വിമാന യാത്രക്കായി തയ്യാറെടുക്കുമ്പോൾ എപ്പോഴും ഒരു നൂറ് ടെൻഷൻസ് ആയിരിക്കും. പാസ്പോർട്ട് എടുത്തോ, ടിക്കറ്റ് കോപ്പി കെെവശം ഉണ്ടോ, ഇക്കാമ പേഴ്സിൽ തന്നെയില്ലേ അങ്ങനെ സംശയങ്ങൾ തീരില്ല. വീട്ടിൽ നിന്നും എയർപോർട്ടിലേക്ക് പോകുമ്പോൾ ഇതെല്ലാം ഒന്നുകൂടി അവസാനം ഉറപ്പുവരുത്തും. പേഴ്സ് പോക്കറ്റിൽ ഒതുക്കിവെക്കും. പ്രവാസികളെ സംബന്ധിച്ച് വീട്ടിൽ നിന്നും ഇറങ്ങുമ്പോഴുള്ള ഒരു അവസാനത്തെ ചടങ്ങ് ഇതാണ്.
ഇനി വിമാനത്താവളത്തിൽ എത്തിയാൽ വേറെ ടെൻഷൻ എത്തും. യാത്രയ്ക്കിടയിൽ ലഗേജുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ എന്തുചെയ്യണം എന്ന് പലർക്കും അറിയില്ല. എയർപോർട്ടിൽ നിന്നു ബഹളം വെച്ച് പലരും ബാഗ് എടുത്ത് മടങ്ങി പോകും. വിമാനത്താവളത്തിൽ നിന്നും ലഗേജുകൾ വലിച്ചെറിയുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. എന്നാൽ ഇനി കാര്യങ്ങൾ അങ്ങനെ അല്ല, ലഗേജിന് കേടുപാടുകൾ സംഭവിച്ചാൽ കൃത്യമായി നഷ്ടപരിഹാരം കിട്ടും. ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്.
സാധാരണയായി ലഗോജിന് സംഭവിക്കുന്ന കാര്യങ്ങൾ ഇവയാണ്. ലഗേജ് കീറി പോകുക, ബാഗ് പൊട്ടിപ്പോകുക അല്ലെങ്കിൽ ലഗേജിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ , ആഭരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ നഷ്ടപ്പെടുക എന്നിവയാണ് . ലഗേജിന് കേടുപാടുകൾ സംഭവിച്ചാൽ
എയർലൈനിന് ഉത്തരവാദിത്തമുണ്ട്. യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ എയർലൈൻ ബാധ്യസ്ഥനാണ്. നേരത്തെ കേടുപാടുകൾ ഉണ്ടെയെന്നും, പാക്കിങ് സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ടെയെന്ന് പരിശോധിച്ച ശേഷം ആയിരിക്കും എയർലെെൻ വിഷയത്തിൽ നിലപാട് എടുക്കുക. തങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ച തെറ്റാണെങ്കിൽ എയർലൈൻ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനായിരിക്കും.
നഷ്ടപരിഹാരം എല്ലാ വസ്തുക്കൾക്കും ലഭിക്കില്ല
നഷ്ടപരിഹാരം നൽകുന്ന സാധനങ്ങളിൽ നിന്നും ചില വസ്തുക്കളെ ഒഴിവാക്കിയിട്ടുണ്ട്. അത്തരം വസ്തുക്കൾ ലഗേജിൽ ഉൾക്കൊള്ളിക്കാൻ പാടില്ല. ഇനി അവ ലഗേജിൽ ഉൾക്കൊള്ളിച്ച് കേട് സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കില്ല. വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങൾ, പണം, ആഭരണങ്ങൾ, എന്നിവയെല്ലാം അവയിൽ ഉൾപ്പെടുന്നു. ഇവയ്ക്ക് ഒന്നും നഷ്ടപരിഹാരം ലഭിക്കില്ല. ട്രോളി ബാഗുകളുടെ വീലുകൾ, ഹാൻഡിലുകൾ, സ്ട്രാപ്പുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചാൽ എയർലൈനുകൾക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല.
24 മണിക്കൂറിനുള്ളിൽ പരാതി നൽകണം
ലഗേജുകൾക്ക് കേട്പാട് സംബന്ധിച്ചിട്ടുണ്ടെങ്കിൽ വിമാനം ലാന്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ പരാതി നൽകണം. നിശ്ചിത സമയത്തിനുള്ളിൽ പരാതി നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കില്ല. ആഭ്യന്തര വിമാനത്തിലാണ് നിങ്ങൾ യാത്ര ചെയ്യുന്നതെങ്കിൽ 24 മണിക്കൂറിനുള്ളിലും രാജ്യാന്തര വിമാനമാണെങ്കിൽ ലാൻഡ് ചെയ്ത് ഏഴു ദിവസത്തിനുള്ളിലും പരാതി നൽകണം. കൂടാതെ യാത്രക്ക് പുറപ്പെടുന്നതിന് മുമ്പും ശേഷം ലഗേജിന്റെ ചിത്രങ്ങൾ എടുത്ത് കെെവശം സൂക്ഷിക്കണം. ഇത് വളരെയധികം ഗുണം ചെയ്യും. യാത്രക്കായി തയ്യാറെടുക്കമ്പോൾ സ്വന്തം ഫോണിൽ ലഗേജിൻരെ ചിത്രം എടുത്ത് വെക്കുന്നത് വലിയ തെളിവായി കാണിക്കാം.