Bahrain

ജീവനക്കാരന്‍ വിദേശത്താണെങ്കിലും ബഹ്‌റൈനില്‍ തൊഴിലുടമക്ക് ഇനി മുതല്‍ വിസ പുതുക്കാം

Published

on

മനാമ: ജീവനക്കാരന്‍ രാജ്യത്തിന് പുറത്തായിരിക്കുന്ന സമയങ്ങളിലും ഓണ്‍ലൈന്‍ വഴി അവരുടെ വിസ പുതുക്കാന്‍ തൊഴിലുടമയ്ക്ക് അനുമതി നല്‍കി ബഹ്‌റൈന്‍. വിസ കാലാവധി കഴിയുന്നതിന് മുമ്പായി ഇങ്ങനെ എളുപ്പത്തില്‍ പുതുക്കി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബഹ്‌റൈന്‍ പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് അഫയേഴ്‌സ് ഇതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം ദേശീയ, പാസ്‌പോര്‍ട്ട് (എന്‍പിആര്‍എ) വിഭാഗം അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖലീഫ വ്യക്തമാക്കി. ബഹ്‌റൈന്‍ നാഷണല്‍ പോര്‍ട്ടല്‍ വഴി റെസിഡന്‍സി പെര്‍മിറ്റ് പുതുക്കാന്‍ കഴിയും. വര്‍ക്ക് പെര്‍മിറ്റ്, പ്രവാസി മാനേജ്‌മെന്റ് സിസ്റ്റം വഴിയോ ഔദ്യോഗിക എല്‍എംആര്‍എ ചാനലുകള്‍ വഴിയോ പുതുക്കാവുന്നതാണ്.

പ്രവാസികള്‍ക്ക് ബഹ്‌റൈനില്‍ ഇല്ലാത്ത സമയത്താണണെങ്കിലും വിസ പുതുക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. എന്നാല്‍ ഇതിന് തൊഴിലുടമയുടെ അനുമതി നിര്‍ബന്ധമാണ്. എന്നാല്‍, വിസ കാലാവധി അവസാനിച്ചാല്‍ പുതുക്കാന്‍ സാധിക്കില്ല. വാണിജ്യ, സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍, രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ലേബര്‍ മാര്‍ക്കറ്റ് റെഗുലര്‍ അതോറിറ്റിയുമായി സംയോജിപ്പിച്ചാണ് സേവനം ലഭ്യമാക്കുക.

രാജ്യത്തെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനമൊരുക്കുന്നതെന്ന് അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഹിഷാം വിശദീകരിച്ചു. സര്‍ക്കാരിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഭരണകൂടം സേവനപ്രവര്‍ത്തനങ്ങള്‍ നവീകരിച്ചുവരികയാണ്. എല്‍എംആര്‍എയും എന്‍പിആര്‍എയും ഏകോപനം ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തൊഴില്‍ മേഖല കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രവാസി തൊഴിലാളികളുടെ സേവനം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേഗത്തിലും അനായാസവും പൂര്‍ത്തിയാക്കാന്‍ സ്വകാര്യ മേഖലയ്ക്ക് അവസരം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടര്‍ന്നുവരികയാണ്. പ്രവാസി തൊഴിലാളികളുടെയും ബിസിനസ് ഉടമകളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ കൂടി ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version