ദുബായ്: ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍ വേനല്‍ക്കാലത്തിനു ശേഷം സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. 72,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന 120 ഇനങ്ങളില്‍ നിന്നുള്ള 150 ദശലക്ഷത്തിലധികം പൂക്കളാണ് മനോഹരമായ പുഷ്പ വിസ്മയഭൂമിയിലുള്ളത്.
മിറാക്കിള്‍ ഗാര്‍ഡന്റെ 12ാം സീസണില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്ന മനസ് കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ ഉള്‍ക്കൊള്ളിച്ച ആകര്‍ഷകമായ നിരവധി തീം വീഡിയോ അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും കുടുംബ സൗഹൃദ ഇവന്റുകള്‍ കൂടി ചേരുന്നതോടെ അവിസ്മരണീയമായ ഒരു വിനോദസഞ്ചാര അനുഭവം പ്രദാനം ചെയ്യുന്നു.
ശരാശരി 55,000 പ്രതിവാര സന്ദര്‍ശകരാണ് ഇവിടെ എത്താറുള്ളത്. ‘സ്മര്‍ഫ്‌സ് മഷ്‌റൂം വില്ലേജി’ല്‍ ഏഴ് പുതിയ ഭാഗങ്ങള്‍ കൂടി സജ്ജമാക്കിയിട്ടുണ്ട്. ഇത് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനും മികച്ച ഫോട്ടോകള്‍ പകര്‍ത്താനും കൂടുതല്‍ ഇടം നല്‍കുന്നു. കഴിഞ്ഞ വര്‍ഷം ഫിഫ ലോകകപ്പ് ആഘോഷങ്ങള്‍ അരങ്ങേറിയിരുന്ന പ്രദേശത്ത് അതുല്യവും ഇതുവരെ കണ്ടിട്ടില്ലാത്തതുമായ പുഷ്പ വസ്ത്രങ്ങള്‍ ധരിച്ച സ്മര്‍ഫ്‌സ് കഥാപാത്രങ്ങള്‍ കാഴ്ചക്കാരുടെ മനംകവരും.
പുതുതായി സെന്‍ട്രല്‍ പ്ലാസയ്ക്കുള്ളില്‍ നിരവധി ബൊട്ടാണിക്കല്‍ എക്‌സിബിറ്റുകളും ഒരുക്കിയിട്ടുണ്ട്. പൂന്തോട്ടത്തില്‍ ജലധാരയ്ക്കു വേണ്ടി കൂടുതല്‍ വലിപ്പമുള്ള പുതിയ വാട്ടര്‍ വീലും സ്ഥാപിച്ചു. നിലവിലുള്ള രണ്ട് ചെറിയ വാട്ടര്‍ വീലുകള്‍ക്കൊപ്പമാണിത്. ഈ വര്‍ഷവും പാര്‍ക്കിങ് സ്ഥലം കൂട്ടിയിട്ടുണ്ട്. പാര്‍ക്കിനുള്ളില്‍ ഭക്ഷ്യ-പാനീയ വില്‍പ്പനകളും വിപുലമാക്കി.
പൂന്തോട്ടത്തിലുടനീളം കൂടുതല്‍ ഇരിപ്പിടങ്ങള്‍ നിര്‍മിച്ചു. പുഷ്പ തുരങ്കങ്ങള്‍, നൂതനമായ ത്രീഡി ഇന്‍സ്റ്റാലേഷനുകള്‍, രണ്ട് കൈകളുടെ രൂപത്തിലുള്ള രണ്ട് ഹൃദയാകൃതിയിലുള്ള ഘടനകള്‍ എന്നിവ പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പെടുന്നു. ഹില്‍ ടോപ്പ്, ബട്ടര്‍ഫ്‌ളൈ പാസേജ്, ബിഗ് ടെഡി ബിയര്‍, ലേക്ക് പാര്‍ക്ക്, ഫ്‌ലോറല്‍ ക്ലോക്ക്, ഫ്‌ലോറല്‍ കാസില്‍ എന്നിവ ദുബായ് മിറാക്കിള്‍ ഗാര്‍ഡന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
2011ല്‍ തുറന്ന ഗാര്‍ഡന്‍ 2016ല്‍ ലോകത്തിലെ ഏറ്റവും വലിയ പുഷ്പ ഇന്‍സ്റ്റാലേഷന്‍ എന്ന റെക്കോഡ് ഉള്‍പ്പെടെ മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡുകള്‍ കുറിച്ചിരുന്നു. മുതിര്‍ന്നവര്‍ക്ക് 75 ദിര്‍ഹവും മൂന്നു മുതല്‍ 12 വയസ്സുള്ളവര്‍ക്ക് 60 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശമം സൗജന്യമാണ്.
തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ രാത്രി 9 വരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 11 വരെയുമാണ് പ്രവേശനം. ദുബായ് സൗത്ത്-3യിലെ അല്‍ ബര്‍ഷയില്‍ ദുബായ് ലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഗാര്‍ഡനിലേക്ക് ദുബായ് മെട്രോ, ബസ്, ടാക്‌സി എന്നിവ ഉപോയോഗിച്ച് എത്തിച്ചേരാം.