Gulf

കുളിര്‍മയേകിയ സമ്മാനം; സ്‌കൂളിലേക്ക് ട്രക്ക് നിറയെ ഐസ്‌ക്രീം എത്തിച്ച് അധ്യാപകന്റെ സര്‍പ്രൈസ്

Published

on

റിയാദ്: വേനല്‍ചൂട് ഗള്‍ഫിലെങ്ങും കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ തന്റെ വിദ്യാര്‍ഥികളെ ‘കൂളാക്കാന്‍’ അധ്യാപകന്‍ നല്‍കിയ അപ്രതീക്ഷിത സമ്മാനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചുപറ്റി. ഐസ്‌ക്രീം ട്രക്ക് സ്‌കൂളിലേക്ക് നേരിട്ടെത്തിച്ചാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ആശ്ചര്യപ്പെടുത്തിയത്. ഈ നിമിഷം വിദ്യാര്‍ത്ഥികകളുടെ ഓര്‍മകളില്‍ മായാതെ നില്‍ക്കുമെന്ന് വീഡിയോ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.

തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ കുളിര്‍മയേകിയ സമ്മാനമാണ് സൗദി അധ്യാപകന്‍ നല്‍കിയത്. ഒരു ഐസ്‌ക്രീം ട്രക്ക് സ്‌കൂളിലേക്ക് കൊണ്ടുവന്ന് തന്റെ വിദ്യാര്‍ത്ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഐസ്‌ക്രീം കോണ്‍ വിതരണം ചെയ്യുകയായിരുന്നു. സ്‌കൂള്‍ അങ്കണത്തിലേക്ക് പ്രവേശിച്ച് വിദ്യാര്‍ഥികളുടെ അടുത്തേക്ക് വാഹനം എത്തുന്നത് വീഡിയോയില്‍ കാണാം. ഐസ്‌ക്രീം ലഭിക്കാന്‍ കുട്ടികള്‍ ആഹ്ലാദത്തോടെ ഒത്തുകൂടുന്നതും അധ്യാപകന്റെ സമ്മാനത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നതും കാണാം.

പരമ്പരാഗത സൗദി വസ്ത്രം ധരിച്ച പേര് വെളിപ്പെടുത്താത്ത അധ്യാപകന്‍ സര്‍പ്രൈസ് വെളിപ്പെടുത്തുന്നതാണ് വീഡിയോയുടെ തുടക്കം. സംഭവം എപ്പോഴാണെന്നോ എവിടെയാണെന്നോ വ്യക്തമല്ലെങ്കിലും അധ്യാപകന്റെ പ്രവൃത്തിക്ക് നെറ്റിസണ്‍സിന്റെ നിറഞ്ഞ കയ്യടി ലഭിച്ചു. ‘അവര്‍ അത് മറക്കില്ല. ഈ പ്രവൃത്തി അവരുടെ (വിദ്യാര്‍ത്ഥികളുടെ) ഓര്‍മകളില്‍ പതിഞ്ഞിരിക്കും’-ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. സ്‌കൂളില്‍ വിനോദവും സന്തോഷവും അടുപ്പവും ഉണ്ടാകുമ്പോള്‍, വിദ്യാര്‍ത്ഥികള്‍ അതിലേക്ക് വളരെയധികം ആകര്‍ഷിക്കപ്പെടുമെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ‘ലളിതമായ പ്രവൃത്തി. വലിയ സന്തോഷം. ദൈവം അവനെ (അധ്യാപകനെ) അനുഗ്രഹിക്കട്ടെ’ എന്നും മറ്റൊരാള്‍ കുറിച്ചു.

വേനല്‍ക്കാല അവധിക്ക് ശേഷം ഓഗസ്റ്റ് 20നാണ് രാജ്യത്ത് പുതിയ അധ്യയന വര്‍ത്തിന് തുടക്കമായത്. 60 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ രണ്ട് മാസത്തെ അവധിക്ക് ശേഷം സൗദി അറേബ്യയിലുടനീളം സ്‌കൂളുകളിലേക്ക് മടങ്ങിയെത്തി. മൂന്ന് സെമസ്റ്ററുകളായി 38 ആഴ്ചകളാണ് അധ്യയന വര്‍ഷം. 68 ദിവസത്തെ വേനല്‍ അവധിക്ക് പുറമെ 60 ദിവസത്തെ വ്യത്യസ്ത അവധികളുമുണ്ട്.

ഔദ്യോഗിക ഷെഡ്യൂള്‍ അനുസരിച്ച് നവംബര്‍ 16 വരെയാണ് ആദ്യ സെമസ്റ്റര്‍. രണ്ടാം സെമസ്റ്റര്‍ 10 ദിവസത്തിന് ശേഷം ആരംഭിച്ച് ഫെബ്രുവരി 22 വരെയാണ്. മാര്‍ച്ച് മൂന്നിന് ആരംഭിച്ച് ജൂണ്‍ 10ന് അവസാനിക്കുന്നതാണ് മൂന്നാമത്തേതും അവസാനത്തേതുമായ സെമസ്റ്റര്‍. ഈ അധ്യയന വര്‍ഷം മുതല്‍ സൗദിയില്‍ ഭൗമശാസ്ത്രം, ബഹിരാകാശം, ഇവന്റ് മാനേജ്‌മെന്റുകള്‍ തുടങ്ങിയ പുതിയ വിഷയങ്ങള്‍ സെക്കന്‍ഡറി സ്‌കൂള്‍ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version