ഏകദിന ലോകകപ്പിൽ എട്ടാം തവണയും പാകിസ്താനെ വീഴ്ത്തി ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ടീം ഇന്ത്യയുടെ ജയം. കളിയിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 191 റൺസിന് ഓളൗട്ടായപ്പോൾ, ഇന്ത്യ വെറും 30.3 ഓവറുകളിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം നേടുകയായിരുന്നു. രോഹിത് ശർമയുടെ മാസ്മരിക പ്രകടനമാണ് ഇന്ത്യയുടെ ജയത്തിന് പിന്നിലെ പ്രധാന ഹൈലൈറ്റ്. 2023 ലെ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. പാകിസ്താന്റെ ആദ്യ പരാജയവും. ഇന്ത്യ-പാക് മത്സരത്തിൽ നടന്ന പ്രധാന സംഭവങ്ങൾ നോക്കാം.
പാക് ഇന്നിങ്സ്
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബോൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഓപ്പണർമാരായ ഷഫീഖും, ഇമാം ഉൾ ഹഖും പുറത്താകുമ്പോൾ പാകിസ്താൻ ബോർഡിൽ 73 റൺസ്. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ബാബർ അസമും, മൊഹമ്മദ് റിസ്വാനും ഒത്തുചേർന്നതോടെ പാകിസ്താൻ മികച്ച രീതിയിൽ സ്കോർ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ പാക് ഇന്നിങ്സിന്റെ മുപ്പതാം ഓവറിൽ ബാബർ അസമിനെ വീഴ്ത്തി സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. 58 പന്തുകളിൽ 7 ബൗണ്ടറികളുടെ സഹായത്തോടെ 50 റൺസായിരുന്നു ബാബറിന്റെ സമ്പാദ്യം. പിന്നാലെ പാകിസ്താൻ ബാറ്റിങ് ഒരു ചീട്ടുകൊട്ടാരം പോലെ തകരുന്നതായിരുന്നു നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കണ്ടത്.
പാകിസ്താന്റെ കൂട്ടത്തകർച്ച
ക്യാപ്റ്റൻ വീണതോടെ ഒന്നിന് പുറകേ ഒന്നായി പാക് ബാറ്റർമാർ പവലിയനിലേക്ക് മടങ്ങിക്കൊണ്ടിരുന്നു. 155/2 എന്ന നിലയിൽ നിന്ന് വെറും 36 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നഷ്ടമായ പാകിസ്താൻ 191 റൺസിൽ ഓളൗട്ടായി. 49 റൺസെടുത്ത മൊഹമ്മദ് റിസ്വാനാണ് പാക് ബാറ്റിങ്ങിലെ രണ്ടാമത്തെ ടോപ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രിത് ബുംറ, മൊഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ഇന്ത്യയുടെ ചേസ്
192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ തുടക്കം മുതൽ ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. എന്നാൽ സ്കോർ ബോർഡിൽ 23 റൺസെത്തിയപ്പോൾ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. 11 പന്തിൽ 16 റൺസെടുത്താണ് താരം പുറത്തായത്. ഗിൽ വീണതോടെ രോഹിത് ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. പാക് ബോളർമാർക്കെതിരെ അദ്ദേഹം കടന്നാക്രമണം നടത്തിയതോടെ ഇന്ത്യൻ സ്കോർ റോക്കറ്റ് വേഗത്തിൽ കുതിച്ചുകയറി. ഇതിനിടെ 16 റൺസെടുത്ത വിരാട് കോഹ്ലിയുടെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും രോഹിതിനെ അതൊന്നും ബാധിച്ചില്ല. ആക്രമിച്ച് കളിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. ഈ തീരുമാനം തന്നെയാണ് ഇന്ത്യ കളിയിൽ ഒരു സെക്കൻഡിൽ പോലും ബാക്ക്ഫുടിലാവാതിരിക്കാനും ജയം ഇത്ര അനായാസമാകാനും കാരണം.
നേരത്തെ ക്യാപ്റ്റൻസിയിലും ഉജ്ജ്വല ഫോമിലായിരുന്ന രോഹിത് ഇത് തന്റെ ദിവസമാണെന്ന് പ്രകടനത്തിലൂടെ അടിവരയിടുകയായിരുന്നു. രോഹിതിന്റെ ഓൾ റൗണ്ട് മികവ് തന്നെയാണ് ഇന്ത്യയുടെ വിജയം ഇത്ര എളുപ്പമാക്കിയത്.ഇന്ത്യൻ സ്കോർ 156 ലെത്തിയപ്പോൾ രോഹിത് പുറത്തായെങ്കിലും ഇന്ത്യ അപ്പോളേക്കും വിജയം ഉറപ്പിച്ചിരുന്നു. 63 പന്തിൽ ആറ് വീതം ബൗണ്ടറികളും സിക്സറുകളുമടക്കം 86റൺസായിരുന്നു രോഹിത് നേടിയത്. 53 റൺസോടെ ശ്രേയസ് അയ്യറും, 19 റൺസുമായി കെ എൽ രാഹുലുമായിരുന്നു ഇന്ത്യ ജയിക്കുമ്പോൾ ക്രീസിൽ
ഒരിക്കൽക്കൂടി ഏകദിന ലോകകപ്പിൽ പാകിസ്താനെ തോൽപ്പിച്ചതോടെ 50 ഓവർ ലോകകപ്പിൽ അവർക്കെതിരായ വിജയശതമാനം 100 ആക്കി നിലനിർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഏകദിന ലോകകപ്പിൽ ഇത് എട്ടാമത്തെ തവണയായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിൽ കളിച്ചത്. ഈ എട്ട് തവണയും ടീം ഇന്ത്യയുടേത് തന്നെയായിരുന്നു അവസാന ചിരി. 1992, 1996, 1999, 2003, 2011, 2015, 2019 ലോകകപ്പുകളിലാണ് ഇന്ത്യ പാകിസ്താനെ കീഴടക്കിയത്.
രോഹിതിന് കിടിലൻ റെക്കോഡുകൾ
പാകിസ്താനെതിരെ ഇന്ത്യയുടെ ബാറ്റിങ് ഹീറോ ക്യാപ്റ്റൻ രോഹിത് ശർമയായിരുന്നു. 63 പന്തിൽ 86 റൺസാണ് ഉജ്ജ്വല ഫോമിലായിരുന്ന രോഹിത് നേടിയത്. ഈ ഇന്നിങ്സിനിടെ സിക്സടിയിലെ ചില കിടിലൻ റെക്കോഡുകൾ സ്വന്തമാക്കാനും രോഹിത് ശർമ്മയ്ക്കായ്. ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തുന്ന താരങ്ങളിൽ ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്ന് മൂന്നാമതെത്താൻ രോഹിതിനായി. ഇനി എബി ഡി വില്ലിയേഴ്സും, ക്രിസ് ഗെയിലുമാണ് ഈ നേട്ടത്തിൽ രോഹിതിന് മുന്നിലുള്ളത്.
ഏകദിന ക്രിക്കറ്റിൽ 300 സിക്സറുകളെന്ന നാഴികക്കല്ലിലെത്താനും ഈ ഇന്നിങ്സിനിടെ രോഹിതിന് കഴിഞ്ഞു. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം കളിക്കാരനാണ് രോഹിത്.