മനാമ: വരുന്ന റമദാന് മാസത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാറുമെന്ന രീതിയില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. വിശുദ്ധ മാസത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദൂര പഠന രീതിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രാലയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
മുന്‍ നിശ്ചയ പ്രകാരം നേരിട്ടുള്ള ക്ലാസ്സുകള്‍ നിലവിലെ രീതിയില്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. റമദാനില്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് രീതി മാറുന്നതുമായി ബന്ധപ്പെട്ട് ഫിനാന്‍സ് ആന്റ് എക്കണോമിക്സ് അഫയേഴ്സ് കമ്മിറ്റി വൈസ് ചെയര്മാന് മുഹമ്മദ് അല്‍ രിഫാഈ മുന്നോട്ടുവച്ച ശുപാര്‍ശ ബഹ്റൈന്‍ പ്രതിനിധി കൗണ്‍സില്‍ അംഗീകരിച്ചുവെന്ന രീതിയിലായിരുന്നു നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചത്. റമദാന് മാസത്തില്‍ പഠനം ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റുന്നതിലൂടെ വ്രതാനുഷ്ഠാന സമയത്ത് വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസം പകരാന്‍ സാധിക്കും എന്നു മാത്രമല്ല, സ്കൂള്‍ വാഹനങ്ങള്‍ക്ക് കുറയുന്നതോടെ ഗതാഗതക്കുരുക്ക് വലിയ തോതില്‍ പരിഹരിക്കാന്‍ കഴിയുമെന്നും മുഹമ്മദ് അല്‍ രിഫാഈ പറഞ്ഞതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
സമഗ്രമായ ഓണ്‍ലൈന്‍ പഠന രീതി ഇതിനകം ആവിഷ്ക്കരിച്ചു കഴിഞ്ഞ ബഹ്റൈനെ സംബന്ധിച്ചിടത്തോളം റമദാന് മാസത്തില്‍ റിമോട്ട് പഠന രീതിയിലേക്ക് മാറുന്നതില്‍ വലിയ പ്രയാസമുണ്ടാവില്ലെന്നും മികച്ച വിദ്യാഭ്യാസ അനുഭവം ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് നല്കാന് അധികൃതര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ റിമോട്ട് രീതിയിലേക്ക് പഠനം മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും വിദ്യാഭ്യാസ മന്ത്രാലയം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു. സ്കൂളുമായും പഠന രീതികളുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അവ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഫോണ്‍വഴിയോ മന്ത്രാലയവുമായി ബന്ധപ്പെടണമെന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധികൃതര്‍ നിര്‍ദ്ദേശം നല്കി. അല്ലാതെ സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കരുത്. അവയുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 20 വരെ ബഹ്റൈനില്‍ റമദാന് വ്രതാനുഷ്ഠാനത്തിന്റെ മാസമായിരിക്കുമെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 2020 മുതല്‍ സ്കൂള്‍ പഠനം ഓണ്‍ലൈന്‍ രീതിയിലായിരുന്നു രാജ്യത്ത് നടന്നു വന്നിരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് വരെ ഓണ്ലാന് ക്ലാസ്സുകള്‍ തുടര്‍ന്നു. കഴിഞ്ഞ ഓഗസ്റ്റിനു ശേഷമാണ് ഓണ്‍ലൈന്‍ പഠനം അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ നേരിട്ടുള്ള ക്ലാസ്സുകളിലേക്ക് തിരികെ എത്തിയത്. ഇതിനിടയിലാണ് റമദാനില്‍ ഓണ്‍ലൈന്‍ രീതിയിലേക്ക് പഠനം മാറുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.