റിയാദ്: 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം സഊദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യത്യസ്ത വംശങ്ങളിലും സംസ്‌കാരങ്ങളിലുമുള്ള ആളുകള്‍ക്ക് പരസ്പരം കണ്ടുമുട്ടാനുള്ള പ്രധാന മാര്‍ഗമാണ് കായിക മാമാങ്കങ്ങളെന്നും സര്‍വ മേഖലകളിലും രാജ്യം കൈവരിച്ച പുരോഗതിയുടെ പ്രതിഫലനമെന്നോണം 2034 ലോകകപ്പ് വേദിയായി സൗദിയെ ഉയര്‍ത്തിക്കാട്ടാന്‍ ആഗ്രഹിക്കുനനതായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക ശേഷിയും മഹത്തായ നാഗരിക സാംസ്‌കാരിക പൈതൃകവും സുപ്രധാന ആഗോള പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള കേന്ദ്രമാക്കി രാജ്യത്തെ രാജ്യത്തെ മാറ്റിയിട്ടുണ്ടെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു. ലോകത്ത് സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സൗദി നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം. കായിക മേഖല ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഹവര്‍ത്തിത്വത്തിന്റെ ഈ സന്ദേശം ഉദ്‌ഘോഷിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
ലോകകപ്പ് വേദി ലഭിക്കുന്നതിലൂടെ ലോക കായികരംഗത്ത് മുന്‍നിര രാഷ്ട്രമാകാനുള്ള രാജ്യത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ കഴിയുമെന്നും രാജ്യത്തിന്റെ മുന്നേറ്റത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി അത് മാറുമെന്നും രാജകുമാരന്‍ പ്രത്യാശിച്ചു.
സൗദി കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരനും സൗദി ഫുട്‌ബോള്‍ പ്രസിഡന്റ് യാസര്‍ അല്‍ മിസ്ഹലും ലോകകപ്പ് ആതിഥേയത്വത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
ആതിഥേയത്വം നേടിയെടുക്കാന്‍ സൗദി നാമനിര്‍ദേശം സമര്‍പ്പിക്കുമെന്ന് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ലോകകപ്പ് നടത്താനുള്ള സമയമാണിതെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് യാസര്‍ അല്‍ മിസ്ഹല്‍ പറഞ്ഞു. നിരവധി മുന്‍നിര ഫുട്‌ബോള്‍ ഇവന്റുകള്‍ക്ക് സൗദി വിദയകരമായി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2023 ഫിഫ ക്ലബ് ലോകകപ്പിനും 2027 എഎഫ്‌സി ഏഷ്യന്‍ കപ്പിനും സൗദി ആതിഥേയത്വം വഹിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആറ് തവണ ഫിഫ ലോകകപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ രാജ്യമാണ് സൗദി. കഴിഞ്ഞ ലോകകപ്പില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയ്‌ക്കെതിരെ ചരിത്ര വിജയം നേടുകയും ചെയ്തിരുന്നു. 2018 മുതല്‍ 50ലധികം അന്താരാഷ്ട്ര ഇവന്റുകള്‍ നടത്താന്‍ സൗദിക്ക് സാധിച്ചിട്ടുണ്ട്. ഫുട്‌ബോള്‍, മോട്ടോര്‍സ്‌പോര്‍ട്‌സ്, ടെന്നീസ്, കുതിരസവാരി, ഗോള്‍ഫ് എന്നിങ്ങനെ പുരുഷ-വനിത അത്‌ലറ്റുകളുടെ ഇഷ്ടകേന്ദ്രമായി രാജ്യം മാറി. സാമ്പത്തിക വളര്‍ച്ചക്കും അഭിവൃദ്ധിക്കും സ്‌പോര്‍ട്‌സ് അത്യന്താപേക്ഷിതമായതിനാല്‍ ഈമേഖലയില്‍ ഏറ്റവും മികച്ച നിക്ഷേപങ്ങള്‍ നടത്താന്‍ സൗദി ആഗ്രഹിക്കുന്നു.
രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. ഏഷ്യയിലെ ഏറ്റവും ശക്തമായ ഫുട്‌ബോള്‍ ലീഗുകളിലൊന്നും ലോകത്തിലെ എണ്ണംപറഞ്ഞ താരങ്ങള്‍ അണിനിരക്കുന്നതുമായ സൗദി പ്രോ ലീഗ് (എസ്പിഎല്‍) വിജയകരമായി മുന്നേറുകയാണ്. രാജ്യത്തെ അംഗീകൃത ഫുട്‌ബോള്‍ പരിശീലകരുടെ എണ്ണം 5500 ലേറെയായി ഉയര്‍ന്നു. 2018ല്‍ 750 പരിശീലകരാണ് രാജ്യത്തുണ്ടായിരുന്നത്. വിവിധ പ്രവിശ്യകളില്‍ യുവതീയുവാക്കള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന 18 ലേറെ പ്രാദേശിക കേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്തു.
2034ല്‍ ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഏഷ്യക്കാണ്. 2002ല്‍ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലായും 2022ല്‍ ഖത്തറിലും ഫിഫ ലോകകപ്പ് അരങ്ങേറിയ ശേഷം വീണ്ടും ഏഷ്യയിലേക്ക് എത്തുകയാണ്.
ഫിഫ ലോകകപ്പിന്റെ ഹോസ്റ്റിങ് സംവിധാനം പരിഷ്‌കരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ഫിഫ പ്രഖ്യാപിച്ചിരുന്നു. 2030 ലോകകപ്പ് മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങളിലായി നടത്താനാണ് ഫിഫ തീരുമാനം. ആദ്യ മൂന്ന് മത്സരങ്ങള്‍ ഉറുഗ്വേ, അര്‍ജന്റീന, പരാഗ്വേ എന്നിവിടങ്ങളിലും മറ്റു മത്സരങ്ങള്‍ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നിവിടങ്ങളിലുമാണ് ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ഫിഫ കോണ്‍ഗ്രസില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.