പ്രവാസി ഇന്ത്യക്കാരുടെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഒറ്റ ദിവസം കൊണ്ട് അവസാനിക്കുന്നതല്ല. ആഗസ്റ്റ് 15 ചൊവ്വാഴ്ച ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളിലും വിദേശരാജ്യങ്ങളിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളുകളിലും പതാക ഉയര്‍ത്തലും ഔദ്യോഗിക ചടങ്ങുകളും ദേശഭക്തിഗാനാലാപനവും കലാപരിപാടികളും അരങ്ങേറിയപ്പോള്‍ വാരാന്ത്യ അവധിദിനത്തിനായി കാത്തിരിക്കുകയാണ് ജോലിക്കിടെ ഒഴിവ് ലഭിക്കാത്ത മറ്റു പ്രവാസികള്‍.
ഇന്നലെ ജോലിസമയത്തിനു ശേഷം രാത്രി വിവിധ പ്രവാസി സംഘടനകള്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഉള്‍പ്പെടെയുള്ള ഈ മാസത്തെ വാരാന്ത്യ അവധിദിനങ്ങളില്‍ നിരവധി പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ നിശ്ചയിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങള്‍ കൊണ്ട് അലങ്കരിച്ചത് പ്രവാസി ഇന്ത്യക്കാരുടെ ദേശാഭിമാനവും രാജ്യസ്‌നേഹവും വാനിലുയര്‍ത്തിയ അഭിമാനമുഹൂര്‍ത്തമായി. ഇതിന്റെ വീഡിയോ ബുര്‍ജ് ഖലീഫ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിടുകയും ചെയ്തു. ദേശീയഗാനമായ ജനഗണമനയുടെ പശ്ചാത്തലത്തില്‍ പ്ലേ ചെയ്യുന്നതുപോലെ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിച്ചിരിക്കുന്നു. തുടര്‍ന്ന് കെട്ടിടത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രവും ഒരു വാചകവും പ്രദര്‍ശിപ്പിച്ചത് കാണാം. ‘ഇന്ത്യ മാതാവിന് 77ാം സ്വാതന്ത്ര്യദിനാശംസകള്‍. ഇന്ത്യ-യുഎഇ സൗഹൃദം നീണാള്‍ വാഴട്ടെ. ഹര്‍ ഘര്‍ തിരംഗ. ജയ് ഹിന്ദ്.’
‘രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും വൈവിധ്യമാര്‍ന്ന സംസ്‌കാരവും ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യക്കാര്‍ക്ക് ആഹ്ലാദവും അഭിമാനവും നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു. പുരോഗതി, ഐക്യം, സമൃദ്ധി എന്നിവയാല്‍ ഇന്ത്യ തിളങ്ങിനില്‍ക്കട്ടെ. സ്വാതന്ത്ര്യദിനാശംസകള്‍!’ എന്ന കുറിപ്പോടെയാണ് ബുര്‍ജ് ഖലീഫയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെഇന്ത്യക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ചു. ‘ഇന്ത്യ അതിന്റെ 77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍, ഈ മഹത്തായ രാജ്യത്തിന്റെ നേതൃത്വത്തിനും ജനങ്ങള്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഈ സന്തോഷകരമായ അവസരത്തില്‍, സമൃദ്ധിയുടെയും വളര്‍ച്ചയുടെയും ഭാവി കെട്ടിപ്പടുക്കുന്നതിനും പരസ്പരബന്ധം പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുന്നതിനും രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങളുടെ പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നതിനുമുള്ള പ്രതിബദ്ധത യുഎഇ ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു. സ്വാതന്ത്ര്യദിനാശംസകള്‍, സ്വതന്ത്ര ദിവസ് ആശംസകള്‍! ‘-അദ്ദേഹം ട്വീറ്റ് ചെയ്തു.
സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളും ആശംസകള്‍ നേര്‍ന്നിരുന്നു. ഇന്ത്യന്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അഭിനന്ദന സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. യുഎഇയുടെ ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നെയാദി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യക്ക് ആശംസകള്‍ നേരുകയും അവിടെ നിന്ന് പകര്‍ത്തിയ ന്യൂഡല്‍ഹിയുടെ ചിത്രം പങ്കിടുകയും ചെയ്തത് ശ്രദ്ധേയമായി. മലയാളത്തിലും ഹിന്ദി, ഉറുദു, കന്നഡ, തമിഴ്, ബംഗാളി തുടങ്ങിയ ഭാഷകളിലും നമസ്‌കാരം എന്നെഴുതിയാണ് അദ്ദേഹം ഇംഗ്ലീഷിലുള്ള ആശംസകളോടൊപ്പം ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.