അബുദാബി: ടെക് പ്രേമികള്‍ക്കിടയില്‍ ആവേശത്തിന്റെ തരംഗം സൃഷ്ടിച്ച ആപ്പിള്‍ വിഷന്‍ പ്രോ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് വിമാന യാത്രക്കിടെ പരീക്ഷിക്കുന്ന എമിറേറ്റ്സ് എയര്‍ ഹോസ്റ്റസിന്റെ വീഡിയോ ശ്രദ്ധപിടിച്ചുപറ്റി. വിമാന യാത്രക്കിടെ ഇറ്റാലിയന്‍ കണ്ടന്റ് ക്രിയേറ്ററായ ഓട്ടോ ക്ലൈമാന്‍ ചിത്രീകരിച്ച വീഡിയോ ആണിത്. ആദ്യമായി ഗാഡ്ജെറ്റ് കാണുന്നതിന്റെ ആകാംക്ഷയും ആവേശവും പ്രകടിപ്പിച്ച എയര്‍ ഹോസ്റ്റസിന് ഉപയോഗിച്ചുനോക്കാന്‍ ക്ലൈമാന്‍ നല്‍കുകയായിരുന്നു.
ഫ്‌ളൈറ്റ് യാത്രക്കിടെ എയര്‍ ഹോസ്റ്റസിന് ഓട്ടോ ക്ലൈമാന്‍ ആപ്പിള്‍ വിഷന്‍ പ്രോ നല്‍കുന്നതോടെയാണ് വീഡിയോയുടെ തുടക്കം. തുടക്കത്തില്‍ മടിച്ചുനിന്ന അവള്‍ ഒടുവില്‍ അത് പരീക്ഷിക്കാന്‍ സമ്മതിക്കുന്നു. ഇത് ഒരാള്‍ ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നതെന്ന് അവര്‍ പറഞ്ഞുകൊണ്ടാണ് വച്ചുനോക്കുന്നത്. ആശ്ചര്യകരമെന്ന് വിശേഷിപ്പിച്ച അവര്‍ എല്ലാം ഇത്ര കൃത്യവും വ്യക്തവുമാകുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നര്‍മോക്തിയോടെ പ്രതികരിച്ചു. പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
കുറച്ച് നിമിഷങ്ങള്‍ ഉപയോഗിച്ച ശേഷം ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ഉപകരണം ക്ലൈമാന് തിരികെ നല്‍കുകയും പരീക്ഷിച്ചുനോക്കാന്‍ അവസരം നല്‍കിയതിന് നന്ദി പറയുകയും ചെയ്തു. ‘എല്ലാവരും വിഷന്‍ പ്രോ ഇഷ്ടപ്പെടുന്നു!’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് ക്ലൈമാന്‍ എഴുതിയത്.
എയര്‍ ഹോസ്റ്റസിന്റെ ആവേശകരമായ പ്രതികരണം ശ്രദ്ധപിടിച്ചുപറ്റിയതോടെ പ്രതികരണവുമായി എമിറേറ്റ്സും രംഗത്തെത്തി. വീഡിയോക്ക് താഴെ ‘ഞങ്ങള്‍ക്കും ശ്രമിക്കണം!’ എന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ‘എന്തൊരു നല്ല വൈബാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് കൈമാറുന്നത്’ എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ‘ഇത് അതിശയകരം തന്നെ’ എന്ന് മൂന്നാമന്‍. ‘സമാനമായ കാര്യം ചെയ്തതിന് എന്നെ പുറത്താക്കി. ഇത് പരസ്പരധാരണയോടെ ചെയ്തതാണെന്ന് ഞാന്‍ ഊഹിക്കുന്നു’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
ആപ്പിള്‍ വിഷന്‍ പ്രോ ഈ മാസം ആദ്യമാണ് വിപണിയിലെത്തിയത്. പുതിയ ഉല്‍പന്നത്തിന്റെ റിവ്യൂ ലോഞ്ചിങ് മുതല്‍ നിരവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണിന് ശേഷമുള്ള ഓണ്‍ലൈന്‍ ജീവിതത്തിലെ നൂതന അധ്യായമായി സാങ്കേതികവിദ്യയെ ചിലര്‍ വിശേഷിപ്പിക്കുന്നു. വെര്‍ച്വല്‍ അല്ലെങ്കില്‍ ഓഗ്മെന്റഡ് റിയാലിറ്റി ഇഷ്ടപ്പെടുന്നവര്‍ക്ക് ആപ്പിള്‍ സമര്‍പ്പിക്കുന്ന ഈ രംഗത്തെ നാഴികക്കല്ലായ കണ്ടുപിടിത്തമാണ് വിഷന്‍ പ്രോ. കൂടുതല്‍ കൃത്യതയുള്ള ഫേസ്ടൈം ചാറ്റുകള്‍, ഗെയിമിങ്, വീഡിയോ, പ്രോഡക്റ്റിവിറ്റി ആപ്പുകള്‍ എന്നിവ ഇതിന്റെ പ്രധാന പ്രത്യേകതകളാണ്.
ഒരു ദശാബ്ദത്തിലേറെ മുമ്പ് ഐഫോണ്‍ അവതരിപ്പിച്ച ശേഷമുള്ള ആപ്പിളിന്റെ ഏറ്റവും ഉയര്‍ന്ന വിലയുള്ള ഉത്പന്നമാണിത്. ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റിന് 3,499 യുഎസ് ഡോളര്‍ മുതല്‍ വില ആരംഭിക്കുന്നു. മെറ്റയുടെ മിക്‌സഡ്, വെര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങളുടെ നിരയിലെ ഏറ്റവും വിലയേറിയ ഹെഡ്സെറ്റിനേക്കാള്‍ മൂന്നിരട്ടിയിലധികം വിലവരും.
അതേസമയം, നിരവധി ഉപയോക്താക്കള്‍ തലവേദന, കണ്ണിന് ബുദ്ധിമുട്ട്, ചലന രോഗം എന്നിവ കാരണം ഹെഡ്‌സെറ്റുകള്‍ തിരിച്ചുനല്‍കുകയുണ്ടായി. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. വന്‍തുക ചെലവവഴിച്ചിട്ടും ഉപയോഗിക്കാനുള്ള അസൗകര്യങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു.