Gulf

അഴിമതിക്കേസ്: മുന്‍ മന്ത്രി കുവൈറ്റ് വിമാനത്താവളത്തിൽ അറസ്റ്റിൽ, കസ്റ്റഡിയിൽ സൂക്ഷിക്കുമെന്ന് പോലീസ്

Published

on

കുവൈറ്റ് സിറ്റി: അഴിമതിക്കേസില്‍ നേരത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുവൈറ്റ് മുന്‍ മന്ത്രി നാട്ടിലെത്തിയപ്പോള്‍ അറസ്റ്റിൽ. 2021 ഡിസംബര്‍ മുതല്‍ 2022 ഓഗസ്റ്റ് വരെ സാമൂഹികകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച മുബാറക് അലറൂവിനെയാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് പോലിസ് അറസ്റ്റ് ചെയ്തത്.

46 കാരനായ അലറോ 2020 ല്‍ കുവൈറ്റ് പാര്‍ലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പരമോന്നത അപ്പീല്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ അന്തിമ തീരുമാനം വരുന്നതുവരെ മുന്‍ മന്ത്രിയെ കസ്റ്റഡിയില്‍ സൂക്ഷിക്കുമെന്നും പോലിസ് വൃത്തിങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപ്പത്രമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.

അഴിമതിക്കേസില്‍ കഴിഞ്ഞ നവംബറില്‍ കുവൈറ്റ് കോടതി ഇദ്ദേഹത്തെ ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ബിസിനസ് കരാറിലൂടെ വഴിവിട്ട് ലാഭം കൊയ്യുക, പൊതു ഖജനാവിന് ഹാനികരമായ രീതിയില്‍ പ്രവര്‍ത്തിക്കല്‍, മന്ത്രിയെന്ന രീതിയിലുള്ള സ്വാധീനം ഉപയോഗിച്ച് നേട്ടങ്ങളുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കോടതി ഇദ്ദേഹത്തെ തടവിന് ശിക്ഷിച്ചത്.

വ്യക്തിഗത നേട്ടമുണ്ടാക്കാന്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഒരു കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഈ കേസില്‍ മുന്‍ മിനിസ്റ്റീരിയല്‍ അണ്ടര്‍ സെക്രട്ടറിക്കും ഫെഡറേഷന്‍ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് മുന്‍ മേധാവിക്കും കമ്പിയുടെ ഉടമയ്ക്കും രാജ്യത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസുകള്‍ കേള്‍ക്കുന്ന കോടതി സമാനമായ ശിക്ഷ വിധിച്ചിരുന്നു. മറ്റൊരു ജിസിസി രാജ്യക്കാരനായ കമ്പനി ഉടമയെ ശിക്ഷാ കാലാവധിക്കു ശേഷം നാടുകടത്താനും കോടതി ഉത്തരവിടുകയും ചെയ്തു.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച തടവുശിക്ഷയ്ക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളില്‍ ഈ വരുന്ന മെയ് 30ന് തീര്‍പ്പ് കല്‍പ്പിക്കുമെന്ന് രാജ്യത്തെ അപ്പീല്‍ കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അന്തിമവിധി വരുന്നതുവരെ പ്രതികളെ വിട്ടയക്കണമെന്ന അഭിഭാഷകരുടെ ആവശ്യം നിരസിച്ചു കൊണ്ടായിരുന്നു കോടതി ഉത്തരവ്.

അടുത്ത കാലത്തായി കുവൈറ്റ് ഭരണകൂടവും കോടതിയും അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും അത്തരം നിരവധി കേസുകള്‍ പുറത്തുകൊണ്ടുവരുകയും ചെയ്തിരുന്നു. സ്ഥാപനത്തില്‍ ഫിനാന്‍ഷ്യല്‍ മാനേജരായി ജോലി ചെയ്യവെ കുവൈറ്റ് ടീച്ചേഴ്സ് അസോസിയേഷന്റെ പണം തട്ടിയെടുത്ത കേസില്‍ ഈജിപ്ഷ്യന്‍ പ്രവാസിയെ കഴിഞ്ഞ ഒക്ടോബറില്‍ കുവൈറ്റ് കോടതി 15 വര്‍ഷം തടവിനും 10 ലലക്ഷം കുവൈറ്റ് ദിനാര്‍ പിഴയ്ക്കും ശിക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version