്‍ഡിഗോ വിമാനത്തില്‍ 62 കാരനായ ഒരു യാത്രക്കാരന്‍ രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ വിമാനം നാഗ്പൂരിലെ ബാബാസാഹെബ് അംബേദ്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു. ദേവാനന്ദ് തിവാരി എന്ന യാത്രക്കാരനെ നാഗ്പൂരിലെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.