ദുബായ്: ഇന്‍സ്റ്റാഗ്രാമിലെ വൈറല്‍ ട്രെന്‍ഡിനൊപ്പം ചേര്‍ന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദും. 16 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള തന്റെ ഇന്‍സ്റ്റ പേജില്‍ തന്റെ ഒരു അപൂര്‍വ ചിത്രം പങ്കുവച്ചാണ് ദുബായിയുടെ പ്രിയപ്പെട്ട കിരീടാവകാശി വൈറല്‍ ട്രെന്‍ഡിന്റെ ഭാഗമായത്.
നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് ആപ്ലിക്കേഷന്റെ ഒരു ടെംപ്ലേറ്റില്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് അവരുടെ ചിത്രം ചേര്‍ത്ത് പോസ്റ്റ് ചെയ്യുന്നതാണ് പുതിയ ട്രെന്‍ഡ്. ‘My Best Day’ (എന്റെ ഏറ്റവും നല്ല ദിവസം) എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുന്ന ചിത്രം ഒരു ടിവി ഷോയുടെയോ സിനിമയുടെയോ മുഖചിത്രമാണെന്ന് തോന്നിപ്പിക്കും. 50 ലക്ഷത്തോളം ഇന്‍സ്റ്റ ഉപയോക്താക്കള്‍ ഇതുവരെ ഈ ട്രെന്‍ഡിന്റെ ഭാഗമാവുകയുണ്ടായി.
ശെയ്ഖ് ഹംദാന്‍ സാധാരണ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുഎഇ രാജകുടുംബത്തിന്റെ മറ്റൊരു വശം കാണിക്കുന്നതാണ് പുതുതായി അദ്ദേഹം നല്‍കിയിരിക്കുന്ന ചിത്രം. ഒരു സന്തോഷ വേളയില്‍ തന്റെ പിതാവ് ശെയ്ഖ് മുഹമ്മദിനും സഹോദരങ്ങള്‍ക്കുമൊപ്പം തോളില്‍ കൈയിട്ട് സോഫയില്‍ ഇരിക്കുന്ന ചിത്രമായിരുന്നു ഇത്.
താന്‍ കുഞ്ഞായിരിക്കുമ്പോള്‍ തന്റെ കൈയും പിടിച്ച് ശെയ്ഖ് മുഹമ്മദ് ഒരു എയര്‍ബ്രിഡ്ജിലൂടെ നടക്കുന്നതിന്റെ വീഡിയോ ശെയ്ഖ് ഹംദാന്‍ ഈയിടെ ഇന്‍സ്റ്റയില്‍ പങ്കുവച്ചിരുന്നു. ‘അദ്ദേഹം പിടിച്ചാല്‍ മതി’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ഹൃദയസ്പര്‍ശിയായ ക്ലിപ്പ് 60 ലക്ഷത്തിലധികം പേര്‍ കാണുകയും 246,000 പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു.