Gulf

2030 ഓടെ പ്രതിവര്‍ഷം മൂന്ന് കോടി തീര്‍ത്ഥാടക വിസ നല്‍കുമെന്ന് സൗദി

Published

on

റിയാദ്: സൗദി വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി പ്രതിവര്‍ഷം മൂന്ന് കോടി ഹജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് രാജ്യത്ത് പ്രവേശനാനുമതി നല്‍കുമെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. റിയാദില്‍ സൗദി-യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ നടന്ന സംവാദ സെഷനില്‍ ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അല്‍ ജാസര്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്.

തീര്‍ത്ഥാടകര്‍ക്ക് പുറമേ പ്രതിവര്‍ഷം 10 കോടി വിനോദസഞ്ചാരികളെ രാജ്യത്ത് എത്തിക്കുകയെന്നതും സൗദി വിഷന്‍ 2030ന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. അടുത്ത ദശകത്തില്‍ വിനോദസഞ്ചാരത്തിനും തീര്‍ഥാടനത്തിനുമായി 1.6 ട്രില്യണ്‍ സൗദി റിയാല്‍ സ്വകാര്യമേഖലയുമായും നിരവധി രാജ്യങ്ങളുമായി സഹകരിച്ച് നിക്ഷേപിക്കാനാണ് സൗദി ഉദ്ദേശിക്കുന്നതെന്ന് അല്‍ ജാസര്‍ വെളിപ്പെടുത്തി.

ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും സേവനങ്ങള്‍ സുഗമമാക്കുന്നതിലുമാണ് രാജ്യം ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പരമ്പരാഗതമോ അപ്രായോഗികമോ ആയ മാതൃകകള്‍ക്ക് പകരം നൂതന സംവിധാനങ്ങള്‍ തേടുകയാണെന്നും രാജ്യത്തിന് മുന്നില്‍ വലിയ സ്വപ്‌നങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രണ്ട് സുപ്രധാന വ്യോമയാന കേന്ദ്രങ്ങള്‍ സൗദി സ്ഥാപിച്ചിട്ടുണ്ടെന്നും 250 ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് റിയാദില്‍ സൗദി-യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിന് തുടക്കമായത്. സൗദിയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുകയാണ്. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളില്‍ സൗദിയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സംയുക്ത നിക്ഷേപ അവസരങ്ങള്‍ ഫോറം ചര്‍ച്ച ചെയ്യുന്നു.

ഹജ്ജ്, ഉംറ തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി ഉയര്‍ത്തുകയെന്നത് നേരത്തേ പ്രഖ്യാപിച്ച സൗദി വിഷന്‍ 203ന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു. ഓരോ വര്‍ഷവും ഉംറ വിസകളുടെ എണ്ണം വലിയ വര്‍ധിപ്പിക്കുന്നുണ്ട്. മക്ക, മദീന പുണ്യനഗരിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ഇവിടേക്കുള്ള ഗതാഗത സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നുണ്ട്.

ഇതിന്റെ ഭാഗമായി ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് മക്കയിലേക്ക് എത്തുന്നതിന് പുതിയ അതിവേഗ ബദല്‍പാത നിര്‍മിച്ചുവരികയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാലാമത്തേതും അവസാനത്തേതുമായി ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഇരുഹറം പള്ളികളിലും ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ സമീപകാലത്ത് പൂര്‍ത്തിയാക്കിയിരുന്നു. കഅബാലയം ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്ന ഭാഗമായ മതാഫ് സൗകര്യങ്ങള്‍ ഇരട്ടിയിലധികമാക്കിയതിനു പുറമേ കിങ് അബ്ദുല്ല എക്‌സ്പാന്‍ഷന്‍ എന്ന പേരില്‍ മക്ക മസ്ജിദുല്‍ ഹറാം വികസനങ്ങളും പൂര്‍ത്തിയാക്കി. ജിദ്ദ, മക്ക വിമാനത്താവളങ്ങളിലും പുണ്യനഗരികളിലേക്കുള്ള പാതകളിലും ലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version