ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ (ODI World Cup 2023) ഒന്നാം സെമിഫൈനൽ സംഭവബഹുലമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശർമ (Rohit Sharma) വെടിക്കെട്ട് തുടക്കം സമ്മാനിച്ചു. വിരാട് കോഹ്ലിയുടെ റെക്കോഡ് സെഞ്ചുറി ചരിത്രത്തിൽ ഇടംപിടിക്കുന്നതായി. ശ്രേയസ് അയ്യരുടെ സെഞ്ചുറിയും കൂടി ആയതോടെ ഇന്ത്യ നേടിയത് കൂറ്റൻ സ്കോറാണ്.
ന്യൂസിലൻഡ് ബാറ്റർ ഡാരിൽ മിച്ചലിൻെറ സെഞ്ചുറിയും കെയ്ൻ വില്യംസണിൻെറ അർധസെഞ്ചുറിയും മത്സരത്തെ കൂടുതൽ മിഴിവുറ്റതാക്കി. മുഹമ്മദ് ഷമിയുടെ 7 വിക്കറ്റ് പ്രകടനം കൂടി ആയതോടെ മത്സരം ശരിക്കും തീപാറി. ആരാധകരെ ആവേത്തിലാക്കിയ മത്സരം കാണാൻ സെലബ്രിറ്റികളടക്കം നിരവധി പ്രമുഖർ എത്തിയിരുന്നു.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ആരാധകരെ ത്രസിപ്പിച്ചതിൽ മുൻ ഇംഗ്ലീഷ് ഫുട്ബോളർ ഡേവിഡ് ബെക്കാമിൻെറ (David Beckham) സാന്നിധ്യത്തിനും വലിയ പങ്കുണ്ടായിരുന്നു. മുൻ ഇംഗ്ലീഷ് ഫുട്ബോൾ ടീം ക്യാപ്റ്റൻ കൂടി ആയിരുന്ന ബെക്കാം വലിയ ആവേശത്തോടെയാണ് മത്സരം കണ്ടത്. സച്ചിൻ ടെണ്ടുൽക്കറോടൊപ്പം ഇരുന്നായിരുന്നു താരം മത്സരം കണ്ടത്.
വിരാട് കോഹ്ലി സെഞ്ചുറി നേടിയപ്പോൾ ബെക്കാമും വലിയ ആവേശത്തിലായിരുന്നു. ആ സമയത്ത് ക്യാമറക്കണ്ണുകൾ കോഹ്ലിയെയും സച്ചിനെയും ബെക്കാമിനെയും അനുഷ്കയെയുമെല്ലാമാണ് കാണിച്ചിരുന്നത്. മത്സരത്തിന് മുമ്പ് തന്നെ സച്ചിനൊപ്പം താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരുന്നു. മത്സരത്തിന് ശേഷം സച്ചിനും കോഹ്ലിയും ബെക്കാമിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വൈറലാണ്.
ബോളിവുഡിലെ നിരവധി സെലബ്രിറ്റികൾക്കൊപ്പവും ബെക്കാം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നുണ്ട്. അതിനിടയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയും ബെക്കാമും പ്രത്യേക കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. ബെക്കാം തന്നെ ഫേസ്ബുക്കിൽ അതിൻെറ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ശരിക്കും ബെക്കാം എന്തിനാണ് ഇന്ത്യയിൽ എത്തിയത് എന്നതാണ് പല ആരാധകരുടെയും സംശയം. ഇന്ത്യ – ന്യൂസിലൻഡ് മത്സരം കാണാൻ മാത്രമായിട്ടല്ല താരം എത്തിയത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് താരം ഇന്ത്യയിലെത്തിയത്. യൂനിസെഫിൻെറ ഗുഡ്വിൽ അംബാസിഡർ എന്ന നിലയിലാണ് താരം ഇന്ത്യയിലെത്തിയത്.
യൂനിസെഫും അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലും ചേർന്ന് ലിംഗവിവേചനത്തിന് എതിരായും ക്രിക്കറ്റിലൂടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടും ക്യാമ്പെയിൻ നടത്തുന്നുണ്ട്. ഇതിൻെറ ഭാഗമായാണ് ബെക്കാം ഇന്ത്യയിൽ വന്നത്. സച്ചിൻ ടെണ്ടുൽക്കർ യൂനിസെഫിൻെറ മറ്റൊരു ഗുഡ്വിൽ അംബാസഡറാണ്. ഇരുവരും ഇതിൻെറ ഭാഗമായാണ് ഒരുമിച്ചെത്തിയത്.
ഏതായാലും ബെക്കാമിൻെറ വരവ് മത്സരത്തെ കൂടുതൽ കളറാക്കി മാറ്റി. നേരത്തെ തന്നെ ക്രിക്കറ്റിനോടുള്ള തൻെറ ആഭിമുഖ്യം വ്യക്തമാക്കിയിട്ടുള്ള ആളാണ് ബെക്കാം. ഇംഗ്ലണ്ടിൻെറ മത്സരങ്ങൾ കാണാൻ പലപ്പോഴായി ബെക്കാം എത്തിയിട്ടുമുണ്ട്. ഇന്ത്യയിൽ നിന്നുള്ള അനുഭവം തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി ബെക്കാം പ്രതികരിക്കുകയും ചെയ്തു.