World

‘വെടിനിർ‌ത്തൽ ഹമാസിന് കീഴടങ്ങുന്നതിന് തുല്ല്യം’; നടക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു

Published

on

​ഗാസസിറ്റി: ഗാസയിൽ രണ്ടാം ഘട്ട യുദ്ധം കടുപ്പിച്ച് ഇസ്രയേൽ. കര- വ്യോമ മാർഗം ആക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതൽ വഷളായികൊണ്ടിരിക്കുകയാണ്. ​ഗാസയിൽ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. ഹമാസിനോട് അനുനയമില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ബന്ദികളാക്കിയ മൂന്ന് സ്ത്രീകളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.

‘ഹമാസിനെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ വെടിനിർത്തൽ നടക്കില്ല. വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ ഇസ്രായേൽ ഹമാസിന് കീഴടങ്ങാനും തീവ്രവാദത്തിന് കീഴടങ്ങാനും പ്രാകൃതത്വത്തിന് കീഴടങ്ങാനുമുള്ള ആഹ്വാനങ്ങളാണ്. ഇത് സംഭവിക്കില്ല. ഈ യുദ്ധം ജയിക്കുന്നതുവരെ ഇസ്രായേൽ പോരാടുമെന്ന് പ്രതിജ്ഞയെടുക്കുന്നു,’ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

‘വെടിനിർത്തൽ ഇപ്പോൾ ശരിയായ ഉത്തരമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല,’ എന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. പകരം ഗാസയിലേക്ക് സഹായം ലഭിക്കുന്നതിന് താൽക്കാലികമായി നിർത്തുന്നത് പരിഗണിക്കാമെന്നും ജോൺ കിർബി കൂട്ടിച്ചേർത്തു. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയും വെടിനിർത്തലിനെ എതിർത്തിട്ടുണ്ട്.

കാൻസർ ചികിത്സാ ആശുപത്രിക്ക് നേരെ കഴിഞ്ഞദിവസം ആക്രമണമുണ്ടായി. ഗാസ നഗരത്തിലെ ടർക്കിഷ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്നാം നില പൂർണമായി തകർന്നു. അതേസമയം ​ഗാസയിലേക്ക് അവശ്യവസ്തുക്കളുമായി 26 ട്രക്കുകൾ കൂടി എത്തിച്ചെന്ന് റെഡ് ക്രസൻ്റ് പറഞ്ഞു. ആകെ എത്തിയത് 144 ട്രക്കുകളാണ്. ഹമാസ് ബന്ദിയാക്കിയ ഒരു ഇസ്രയേൽ സൈനികനെ വിട്ടയച്ചതായും റിപ്പോർട്ടുണ്ട്. ലെബനാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version