Entertainment

‘ഞാൻ ഡബ്ബിങ് മറന്നുവെന്ന് വീട്ടിൽ വിളിച്ച് പറഞ്ഞു…’; അല്ലു അർജുന് ശബ്ദമായതിനെക്കുറിച്ച് ജിസ് ജോയ്

Published

on

മലയാളീ പ്രേക്ഷകർക്കിടയിൽ മറ്റൊരു അന്യഭാഷാ ചിത്രത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് അല്ലു അർജുന്റെ സിനിമകൾക്ക് ലഭിച്ചിട്ടുള്ളത്. ആര്യ മുതൽ പുഷ്പ വരെയുള്ള സിനിമകളുടെ മലയാളം പതിപ്പുകളിൽ അല്ലുവിന് ശബ്ദമായത് ജിസ് ജോയ് ആണ്. ഇപ്പോഴിതാ അല്ലുവിനായി ആദ്യം ശബ്ദം നൽകാൻ പോയ അനുഭവം റിപ്പോർട്ടർ ടിവിയുമായി പങ്കുവെക്കുകയാണ് ജിസ് ജോയ്.

‘കായംകുളം കൊച്ചുണ്ണി എന്ന സീരിയലിനായി ഞാൻ ഡബ്ബ് ചെയ്തത് കേട്ടിട്ടാണ് ഖാദർ ഹസ്സൻ സാർ എന്നെ വിളിക്കുന്നത്. എന്നാൽ മുക്കാൽ ദിവസമെടുത്തിട്ട് രണ്ട് സീൻ പോലും കവർ ചെയ്യാൻ കഴിഞ്ഞില്ല. ദൈവമേ ഞാൻ ഇനി എത്ര ദിവസം കഴിഞ്ഞായിരിക്കും വീട്ടിൽ പോവുക എന്ന് ആലോചിച്ചു. തടവറയിലായത് പോലെ തോന്നി. എനിക്ക് പറ്റില്ല എന്ന് പറഞ്ഞ് പിന്മാറാൻ തീരുമാനിച്ചു. അതുവരെ തെലുങ്ക് സിനിമകൾ ഡബ്ബ് ചെയ്തുള്ള പരിചയം എനിക്കില്ല. അതുപോലെ അല്ലു ഭയങ്കര സ്പീഡിലാണ് ഡയലോഗുകൾ പറയുന്നതും. നമ്മൾ നാല് സെന്റെൻസിൽ പറയേണ്ട കാര്യങ്ങൾ പുള്ളി ഒറ്റ സെന്റെൻസിൽ പറഞ്ഞിട്ടുണ്ടാകും,’

‘ഞാൻ തിരികെ പോകാൻ മനസ്സിൽ തയ്യാറെടുത്തിരുന്നു. ഞാൻ വീട്ടിൽ വിളിച്ച് പറഞ്ഞു ഡബ്ബിങ് മറന്നു പോയെന്ന്. ഒരുവിധത്തിൽ ശരിയാകാത്തത് കൊണ്ട് ഞാൻ പതിയെ പുറത്തേക്ക് ഇറങ്ങി പോയി. അപ്പോൾ ആര്യ മലയാളത്തിൽ എഴുതിയ സതീഷ് മുതുകുളം പുറകെ വന്ന് പോകരുത് എങ്ങനെയെങ്കിലും ഇത് തീർക്കണമെന്ന് പറഞ്ഞു. 13 ഓളം പേർ വന്ന് ഇതേ കാരണം കൊണ്ട് തിരികെ പോയി, തുഴഞ്ഞ് അങ്ങ് എത്തുന്നില്ല. നിങ്ങളും കൂടി പോയാൽ ശരിയാകില്ല എന്ന് അദ്ദേഹം പറഞ്ഞു,’

‘അങ്ങനെയാണെങ്കിൽ ഞാനും നിങ്ങളും സൗണ്ട് എൻജിനീയറും മാത്രമിരുന്നു ഡബ്ബ് ചെയ്യാമെന്ന് ഞാൻ പറഞ്ഞു. അത് എന്നെങ്കിലും ഒരുദിവസം തീരുമല്ലോ. അന്ന് നിങ്ങൾ കണ്ടിട്ട് മാറ്റേണ്ട സ്ഥലങ്ങൾ പറയുക, ഞാൻ മാറ്റാം എന്ന് പറഞ്ഞു. അങ്ങനെയാണ് ആ സിനിമയ്ക്ക് ഡബ്ബ് ചെയ്തത്,’ എന്ന് ജിസ് ജോയ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version