ബ്രസീൽ ഫുട്ബോൾ സൂപ്പർ താരമായിരുന്ന മാഴ്സലോ (Marcelo) സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ് സിയിലേക്ക് (Al Nassr FC) ചേക്കേറാൻ ഒരുങ്ങിയതായി വെളിപ്പെടുത്തൽ. സൗദി പ്രൊ ലീഗ് ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ഉണ്ടായിരുന്നുവെന്നും അതിൽ ഒരു ക്ലബ് അൽ നസർ ആയിരുന്നുവെന്നും മാഴ്സലോ തന്നെയാണ് വെളിപ്പെടുത്തിയത്. അൽ നസർ എഫ് സിയിലേക്ക് ചേക്കേറാനുള്ള കാര്യങ്ങൾ സംബന്ധിച്ച് പോർച്ചുഗൽ ഇതിഹാസവും സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽ വെച്ച് സഹതാരവുമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി (Cristiano Ronaldo) ചർച്ച നടത്തിയിരുന്നു എന്നും മാഴ്സലോ വെളിപ്പെടുത്തി.
2023 ഫെബ്രുവരിയിൽ ഫ്രീ ഏജന്റായ മാഴ്സലോ ബ്രസീൽ ക്ലബ്ബായ ഫ്ളുമിനെസ് എഫ് സിയിലാണ് ഇപ്പോൾ. “ഞങ്ങൾ ( ക്രിസ്റ്റ്യാനോയും മാഴ്സലോയും ) ഇക്കാര്യത്തെക്കുറിച്ച് ( സൗദിയിലേക്ക് ചേക്കേറുന്നത് സംബന്ധിച്ച് ) നേരത്തേ തന്നെ ചർച്ച നടത്തിയതായിരുന്നു. അൽ നസർ ഉൾപ്പെടെയുള്ള സൗദി ക്ലബ്ബുകളിൽ നിന്ന് എനിക്ക് ഓഫർ വന്നിരുന്നു. എങ്കിലും എനിക്ക് എന്റെ സ്വദേശത്തേക്ക് മടങ്ങി വരാനായിരുന്നു ഏറെ താത്പര്യം”. മാഴ്സലോ വെളിപ്പെടുത്തി.
മാഴ്സലോയുടെ കുട്ടിക്കാല ക്ലബ്ബാണ് ഫ്ളുമിനെസ്. ഒന്നര പതിറ്റാണ്ടിനു ശേഷം ഫ്ളൂമിനെസിൽ തിരിച്ചെത്തിയ മാഴ്സലോ ക്ലബ്ബിനെ കോപ്പ ലിബർട്ടഡോറെസ് കിരീടത്തിലെത്തിച്ചു. 2023 നവംബർ നാലിന് അരങ്ങേറിയ ലാറ്റിനമേരിക്കൻ ക്ലബ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അർജന്റീനയിൽ നിന്നുള്ള ബൊക്ക ജൂനിയേഴ്സിനെ കീഴടക്കിയായിരുന്നു ഫ്ളുമിനെസ് കിരീടത്തിലെത്തിയത്. അധിക സമയത്തേക്ക് നീണ്ട ഫൈനലിൽ 2 – 1 നായിരുന്നു ബ്രസീൽ ക്ലബ്ബിന്റെ ജയം. 127 വർഷം പഴക്കമുള്ള ഫ്ളുമിനെസ് എഫ് സി കോപ്പ ലിബെർട്ടഡോറസ് കിരീടത്തിൽ ഇതാദ്യമായാണ് മുത്തമിടുന്നത് എന്നതും ശ്രദ്ധേയം.
2006 – 2007 സീസണിൽ ഫ്ളുമിനെസിൽ നിന്നായിരുന്നു മാഴ്സലോ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിൽ ചേക്കേറിയത്. 2021 – 2022 വരെ നീണ്ട റയൽ മാഡ്രിഡ് കരിയറിൽ 546 മത്സരങ്ങൾ കളിച്ചു, 38 ഗോൾ സ്വന്തമാക്കി, 103 ഗോളിന് അസിസ്റ്റ് ചെയ്തു. 2022 – 2023 സീണിൽ ഗ്രീക്ക് ക്ലബ്ബായ ഒളിമ്പിയാകോസിനായും പന്തു തട്ടിയശേഷമാണ് 35 കാരനായ ലെഫ്റ്റ് ബാക്ക് താരം തന്റെ ആദ്യകാല ടീമിലേക്ക് മടങ്ങിയത്.
സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ – മാഴ്സലോ സഖ്യത്തിന്റെ ഒരുമിക്കൽ ഫുട്ബോൾ ആരാധകർക്ക് നഷ്ടപ്പെട്ടു എന്നതാണ് മറുവശം. 2023 – 2024 സൗദി പ്രൊ ലീഗിൽ 13 ഗോളുമായി ഗോൾ വേട്ടയിൽ ഒന്നാം സ്ഥാനത്താണ് സി ആർ 7. ഏഴ് അസിസ്റ്റും പോർച്ചുഗൽ ഇതിഹാസം ഇതിനോടകം അൽ അലാമി ജഴ്സിയിൽ നടത്തി.
ക്ലബ് കരിയറിൽ മാഴ്സലോ ഇതുവരെ 615 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു. 47 ഗോൾ നേടുകയും 104 ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു. റയൽ മാഡ്രിഡിനു വേണ്ടി 435 മത്സരങ്ങൾ കളിച്ച ശേഷമാണ് സി ആർ 7 സ്പെയിൻ വിട്ടത്. 450 ഗോളും പോർച്ചുഗൽ സൂപ്പർ താരം റയൽ മാഡ്രിഡ് ജഴ്സിയിൽ നേടിയിരുന്നു. റൊണാൾഡോയ്ക്ക് ക്ലബ് കരിയറിൽ ആകെ 993 മത്സരങ്ങളിൽ 737 ഗോളുണ്ട്. ബ്രസീലിനായും മാഴ്സലോ മിന്നും പ്രകടനമായിരുന്നു കാഴ്ച വെച്ചത്. 2006 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ ബ്രസീലിനായി 58 മത്സരങ്ങളിൽ ആറ് ഗോൾ സ്വന്തമാക്കി.