ദുബായ്: വിശുദ്ധ മാസത്തിന്റെ വരവ് അറിയിച്ച് ദുബായില്‍ പ്രസിദ്ധമായ ‘റമദാന്‍ സൂഖ്’ ആരംഭിച്ചു. ബര്‍ ദെയ്റയിലെ ചരിത്രപ്രസിദ്ധമായ പഴയ മുനിസിപ്പാലിറ്റി സ്ട്രീറ്റില്‍ നടക്കുന്ന ഈ പരമ്പരാഗത മാര്‍ക്കറ്റില്‍ റമദാന്‍ തയ്യാറെടുപ്പുകള്‍ക്ക് ആവശ്യമായ വിവിധ ഇനങ്ങളാണ് വില്‍പ്പന. കുറഞ്ഞ വിലയില്‍ മികവുള്ള സാധനങ്ങള്‍ ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ ശനിയാഴ്ച മുതല്‍ റദമാന്‍ സൂഖിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. റമദാന്‍ വ്രതാരംഭത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നോമ്പ് കാലം ആരംഭിക്കുന്നത് വരെയാണ് സൂഖിന്റെ പ്രവര്‍ത്തനം. മാര്‍ച്ച് ഒമ്പതു വരെ റമദാന്‍ സൂഖില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം.
യുഎഇയിലെ വിദേശ പൗരന്മാരെയും താമസക്കാരെയും വിനോദസഞ്ചാരികളെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്ന റമദാന്‍ സൂഖ് ദുബായിലെ ഒരു പ്രധാന പരിപാടിയായി മാറിയിട്ടുണ്ട്. ദുബായ് മുനിസിപ്പാലിറ്റിയുടെ റമദാന്‍ സ്‌പെഷ്യല്‍ മിനി മാര്‍ക്കറ്റ് പ്ലേസ് ആണിത്. റമാനിലേക്ക് ആവശ്യമായ ഈത്തപ്പഴത്തിന്റെ വൈവിധ്യമാര്‍ന്ന ശേഖരം ഇവിടെയുണ്ട്. കുറഞ്ഞ വിലയില്‍ മറ്റ് റദമാന്‍ വിഭവങ്ങളും ആവശ്യമായ വസ്തുക്കളും ലഭ്യമാണ്.
സൂഖിലെത്തുന്നവര്‍ക്ക് തത്സമയ വിനോദ പരിപാടികളും കുട്ടികള്‍ക്ക് ഉല്ലാസത്തിനുള്ള സൗകര്യങ്ങളും ആസ്വദിക്കാനാകും. കൂടാതെ, ‘ഹാഗ് അല്‍ ലൈല’ ആഘോഷിക്കുന്നതിനുള്ള പ്രത്യേക ഉല്‍പന്നങ്ങളും ഓഫറിലുണ്ട്.
എമിറേറ്റിലുടനീളമുള്ള പൈതൃക സ്ഥലങ്ങളുടെയും പഴയ മാര്‍ക്കറ്റുകളുടെയും സംരക്ഷണത്തിനും വികസനത്തിനും ദുബായ് മുനിസിപ്പാലിറ്റി വലിയ പ്രാധാന്യം നല്‍കിവരുന്നു. വിനോദത്തിലും ഉല്ലാസത്തിനുമുള്ള സൗകര്യങ്ങളും വാണിജ്യ ഇവന്റുകളും മറ്റും സംഘടിപ്പിച്ച് ദുബായുടെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാനും നിക്ഷേപകരെ പിന്തുണയ്ക്കാനും നിക്ഷേപം ആകര്‍ഷിക്കാനും മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നു.
രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്ന റമദാന്‍ സൂഖില്‍ ധാരാളം ഓഫറുകള്‍ ലഭ്യമാണ്. ഈ വിപണികളില്‍ ബര്‍ ദെയ്റയിലെ ഗ്രാന്‍ഡ് സൂഖും ഉള്‍പ്പെടുന്നു, ഇത് സാധാരണയായി ‘അല്‍ ദലാം സൂഖ്’ അല്ലെങ്കില്‍ ഡാര്‍ക്ക്നെസ് മാര്‍ക്കറ്റ് എന്നറിയപ്പെടുന്നു, വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ടതാണ്. അടുക്കള അവശ്യസാധനങ്ങളായ പാത്രങ്ങളും ട്രേകളും ലഭിക്കുന്ന പ്ലേറ്റ് മാര്‍ക്കറ്റ്, പുരുഷന്‍മാര്‍ക്കുള്ള തുണിത്തരങ്ങളും വൈവിധ്യമാര്‍ന്ന സാധനങ്ങള്‍ വില്‍ക്കുന്ന ‘സൂഖ് അല്‍ മനാസര്‍’ എന്നിവയും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. ചാരുകസേരകളുടെയും തലയിണകളുടെയും വില്‍പ്പനയ്ക്കായി മാത്രമുള്ള ‘അല്‍-മതാരിഹ് മാര്‍ക്കറ്റ്’ആണ് മറ്റൊരു പ്രത്യേകത.
ഭക്ഷണ വിപണി, മറൈന്‍ ടൂള്‍സ് മാര്‍ക്കറ്റ്, തുണിത്തരങ്ങള്‍ക്കായുള്ള ‘സൂഖ് അല്‍ ഖിലാക്’, പെര്‍ഫ്യൂം മാര്‍ക്കറ്റ്, സ്വര്‍ണ വിപണി എന്നിവ സമീപത്തെ മറ്റ് ശ്രദ്ധേയമായ മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടുന്നു.