ടർബോയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ എം പത്മകുമാർ. വർഷങ്ങൾക്ക് മുമ്പ് രാജാധിരാജാ എന്ന സിനിമ കാണാൻ പോയപ്പോൾ ആൾകൂട്ടത്തിൽ നിന്ന് കേട്ട ഒരു കമന്റിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി, അത് കഴിഞ്ഞാൽ മമ്മൂട്ടിയിൽ നിന്ന് ആക്ഷൻ രംഗങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ട, അച്ഛൻ, അപ്പൂപ്പൻ റോളുകളൊക്കെ ചെയ്യാം എന്നായിരുന്നു കമന്റ്.
പത്ത് വർഷങ്ങൾക്കിപ്പുറം ടർബോ കണ്ടിറങ്ങിയ പലരും ‘ഈ പ്രായത്തിലും എന്തൊരു എനർജി’ എന്ന് പറയുന്നു. യുവതലമുറയെ പോലും അതിശയിപ്പിക്കും വിധം ആക്ഷൻ രംഗങ്ങൾ ചെയ്യാൻ ഒരു മമ്മൂട്ടിയേയുള്ളൂ എന്ന് എം പത്മകുമാർ കുറിച്ചു.
എം പത്മകുമാറിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
2014ൽ ആണ്.. ‘രാജാധിരാജാ’ കണ്ടിറങ്ങുമ്പോൾ തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിൽ നിന്ന് ഒരു കമന്റ്: ഇനിയൊരു അഞ്ചോ ആറോ കൊല്ലം കൂടി.. പിന്നെ ഇത്തരം ആക്ഷൻ സംഭവങ്ങളൊന്നും മമ്മൂട്ടിയിൽ നിന്ന് പ്രതീക്ഷിക്കേണ്ട.. പിന്നെ നല്ല അച്ഛൻ, അപ്പൂപ്പൻ റോളുകളൊക്കെ ചെയ്യാം.. അതു കഴിഞ്ഞ് 10 വർഷമായി. ഇന്നലെ രാത്രി നിറഞ്ഞു കവിഞ്ഞ സദസ്സിൽ ‘ടർബോ’ കണ്ടിറങ്ങുമ്പോൾ കേട്ടു മറ്റൊരു കമൻറ്: ഓ, ഇപ്പോഴും ഈ പ്രായത്തിലും എന്തൊരു എനർജി! ഇനിയും ഒരു പത്തു കൊല്ലം കഴിഞ്ഞ് മറ്റൊരു ‘ടർബോ’ വന്നാലും അതിശയിക്കേണ്ട.
അതൊന്നു തിരുത്തിയാൽ കൊള്ളാമെന്ന് എനിക്കു തോന്നി: ‘പത്തല്ല സുഹൃത്തേ ഇരുപതോ മുപ്പതോ കൊല്ലം കൂടി കഴിഞ്ഞാലും ഇതേ മമ്മൂട്ടി ഇതിലേറെ എനർജിയോടെ ഇവിടെ ഉണ്ടായാലും അത്ഭുതമില്ല.. അത് ഞങ്ങളുടെ മമ്മൂക്കക്കു മാത്രമുള്ള സിദ്ധിയാണ്.. ആ മഹാ മനസ്സിന്, ആ അർപ്പണത്തിന്,ആ നടന വൈഭവത്തിന് കാലം കനിഞ്ഞു നൽകിയ അനുഗ്രഹമാണ്.. ‘നൻപകൽ നേരത്തു മയക്ക’വും ‘കാതലും’ ‘ഭ്രമയുഗ’വും ചെയ്ത അനായാസതയോടെ യുവതലമുറ പോലും ചെയ്യാൻ മടിക്കുന്ന കഠിനമായ ആക്ഷൻ രംഗങ്ങളും ചെയ്തു കയ്യടി നേടാൻ ഞങ്ങൾക്ക് ഒരു മമ്മൂക്കയേ ഉള്ളൂ… ഒരേയൊരു മമ്മൂക്ക.