Gulf

ദുബായ് ജലയാത്രാ വികസനപദ്ധതി-2030ന് അംഗീകാരം; ആദ്യ എമിറാത്തി മറൈന്‍ വനിതാ ക്യാപ്റ്റനുമായി കിരീടാവകാശിയുടെ കൂടിക്കാഴ്ച

Published

on

ദുബായ്: 2030ഓടെ 2.2 കോടി യാത്രക്കാര്‍ക്ക് സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ദുബായിലെ സമുദ്ര ഗതാഗത ശൃംഖല വികസിപ്പിക്കുന്നു. ജലപാതകള്‍, ബോട്ടുകള്‍, സ്‌റ്റേഷനുകള്‍ എന്നിവ വര്‍ധിപ്പിക്കുന്ന ജലയാത്രാ വികസനപദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അംഗീകാരം ലഭിച്ചു.

ദുബായ് മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് മാസ്റ്റര്‍ പ്ലാന്‍ എമിറേറ്റിന്റെ സമുദ്ര ഗതാഗത ശൃംഖല 188 ശതമാനം വികസിപ്പിക്കുന്നതിനുമുള്ള പുതിയ പദ്ധതിയാണിത്. ദുബായ് ജലയാത്രാ വികസനപദ്ധതി-2030ന് പ്രാവര്‍ത്തികമാവുന്നതോടെ പാസഞ്ചര്‍ ലൈനുകളില്‍ 400 ശതമാനം വര്‍ധനവ് ഉണ്ടാകും. മരം കൊണ്ട് നിര്‍മിച്ച പരമ്പരാഗത മാതൃകയിലുള്ള ചെറുബോട്ടുകളെ ലോകത്തിലാദ്യമായി പൂര്‍ണ ഇലക്ട്രിക് സംവിധാനത്തിലൂടെ നിയന്ത്രിച്ച് സര്‍വീസ് ആരംഭിച്ചത് വിപുലമാക്കുന്നതിനു പുറമേ ഇവയ്ക്ക് ത്രീ ഡി പ്രിന്റിങ് ടെക്‌നോളജിലൂടെ പുതിയ മുഖം നല്‍കുകയും ചെയ്യും.

20 യാത്രക്കാരെ വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ത്രീഡി പ്രിന്റഡ് ബോട്ട് ആധുനികതയെ പരമ്പരാഗതവുമായി കൂട്ടിയിണക്കുന്നു. നിര്‍മാണ സമയം 90 ശതമാനം ലാഭിക്കാനും ചെലവ് 30 ശതമാനവും കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

സമുദ്ര ഗതാഗത ഉപയോക്താക്കളുടെ എണ്ണത്തില്‍ 51 ശതമാനം വര്‍ധനവാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ആസ്ഥാനം സന്ദര്‍ശിച്ച ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനോട് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. 1.47 കോടിയില്‍ നിന്ന് 2.22 കോടിയായി യാത്രക്കാരുടെ എണ്ണം വര്‍ധിക്കും.

സര്‍വീസ് നടത്തുന്ന കടലിലെ പാതയുടെ നീളം 55 കിലോമീറ്ററില്‍ നിന്ന് 158 കിലോമീറ്ററായി ഉയരും. മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകള്‍ 48 ല്‍ നിന്ന് 79 ആയി വര്‍ധിക്കുകയും ചെയ്യും. ദുബായ് ക്രീക്ക്, ദുബായ് വാട്ടര്‍ കനാല്‍, അറേബ്യന്‍ ഗള്‍ഫിന്റെ തീരപ്രദേശം, വിവിധ കടല്‍ത്തീരങ്ങള്‍ എന്നിവിടങ്ങളില്‍ സ്റ്റേഷനുകള്‍ വരും. പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ലൈനുകള്‍ ഏഴില്‍ നിന്ന് 35 ആക്കി ഉയര്‍ത്തുന്നതും ഗതാഗത കപ്പലുകള്‍ 32 ശതമാനം വികസിപ്പിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇവയുടെ എണ്ണം 196ല്‍ നിന്ന് 258 ആയി വര്‍ധിക്കും.

തന്റെ സന്ദര്‍ശന വേളയില്‍, ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിളിന്റെ ആദ്യ എമിറാത്തി വനിതാ ക്യാപ്റ്റനായ ഹനാദി അല്‍ ദോസേരിയുമായി കൂടിക്കാഴ്ച നടത്തി. തീരദേശ യാത്രകളില്‍ 200 ടണ്‍ ഭാരമുള്ള കപ്പലുകള്‍ പൈലറ്റ് ചെയ്യാന്‍ ആവശ്യമായ യോഗ്യതകള്‍ നേടിയെടുക്കാനുള്ള തന്റെ ശ്രമങ്ങളെ കുറിച്ച് ഹനാദി അദ്ദേഹത്തോട് വിവരിച്ചു.

12, 24 മീറ്റര്‍ വിഭാഗങ്ങളില്‍ മറൈന്‍ ക്രാഫ്റ്റ് പൈലറ്റ് ചെയ്യാനുള്ള അന്താരാഷ്ട്ര ലൈസന്‍സ് ഹനാദിക്കുണ്ട്. നാവികര്‍ക്കായുള്ള പരിശീലനം, സര്‍ട്ടിഫിക്കേഷന്‍, വാച്ച്കീപ്പിങ് (എസ്ടിസിഡബ്ല്യു) എന്നിവയുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന അഞ്ച് സുരക്ഷാ പരിശീലന സര്‍ട്ടിഫിക്കറ്റുകള്‍ അല്‍ ദോസേരിയുടെ യോഗ്യതകളില്‍ ഉള്‍പ്പെടുന്നു. കൂടാതെ, മൂന്ന് മാസത്തെ സമുദ്രസേവനം വിജയകരമായി പൂര്‍ത്തിയാക്കുകയും രണ്ട് പ്രത്യേക പരിശീലന സര്‍ട്ടിഫിക്കറ്റുകള്‍ കൂടി നേടുകയും ചെയ്തു. ദുബായ് ഫെറിയില്‍ അഞ്ച് മാസത്തെ സമഗ്ര പരിശീലനവും പൂര്‍ത്തിയാക്കി.

ക്യാപ്റ്റന്റെ ആവശ്യമില്ലാതെ, 100 ശതമാനം കൃത്യതയോടെ സ്വയംപ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ കഴിഞ്ഞ മേയിലാണ് ദുബായ് നീറ്റിലിറക്കിയത്. ഷെയ്ഖ് ഹംദാന്‍ ഷെയ്ഖ് ഹംദാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇതിന്റെ ചിത്രങ്ങളും വിവരങ്ങളും അന്ന് പോസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version