2023 ജനുവരി ഒന്ന് മുതൽ പോർച്ചുഗൽ ഇതിഹാസ ഫുട്‌ബോളറായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) തട്ടകമാണ് സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ നസർ എഫ് സി (Al Nassr FC). റിയാദ് ആസ്ഥാനമായുള്ള ക്ലബ്ബിന് നിലവിലുള്ള ഏക ഐക്കൺ സി ആർ 7 എന്ന് അറിയപ്പെടുന്ന ക്രിസ്റ്റ്യാനോ തന്നെയാണ്. അതുകൊണ്ടുതന്നെ റിയാദിലെ ഫുട്‌ബോൾ രാജാവ് 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്നു പറയാം. എന്നാൽ, ക്രിസ്റ്റ്യാനോയുടെ തട്ടകത്തിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഹീറോ ആയതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
റിയാദിലാണ് 2023-2024 സ്പാനിഷ് സൂപ്പർ കോപ്പ ഫുട്‌ബോൾ സെമി, ഫൈനൽ പോരാട്ടങ്ങൾ അരങ്ങേറുന്നത്. സെമി ഫൈനൽ മത്സരങ്ങൾ ഇതിനോടകം അവസാനിച്ചു. അൽ നസർ എഫ് സിയുടെ ഹോം ഗ്രൗണ്ടായ കിങ് സൗദ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലാണ് സൂപ്പർ കോപ്പ പോരാട്ടങ്ങൾ. 2020 വരെ അൽ ഹിലാൽ എഫ് സിക്കായിരുന്നു ഈ സ്റ്റേഡിയത്തിന്റെ അധികാരം. എന്നാൽ, 2020 മുതൽ അൽ നസർ എഫ് സി ഹോം ഗ്രൗണ്ടായി ഏറ്റെടുത്തിരിക്കുകയാണിത്.
സൂപ്പർ കോപ്പ രണ്ടാം സെമിയിൽ എഫ് സി ബാഴ്‌സലോണയും ഒസാസുനയും തമ്മിൽ നടന്ന പോരാട്ടത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തട്ടകത്തിൽ ലയണൽ മെസി ഹീറോ ആയത്. മത്സരത്തിനിടെ ബാഴ്‌സലോണ ആരാധകർ മെസി … മെസി, എന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. മത്സരത്തിന്റെ പത്താം മിനിറ്റിൽ മെസി ചാന്റിങ് നടന്നതിന്റെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. അതേസമയം, 2021 ൽ എഫ് സി ബാഴ്‌സലോണയിൽ നിന്ന് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി യിലേക്കും 2023 ൽ അവിടെ നിന്ന് അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലേക്കും ലയണൽ മെസി ചേക്കേറിയെന്നതും ശ്രദ്ധേയം.
എഫ് സി ബാഴ്‌സലോണയിൽ 17 നീണ്ട വർഷങ്ങൾ ചെലവഴിച്ച മെസി, വിവിധ പോരാട്ടങ്ങളിലായി 778 മത്സരങ്ങളിൽ നിന്ന് 672 ഗോളും 303 അസിസ്റ്റും നടത്തിയിരുന്നു. ആറ് ബാലൺ ഡി ഓർ, 10 സ്പാനിഷ് ലാ ലിഗ, മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ്, മൂന്ന് ഫിഫ ക്ലബ് ലോകകപ്പ് എന്നിങ്ങനെ വിവിധ നേട്ടങ്ങളും ബാഴ്‌സലോണ ജഴ്‌സിയിൽ മെസി സ്വന്തമാക്കിയിരുന്നു.
സൂപ്പർ കോപ്പ സെമിയിൽ ബാഴ്‌സലോണ 2 – 0 ന് ഒസാസുനയെ കീഴടക്കി ഫൈനലിൽ പ്രവേശിച്ചു. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം റോബർട്ട് ലെവൻഡോസ്‌കി ( 59 -ാം മിനിറ്റ് ), ലാമി യമാൽ ( 90 +3 -ാം മിനിറ്റ് ) എന്നിവരായിരുന്നു ബാഴ്‌സലോണയുടെ ഗോൾ നേട്ടക്കാർ. അത്ലറ്റിക്കോ മാഡ്രിഡിനെ 5-3 നു കീഴടക്കി ഫൈനലിൽ എത്തിയ റയൽ മാഡ്രിഡ് ആണ് ഫൈനലിൽ ബാഴ്‌സലോണയുടെ എതിരാളികൾ. ഇന്ത്യൻ സമയം ഞായർ രാത്രി 12.30 നാണ് ബാഴ്‌സലോണ x റയൽ ഫൈനൽ, എൽ ക്ലാസിക്കൊ.
അതിനിടെ ഫുട്‌ബോൾ ആരാധകർക്ക് ആവേശം പകരാൻ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള പോരാട്ടത്തിനും സൗദി അറേബ്യ വേദിയൊരുക്കുന്നുണ്ട് എന്നതും ശ്രദ്ധേയം. ക്ലബ് സൗഹൃദ പോരാട്ടത്തിൽ സി ആർ 7 ന്റെ അൽ നസർ എഫ് സിയും മെസിയുടെ ഇന്റർ മയാമിയും സൗദിയിൽ വെച്ച് ഏറ്റുമുട്ടും. ഫെബ്രുവരി ഒന്നിന് ഇന്ത്യൻ സമയം രാത്രി 11.30 നാണ് അൽ നസർ എഫ് സി x ഇന്റർ മയാമി പോരാട്ടം.