ലണ്ടൻ: സൗദി ക്ലബ് അൽ ഇത്തിഹാദ് താരം കരീം ബെൻസീമയിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി താൽപ്പര്യം അറിയിച്ചതായി റിപ്പോർട്ട്. 36കാരനായ ബെൻസീമ ഇത്തിഹാദ് വിടുമെന്നാണ് സൂചന. റയൽ മാഡ്രിഡ് മുൻ താരം കൂടിയായ ബെൻസീമയ്ക്കൊപ്പമാണ് സാദിയോ മാനെയും അയ്മെറിക് ലപ്പോർട്ടയും സൗദിയിലെത്തിയത്. എന്നാൽ സൗദിയിൽ ബെൻസീമ സന്തോഷവാനല്ലെന്നാണ് റിപ്പോർട്ടുകൾ.
സൗദി പ്രോ ലീഗിൽ കഴിഞ്ഞ തവണ ചാമ്പ്യന്മാരായത് അൽ ഇത്തിഹാദ് ആണ്. എന്നാൽ ഇത്തവണ ബെൻസീമയടക്കമുള്ള താരങ്ങൾ ഉണ്ടായിട്ടും ഇത്തവണ ഇത്തിഹാദ് മോശം പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. കടുത്ത വിമർശനം ഉയർന്നതോടെ താരം സമൂഹമാധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്തിരുന്നു. പിന്നാലെ 17 ദിവസത്തോളം ബെൻസീമ ക്ലബ് വിട്ടുനിന്നിരുന്നു. തിരികെ ക്ലബിനൊപ്പം ചേർന്നെങ്കിലും സൗദി വിടാൻ താരം ആഗ്രഹം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം അൽ ഇത്തിഫാഖ് താരമായിരുന്ന ജോർദാൻ ഹെൻഡേഴ്സൺ സൗദി വിട്ടിരുന്നു. മൂന്ന് വർഷത്തെ കരാറിലെത്തിയ ഹെൻഡേഴ്സൺ ആറ് മാസത്തിലാണ് സൗദി വിട്ടത്. പിന്നാലെയാണ് മൂന്ന് വർഷത്തേയ്ക്ക് സൗദിയിലെത്തിയ ബെൻസീമയും ആറ് മാസത്തിൽ ക്ലബ് വിടുമെന്ന സൂചനകൾ പുറത്തുവരുന്നത്.