അജ്മാന്‍: പ്രവാസി മലയാളിയെ യുഎഇയിലെ അജ്മാനില്‍ ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുകുന്ന് സ്വദേശി സൈനബ മന്‍സിലില്‍ മുഹമ്മദ് അഷ്‌റഫ് (49) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
ഞായറാഴ്ച വൈകീട്ട് അജ്മാനിലെ സനയ്യയില്‍ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അല്‍ റവാബി ഡയറി കമ്പനിയിലെ ജീവനക്കാരനാണ്. 25 വര്‍ഷമായി ഇവിടെ ജോലിചെയ്തുവരുന്നു.
കണ്ണപ്പുറത്ത് വളപ്പില്‍ കുഞ്ഞഹമ്മദിന്റെയും റയന്തറ വളപ്പില്‍ സൈനബയുടെയും മകനാണ്. അബ്ദുല്‍ സലാം (അല്‍ ഐന്‍), റംല (അല്‍ ഐന്‍), മുസ്തഫ, സമീറ, സഫിയ എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് അജ്മാന്‍ കെഎംസിസി പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റ, അഷ്‌റഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.