ദില്ലി: കിഡ്നി സ്റ്റോൺ മാറണമെങ്കിൽ മൂത്രം കുടിക്കാൻ ഉപദേശിച്ചാൽ എങ്ങനെയിരിക്കും! ഇതെന്ത് മണ്ടത്തരമാണല്ലേ എന്ന് തോന്നുന്നുണ്ടല്ലേ. എങ്കിൽ ഇങ്ങനെയൊരു അബദ്ധം പറഞ്ഞ് എയറിലായിരിക്കുകയാണ് എഐ അടിസ്ഥാനമാക്കി നിർമ്മിച്ച സെർച്ച് സാങ്കേതിക വിദ്യയായ എസ്.ജി.ഇ (Search Generative Experience). ഇത് കാരണം പുലിവാല് പിടിച്ചതാകട്ടെ ഗൂഗിളും. എക്സിന്റെ യൂസറാണ് ആശാസ്ത്രീയവും വിചിത്രവുമായ ഈ മറുപടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. അദ്ദേഹം പങ്കുവെച്ച സ്ക്രീൻഷോട്ട് ഇതിനോടകം വൈറലായി കഴിഞ്ഞു.
കിഡ്നി സ്റ്റോൺ എങ്ങനെ മാറ്റാം എന്നതായിരുന്നു ചോദ്യം. ഇതിന് മറുപടിയായാണ് ഓരോ 24 മണിക്കൂറിലും നിങ്ങളുടെ രണ്ട് ലിറ്റർ മൂത്രം കുടിക്കാനുള്ള ഉപദേശം ലഭിച്ചത്. ഇതിന് പിന്നാലെ വെള്ളം, ഇഞ്ചി നീര്, നാരങ്ങാ വെള്ളം, നാരങ്ങ സോഡ അല്ലെങ്കിൽ പഴച്ചാർ കുടിക്കാനും നിർദ്ദേശത്തിൽ പറയുന്നുണ്ട്. സംഭവം വൈറലായതോടെ അപകടകരമായ നിർദേശം നല്കിയ ഗൂഗിളിനെ വിമർശിച്ച് നിരവധി പേർ സമൂഹമാധ്യമങ്ങളിലെത്തി. ഗൂഗിളിന്റെ എഐ സംവിധാനം നിരവധി വിമർശനങ്ങളാണ് നേരിടുന്നത് ഇപ്പോൾ. ‘സ്ഥിരമായി സ്വന്തം മൂത്രം രണ്ട് ലിറ്റർ വെച്ച് കുടിക്കുന്നതിനാൽ തനിക്ക് കിഡ്നിയിൽ കല്ല് ഇല്ലെ’ന്ന് കളിയാക്കി കുറിച്ചവരുമുണ്ട്.
ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഗൂഗിൾ വികസിപ്പിച്ചതാണ് എസ്ജിഎ. ഗൂഗിൾ വികസിപ്പിച്ച സെർച്ച് ഫലങ്ങളിലേക്കുള്ള ഒരു പുതിയ സമീപനമാണ് ഇതെന്നും പറയാം. സാധാരണയായി ഗൂഗിളിൽ എന്തെങ്കിലും സെർച്ച് ചെയ്യുമ്പോൾ നിരവധി വെബ്സൈറ്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. സെർച്ച് ചെയ്ത വിവരങ്ങൾ കണ്ടെത്താനായി ഈ വെബ്സൈറ്റുകളെല്ലാം സന്ദർശിക്കേണ്ടി വന്നേക്കാം. എന്നാൽ, ‘എസ്.ജി.ഇ’ ഗൂഗിൾ സെർച്ച് സംവിധാനത്തിൽ ഉൾചേർത്തതോടെ നിങ്ങൾ തിരയുന്ന എന്ത് കാര്യവും വേഗത്തിൽ തന്നെ ‘റിസൽട്ട് പേജിൽ’ ദൃശ്യമാകുമെന്നതാണ് പ്രത്യേകത.